ചെങ്ങന്നൂര്‍ താലൂക്കില്‍ കാട്ടുപന്നിയുടെ വിളയാട്ടം
1543991
Sunday, April 20, 2025 11:30 PM IST
ചെങ്ങന്നൂര്‍: താലൂക്കില്‍ കാട്ടുപന്നികളുടെ വിളയാട്ടം മൂലം കര്‍ഷകര്‍ ദുരിതക്കയത്തില്‍. ആല പഞ്ചായ ത്തില്‍ കാട്ടുപന്നി ശല്യം രൂക്ഷമായി തുടരുന്നു. 9-ാം വാര്‍ഡില്‍ വ്യാപകമായി കൃഷി നശിപ്പിച്ച കാട്ടുപന്നികള്‍ കര്‍ഷകരുടെ ഉറക്കം കെടുത്തുകയാണ്. അധികൃതര്‍ ഷൂട്ടര്‍മാരെ തേടിയെങ്കിലും ഇതുവരെ ആരെയും ലഭിച്ചിട്ടില്ല.
വ്യാപക കൃഷിനാശം
കഴിഞ്ഞദിവസം ആല പഞ്ചായത്തിലെ 9-ാം വാര്‍ഡില്‍ കാട്ടുപന്നികള്‍ വലിയ നാശനഷ്ടം വരുത്തി. കിടായികുഴിയില് രാജന്റെ 25 ഏത്തവാഴ, 30 മൂട് ചേന, ആമചാത്രയില് എ.സി. തോമസിന്റെ 50 മൂട് ചേന, 15 മൂട് ചേമ്പ്, പൂവപ്പുള്ളില് സണ്ണി തോമസിന്റെ 20 ഏത്തവാഴ, പൂവപ്പള്ളില്‍ പി.ഒ. ജോണിന്റെ 10 ഏത്തവാഴ, തെക്കേത്തെരുവില്‍ ജിനുവിന്റെ 15 ഏത്തവാഴ, 100 മൂട് കപ്പ, ആറാംവാര്‍ഡില്‍ രജിഭവനില്‍ രാമചന്ദ്രന്‍പിള്ളയുടെ 50 ഏത്തവാഴ എന്നിവ കാട്ടുപന്നികള്‍ നശിപ്പിച്ചു.
മുളക്കുഴയില്‍
ഒരാള്‍ക്കു പരിക്ക്
മുളക്കുഴയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഒരാള്‍ക്കു പരിക്കേറ്റു. മുളക്കുഴ കുഴിയില്‍ പൊയ്കയില്‍ സന്തോഷി(53)നാണ് വലതുകാലിനു പരിക്കേറ്റത്. കഴിഞ്ഞദിവസം രാത്രിയില്‍ പൂപ്പന്‍കര ശിശുവിഹാര്‍ റോഡിലായിരുന്നു സംഭവം. റോഡിനോടു ചേര്‍ന്നുള്ള കാടിനു സമീപത്തുനിന്ന് പട്ടികുരയ്ക്കുന്നത് നോക്കിയപ്പോള്‍ പന്നി ചാടിയിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ സന്തോഷ് തെറിച്ചുവീണു. പരിക്ക് പറ്റിയതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സതേടി. മുളക്കുഴ പഞ്ചായത്ത് 15-ാം വാര്‍ഡില്‍ കഴിഞ്ഞ രാത്രിയിലും വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു. പാലനില്‍ക്കുന്നതില്‍ തോമസ് വര്‍ഗീസിന്റെ ഏത്തവാഴകള്‍ നശിപ്പിച്ച നിലയില്‍ കണ്ടെത്തി. കൃഷി ചെയ്യാന്‍ തുടങ്ങുമ്പോള്‍ത്തന്നെ കുത്തിമറിക്കുകയാണെന്ന് കര്‍ഷകര്‍ പറയുന്നു.
ഇടനാട്, പുത്തന്‍കാവ്, ചെറിയനാട്, വെണ്മണി പ്രദേശങ്ങളിലും
ശല്യം രൂക്ഷം
ചെങ്ങന്നൂര്‍ താലൂക്കിലെ ഇടനാട്, പുത്തന്‍കാവ്, ചെറിയനാട്, വെണ്മണി എന്നിവിടങ്ങളിലും കാട്ടുപന്നി ശല്യം രൂക്ഷമാണ്. വെണ്മണിയില് ഷൂട്ടറെ നിയോഗിച്ച് കാട്ടുപന്നികളെ കൊന്നിരുന്നുവെങ്കിലും കാട്ടുപന്നികളെ തുരത്താനുള്ള ശ്രമം പൂര്‍ണമായും വിജയിച്ചില്ല. ചെങ്ങന്നൂര്‍ നഗരസഭയിലെ ഇടനാട്ടില് ഏക്കര്‍ കണക്കിന് വിളനാശം വരുത്തി കാട്ടുപന്നികള്‍ സൈ്വരവിഹാരം നടത്തുന്നത് കര്‍ഷകര്‍ക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. കുറച്ചുനാള്‍ മുന്‍പ് ചെങ്ങന്നൂര്‍ നഗരസഭയുടെ നേതൃത്വത്തില്‍ പന്നികളെ തുരത്താന്‍ വനംവകുപ്പിനെ പങ്കെടുപ്പിച്ച് യോഗം ചേര്‍ന്നെങ്കിലും കാര്യമായ ഫലമുണ്ടായില്ല.
