കാത്തിരിപ്പിനൊടുവിൽ കൊറ്റാര്‍കാവില്‍ റോഡ്
1544838
Wednesday, April 23, 2025 11:57 PM IST
മാവേലിക്കര: കോട്ടത്തോടിനു മുകളില്‍ കോണ്‍ക്രീറ്റ് സ്ലാബ് സ്ഥാപിച്ച് മില്‍ക് സൊസൈറ്റി കൊറ്റാര്‍കാവ് എസ്എന്‍ഡിപി മന്ദിരം റോഡ് നിര്‍മാണം യാഥാര്‍ഥ്യമാകുമെന്ന പ്രതീക്ഷ സജീവമാകുന്നു. മൈനര്‍ ഇറിഗേഷന്‍ വകുപ്പ് അനുവദിച്ച 20 ലക്ഷം രൂപ വിനിയോഗിച്ചുള്ള നിര്‍മാണ പ്രവര്‍ത്തനം തുടങ്ങി. മൊത്തം 81 മീറ്റര്‍ ഭാഗത്തുകൂടി കോണ്‍ക്രീറ്റ് സ്ലാബ് സ്ഥാപിച്ചാല്‍ സൊസൈറ്റി കൊറ്റാര്‍കാവ് എസ്എന്‍ഡിപി മന്ദിരം റോഡ് പൂര്‍ത്തിയാകും.
20 ലക്ഷം രൂപ വിനിയോഗിച്ചു 28 മീറ്റര്‍ ഭാഗത്താണ് നിലവില്‍ നിര്‍മാണം ആരംഭിച്ചിരിക്കുന്നത്. കോട്ടത്തോടിന്റെ അടിവശത്തു ചെളി നീക്കം ചെയ്തു കോണ്‍ക്രീറ്റ് ചെയ്യുന്ന ജോലികള്‍ തുടങ്ങി. തോടിന് ഇരുവശങ്ങളിലും ഭിത്തി നിര്‍മിച്ച് ഇതിനു മുകളില്‍ കോണ്‍ക്രീറ്റ് സ്ലാബ് സ്ഥാപിക്കുന്നതാണ് നിര്‍മാണം. ആറുമാസം കാലയളവാണ് നിര്‍മാണത്തിനായി അനുവദിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ അരക്കോടി രൂപ കോട്ടത്തോട് നവീകരണത്തിനായി അനുവദിച്ചിട്ടുണ്ട്.
ഈ തുക ഉപയോഗിച്ചു 53 മീറ്റര്‍ ഭാഗം കൂടി നിര്‍മാണം പൂര്‍ത്തിയാക്കിയാല്‍ മില്‍ക് സൊസൈറ്റി ഭാഗത്തു നിന്നു കിഴക്കോട്ടു തോണ്ടലില്‍ ചിറയില്‍ ഭാഗത്തു കൂടി കൊറ്റാര്‍കാവില്‍ എത്തുന്ന റോഡ് എന്ന സ്വപ്നം യാഥാര്‍ഥ്യമാകും. മില്‍ക് സൊസൈറ്റി ഭാഗത്തു നിന്നു കിഴക്കോട്ടു മീറ്ററുകളോളം ഭാഗത്തു സ്ലാബ് നിര്‍മാണം വിവിധ ഫണ്ട് ഉപയോഗിച്ചു വിവിധ ഘട്ടങ്ങളായി പൂര്‍ത്തീകരിച്ചിട്ടുണ്ട്.