വിവരാവകാശ കമ്മീഷന് സിറ്റിംഗില്‍ കായംകുളം നഗരസഭാ ജീവനക്കാര്‍ക്ക് ശാസന
1544535
Tuesday, April 22, 2025 11:46 PM IST
ആലപ്പുഴ: വിവരാവകാശ നിയമപ്രകാരം ഫയലുകള്‍ സൂക്ഷിക്കുന്നതിലും വിവരങ്ങള്‍ സ്വമേധയാ വെളിപ്പെടുത്തുന്നതിലും വീഴ്ച കണ്ടെത്തിയതിനെത്തുടര്‍ന്ന് കായംകുളം നഗരസഭാ ജീവനക്കാര്‍ക്ക് വിവരാവകാശ കമ്മീഷണറുടെ ശാസനയും താക്കീതും. സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ഡോ. എ.എ. ഹക്കീമിന്റെ നേതൃത്വത്തില്‍ നടത്തിയ തെളിവെടുപ്പിലാണ് വീഴ്ചകള്‍ കണ്ടെത്തിയത്. നഗരസഭയില്‍ നിന്ന് ജനങ്ങള്‍ക്ക് ലഭ്യമാകുന്ന സേവനങ്ങള്‍ വിവരിക്കുന്ന പൗരാവകാശ രേഖ കാലികമായി പരിഷ്കരിക്കാത്തതും കമ്മീഷന്റെ വിമര്‍ശനത്തിനു കാരണമായി.
ഉദ്യോഗസ്ഥരുടെ വീഴ്ചകളും അലസതയും കാരണമായി ഭരണസമിതിയും ജനപ്രതിനിധികളും പരാതി കേള്‍ക്കേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കണം. വിവരാവകാശ അപേക്ഷകള്‍ കൈകാര്യം ചെയ്യുന്നതില്‍ നാല് ബോധനാധികാരികളുടെ പ്രവര്‍ത്തനങ്ങളില്‍ കമ്മീഷണര്‍ അതൃപ്തി അറിയിച്ചു.
ആര്‍ടിഐ നിയമം നാലാം വകുപ്പില്‍ 17 ഉപവകുപ്പുകളിലായി നിര്‍ദേശിക്കുന്ന കാര്യങ്ങളൊന്നും ഉദ്യോഗസ്ഥര്‍ നടപ്പില്‍ വരുത്തിയിട്ടില്ലെന്ന് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം കമ്മീഷനോട് സമ്മതിച്ചു. ഫയലുകള്‍ ഇനംതിരിച്ച് േസ്റ്റാക്ക് ചെയ്തിട്ടില്ല. അവയുടെ കാറ്റലോഗ് പ്രസിദ്ധീകരിച്ചിട്ടില്ല. നഗരസഭയിലെ അടിസ്ഥാന വിവരങ്ങള്‍, വികസന പ്രവര്‍ത്തനങ്ങള്‍, വ്യവസായ സ്ഥാപനങ്ങള്‍, ആരോഗ്യകേന്ദ്രങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വിനോദ കേന്ദ്രങ്ങള്‍, ആസ്തികള്‍, ഉദ്യോഗസ്ഥരുടെ ചുമതലകളും ശമ്പളവും തുടങ്ങി സ്വമേധയാ വെളിപ്പെടുത്തേണ്ട വിവരങ്ങളും ലഭ്യമാക്കിയിട്ടില്ല.
ഇവയെല്ലാം എത്രയും വേഗം ചട്ടപ്രകാരം സജ്ജമാക്കണമെന്നും ആ വിവരങ്ങള്‍ ആര്‍ക്കും ഏതു നേരവും ശേഖരിക്കാനാകുംവിധം കമ്പ്യൂട്ടര്‍ നെറ്റ് വര്‍ക്കില്‍ ലഭ്യമാക്കണമെന്നും കമ്മീഷണര്‍ നിര്‍ദേശിച്ചു. അതിനായി സെക്രട്ടറി എസ്. സനില്‍ ഒരുമാസത്തെ സാവകാശം ആവശ്യപ്പെട്ടു. കമ്മീഷണര്‍ 21 ദിവസം അനുവദിച്ചു. പൗരാവകാശ രേഖ കാലികമാക്കി ഉടന്‍ പ്രസിദ്ധീകരിക്കണം.
സുപ്രീംകോടതിയുടെ നിര്‍ദേശമുള്ളതിനാല്‍ ഈ ഉത്തരവാദിത്വം നിര്‍വഹിക്കാതിരുന്ന 2018 മുതലുള്ള ഉദ്യോഗസ്ഥരുടെ പേരും വിശദാംശവും സെക്രട്ടറി സമര്‍പ്പിക്കണം. അവരിലെ കുറ്റക്കാര്‍ക്കെതിരേ വിവരാവകാശ നിയമപ്രകാരം ശിക്ഷാനടപടി സ്വീകരിക്കുമെന്നും കമ്മീഷണര്‍ അറിയിച്ചു. നിര്‍ദേശങ്ങള്‍ സമയബന്ധിതമായി നടപ്പില്‍ വരുത്തി റിപ്പോര്‍ട്ട് മേയ് 20നകം ലഭ്യമാക്കണമെന്നും കമ്മീഷണര്‍ ഉത്തരവായി. സിറ്റിംഗില്‍ ചേരാവള്ളി രാമചന്ദ്രന് ആചാരി, ഐക്യജംഗ്ഷന് ഞാവക്കാട്ട് നൗഷാദ് എന്നിവരുടെ പരാതികള്‍ തീര്‍പ്പാക്കി.