ചെറിയനാട് ജെബി സ്കൂളിന്റെ ജീര്‍ണിച്ച കെട്ടിടഭാഗത്തും ചെറിയനാട് പഞ്ചായത്തിനു സമീപമുള്ള പാം വ്യൂ ഫിലിപ്പിന്റെ കാടുപിടിച്ച് കിടക്കുന്ന പുരയിടത്തിലും പന്നിക്കൂട്ടങ്ങള്‍ താവളമാക്കിയിരിക്കുകയാണ്. ഏഴു മാസങ്ങള്‍ക്ക് മുന്‍പ് വെണ്മണി-കൊല്ലകടവ് റോഡില്‍ ആശ്രമംപടിക്കു സമീപം പന്നിക്കൂട്ടങ്ങളെ യാത്രക്കാര്‍ കണ്ടു. ഓടിവന്ന കാറില്‍ കാട്ടുപന്നിയിടിച്ച് കാറിന്റെ മുന്‍ഭാഗം തകരുകയും ചെയതിരുന്നു.
ജീവനും ഭീഷണി
വ്യാപക കൃഷിനാശത്തിനു പുറമേ ജനങ്ങളുടെ ജീവനും കാട്ടുപന്നികള്‍ ഭീഷണിയാകുകയാണ്. രാത്രിയുടെ മറവില്‍ കൂട്ടമായെത്തുന്ന കാട്ടുപന്നികള്‍ രാത്രി യാത്രക്കാരായ ഇരുചക്ര വാഹനക്കാര്‍ക്കും കാല്‍നടക്കാര്‍ക്കുമാണ് ഏറെ ഭീഷണിയുയര്‍ത്തുന്നത്. റോഡരികിലെ വീട്ടുമുറ്റത്തും പരിസരങ്ങളിലും ഇവ കൂട്ടമായെത്തുന്നതിനാല്‍ ആളുകള്‍ക്ക് രാത്രി പുറത്തിറങ്ങാന്‍ ഭയമാണ്.
ഇടനാട് എന്‍എസ്എസ് കരയോഗം വക മൂന്നര ഏക്കർ കരകൃഷയും കാട്ടുപന്നികള്‍ നശിപ്പിച്ചിരുന്നു. വാഴകള്‍, ചേമ്പ്, കാച്ചില്, തെങ്ങിന് തൈകള്‍ എന്നിവയാണ് വ്യാപകമായി നശിപ്പിക്കപ്പെടുന്നത്. ലക്ഷക്കണക്കിനു രൂപയുടെ നാശനഷ്ടമുണ്ടായതായി കണക്കാക്കുന്നു. മാസങ്ങള്‍ക്ക് മുന്‍പ് പള്ളിക്കല്‍ പി.കെ. ചെറിയാന്റെയും അയല്‍വാസിയായ ഹരികുമാറിന്റെയും പുരയിടത്തിലെ തെങ്ങിന്‍തൈകളും ചേന, ചേമ്പ് തുടങ്ങിയ കാര്‍ഷികവിളകളും നശിപ്പിച്ചിരുന്നു.
കൂടാതെ വരട്ടാറിനോട് ചേര്‍ന്നുകിടക്കുന്ന ഏക്കറുകണക്കിന് കൃഷിയിടങ്ങളിലെ തെങ്ങിന് തൈകളും മരച്ചീനികളുമടക്കമുള്ള വിളകള്‍ നശിപ്പിച്ചിരുന്നു. പള്ളിക്കല്‍ ബാബുവിന്റെ കായ്ഫലമാകാറായ തെങ്ങുകളും തെങ്ങിന്‍തൈകളും മരച്ചീനികളുമാണ് പൂര്‍ണമായും പിഴുതുകളഞ്ഞത്. വെങ്ങാലില്‍ വി.സി. ജോര്‍ജിന്റെ പുരയിടത്തിലെ വിളവെടുക്കാറായ മരച്ചീനികളും നശിപ്പിച്ചിരുന്നു.
പുത്തന്‍കാവ് തെക്കെടത്ത് നാലുഴത്തില്‍ ടി.എ. ഏബ്രഹാമിന്റെ കൃഷിയിടത്തിലെയും പുത്തന്‍കാവ്, മുളക്കുഴ, അങ്ങാടിക്കല്‍, ഗവ. ഐടിഐ, ആഞ്ഞിലിമൂട് പ്രദേശത്തെയും മരച്ചീനിയുള്പ്പെടെ വന്‍തോതില്‍ കാട്ടുപന്നികള്‍ നശിപ്പിച്ചിട്ടുണ്ട്. രാത്രിയില്‍ കൂട്ടത്തോടെയെത്തിയാണ് ഇവ നാശം വിതയ്ക്കുന്നത്.
കൃഷി ഉപേക്ഷിക്കാന്‍
കര്‍ഷകര്‍
താലൂക്കിലെ തരിശുകിടക്കുന്ന പാടത്തും കൃഷി ചെയ്യാതെ കാടുപിടിച്ചു കിടക്കുന്ന പറമ്പുകളിലും ഒഴുക്കു നിലച്ച ഉത്തരപള്ളിയാറിന്റെ തീരത്തെ കാടുകളിലുമാണ് കാട്ടുപന്നികള്‍ താവളമാക്കുന്നത്.
കടം വാങ്ങിയും പലിശയ്ക്കെടുത്തും കൃഷിയിറക്കുന്ന കാര്‍ഷിക വിളകള്‍ക്ക് തുടര്‍ച്ചയായുണ്ടാകുന്ന നഷ്ടം നികത്താനാകാതെ കര്‍ഷകര്‍ വലയുകയാണ്. ഈ സാഹചര്യത്തില്‍ കൃഷി ഉപേക്ഷിക്കാന്‍ കൃഷിക്കാര്‍ നിര്‍ബന്ധിതരാവുകയാണ്. അധികൃതര്‍ കാട്ടുപന്നികളെ തുരത്താന്‍ എന്ത് നടപടിയാണ് സ്വീകരിക്കുകയെന്ന് കാത്തിരിക്കുകയാണ് കര്‍ഷകര്‍.
വെടിവച്ചുകൊല്ലാന്‍ 1500, സംസ്കരിക്കാന്‍ 2000
കേരളത്തില്‍ കാട്ടുപന്നികളുടെ ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍, അവയെ കൊന്നൊടുക്കുന്നവര്‍ക്കുള്ള ഓണറേറിയം വര്‍ധിപ്പിച്ചു. അംഗീകൃത ഷൂട്ടര്‍മാര്‍ക്ക് കാട്ടുപന്നികളെ വെടിവച്ചു കൊല്ലുന്നതിന് 1500 രൂപയും ജഡം സംസ്കരിക്കുന്നതിന് 2000 രൂപയും നല്‍കും. പഞ്ചായത്തുകളാണ് അംഗീകൃത ഷൂട്ടര്‍മാരെ ഇതിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്.
നേരത്തേ, ഇതിനുള്ള തുക പഞ്ചായത്തുകളുടെ ഫണ്ടില്‍നിന്നാണ് നല്‍കിയിരുന്നത്. ഇത് പഞ്ചായത്തുകള്‍ക്ക് സാമ്പത്തിക ബാധ്യത ഉണ്ടാക്കിയിരുന്നു.
എന്നാല്‍, മനുഷ്യ-വന്യജീവി സംഘര്‍ഷം സംസ്ഥാനം സവിശേഷ ദുരന്തമായി പ്രഖ്യാപിച്ച സാഹചര്യത്തില്‍, ഇത്തരം പ്രതിരോധ നടപടികള്ക്കുവേണ്ടിവരുന്ന തുക സംസ്ഥാന ദുരന്തപ്രതികരണ നിധിയില്‍ (എസ്ഡിആര്‍എഫ്) നിന്ന് ചെലവഴിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദേശം നല്കി. ഇതിന്റെ അടിസ്ഥാനത്തില്‍, ദുരന്ത നിവാരണ അഥോറിറ്റിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം തുക എസ്ഡിആര്‍എഫ് ഫണ്ടില്‍നിന്ന് പഞ്ചായത്തുകള്‍ക്ക് അനുവദിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
പ്രതികരണം
ആല പഞ്ചായത്തില്‍ കാട്ടുപന്നി ശല്യം രൂക്ഷമാണ്. പ്രധാനമായും ഒന്‍പത്, ഏഴ്, നാല്, പന്ത്രണ്ട് എന്നീ വാര്‍ഡുകളിലാണ് പന്നികളുടെ ആക്രമണം മൂലം കൃഷിനാശം സംഭവിച്ചിട്ടുള്ളത്. രാത്രികാലങ്ങളില്‍ ആളുകള്‍ക്ക് സഞ്ചരിക്കാന്‍ പറ്റാത്ത സ്ഥിതിവിശേഷമാണ്. കഴിഞ്ഞ ദിവസം കൂടിയ പഞ്ചായത്ത് കമ്മിറ്റിയില്‍ പന്നികളെ പിടികൂടുന്നതിന് ലൈസന്‍സുള്ള ഷൂട്ടറെ നിയമിക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളുന്നതിന് തീരുമാനിച്ചിട്ടുണ്ട്.
കെ.ആര്. മുരളീധരന്‍പിള്ള (ആല പഞ്ചായത്ത് പ്രസിഡന്റ്)
സമീപ ദിവസങ്ങളിലായി ഇവിടത്ത് കര്‍ഷകര്‍ക്ക് കാട്ടുപന്നിയുടെ ആക്രമണം മൂലം വളരെയധികം നഷ്ടങ്ങളാണ് ഉണ്ടായിട്ടുള്ളത്. പ്ര ധാന കാരണം ഇവിടെ പന്നിയെ കൊല്ലാനുള്ള ഷൂട്ടറില്ല. സമീപ പ്രദേശങ്ങളായ വെണ്മണിയിലും മുളകുഴയിലും അതിനുള്ള സംവിധാനമുണ്ട്. ഷൂട്ടറെ വയ്ക്കുന്നതിനുള്ള ഒരു നടപടിയും പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് ഇതുവരെ ഉണ്ടായിട്ടില്ല, ഫോറസ്റ്റിന്റെ സഹായവും ആവശ്യമായിട്ടുണ്ട്. വേനല്‍ കാലത്ത് ജലത്തിന്റെ ലഭ്യത കുറവായിട്ടും അതിനെ തരണം ചെയ്താണ് ഇവിടത്തെ കര്‍ഷകര്‍ കൃഷി ചെയ്യുന്നത്. പല കര്‍ഷകരും ലോണ്‍ എടുത്താണ് കൃഷി തുടങ്ങിയിരിക്കുന്നത് ഇവരുടെ ദുരിതത്തിന് അടിയന്തര പരിഹാരം പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണം.
കെ. അനൂപ് (ആല പഞ്ചായത്ത് ഒന്‍പതാം വാര്‍ഡ് മെംബര്‍)
ആയിരം മൂട് വാഴ, 1700 മൂട് കപ്പ, ചേന എന്നിവയാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. സമീപ ദിവസങ്ങളിലുണ്ടായ പന്നിയുടെ ആക്രമണത്തില്‍ നിരവധി എത്തവാഴകളും ചേനകളുമാണ് നശിപ്പിക്കപ്പെട്ടത്. പന്നികളെ പിടികൂടുന്നതിനുള്ള അടിയന്തര നടപടി പഞ്ചായത്ത് അധികൃതര്‍ കൈക്കൊണ്ടില്ലെങ്കില്‍ കൃഷി പൂര്‍ണമായും ഉപേക്ഷിക്കേണ്ട ഗതികേടാണ് ഉണ്ടായിരിക്കുന്നത്.
രാജന് കിടായിക്കുഴിയില് ആല (കര്ഷകന്)
2018ലെ പ്രളയത്തെത്തുടര്‍ന്ന് ആലപ്പുഴ ജില്ലയില്‍ കാട്ടുപന്നികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചു. കൃഷി ചെയ്യാത്ത പാടശേഖരങ്ങളും പറമ്പുകളുമാണ് ഇവയുടെ പ്രധാന താവളങ്ങള്‍. മനുഷ്യജീവനും സ്വത്തിനും ഭീഷണിയായ ഈ സാഹചര്യത്തില്‍, 1972ലെ വന്യജീവി (സംരക്ഷണ) നിയമത്തിലെ 4(1) (ബിബി) വകുപ്പ് പ്രകാരം പഞ്ചായത്ത് പ്രസിഡന്റിനെ ഓണററി വൈല്‍ഡ് ലൈഫ് വാര്‍ഡനായി സര്‍ക്കാര്‍ 2022ല്‍ നിയമിച്ചു. ഉപദ്രവകാരികളായി നാട്ടിലിറങ്ങുന്ന കാട്ടുപന്നികളെ ലൈസന്‍സുള്ള ഷൂട്ടര്‍മാരെ ഉപയോഗിച്ച് വെടിവച്ച് കൊല്ലാന്‍ പ്രസിഡന്റിന് അധികാരമുണ്ട്. എന്നാല്‍, വിഷം ഉപയോഗിച്ചോ, സ്ഫോടകവസ്തുക്കള്‍ ഉപയോഗിച്ചോ, ഷോക്കേല്‍പ്പിച്ചോ കാട്ടുപന്നികളെ കൊല്ലാന്‍ പാടില്ല.
പി.കെ. രാജേഷ് (റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍)