തോടുകളുടെ ശുചീകരണം വൈകുന്നു; നഗരം വെള്ളപ്പൊക്ക ഭീതിയില്‍
1543998
Sunday, April 20, 2025 11:30 PM IST
ആലപ്പുഴ: നഗരത്തിലെ പ്രധാന തോടുകളും കാനകളും വൃത്തിയാക്കാത്തത് വെള്ളപ്പൊക്കത്തിനിടയാക്കുമെന്ന് ആശങ്ക. മുന്‍ വര്‍ഷങ്ങളില്‍ മാര്‍ച്ച് 31നു മുമ്പ് റാണി, ഷഡാമണി തോടുകള്‍ ശുചിയാക്കാറുണ്ടെങ്കിലും ഇത്തവണ അതുണ്ടായില്ല.
ദേശീയപാതയിലെയും പൊതുമരാമത്ത് വകുപ്പ് റോഡുകളിലെയും കാനകളിൽ ചെളിയും മാലിന്യവും നിറഞ്ഞിരിക്കുക യാണ്. നഗരസഭയുടെ സഹകരണത്തോടെ ഇവ നീക്കം ചെയ്യുകയാണ് പതിവ്. ഇത്തവണ മാലിന്യം പൂര്‍ണമായി നീക്കിയില്ലെന്നു മാത്രമല്ല, ഇതിനായി യോഗം പോലും ചേര്‍ന്നിട്ടില്ല. കാലവര്‍ഷത്തിനു മുമ്പ് ശുചീകരണം പൂര്‍ണമായി നടപ്പാക്കിയില്ലെങ്കില്‍ ആലപ്പുഴ നഗരം വെള്ളത്തിലാകുമെന്ന കാര്യത്തില്‍ സംശയമില്ല. നഗരസഭ ബജറ്റില്‍ തുക ഉള്‍പ്പെടുത്തിയെങ്കിലും അത് പല കടമ്പകള്‍ കടന്ന് കൈയില്‍ കിട്ടണമെങ്കില്‍ ജൂണ്‍ ആകും. അതുകൊണ്ടുതന്നെ കാലവര്‍ഷത്തിനു മുമ്പ് നഗരത്തിലെ തോടുകളും കാനകളും വൃത്തിയാക്കുകയെന്നത് അസാധ്യമാണ്. ഒരോ വാര്‍ഡിലും ഒന്നോ, രണ്ടോ കാനകളോ തോടുകളോ ശുചീകരിക്കാനുണ്ടാവും.
എന്നാല്‍, ഇതുമായി ബന്ധപ്പെട്ട് കൗണ്‍സിലര്‍മാരുടെ അഭിപ്രായം തേടുകയോ എസ്റ്റിമേറ്റ് എടുക്കാനുള്ള അറിയിപ്പോ ഇതുവരെ നല്‍കിയിട്ടില്ല. ഓരോ വാര്‍ഡിനും എത്ര തുക ചെലവഴിക്കേണ്ടിവരുമെന്നുപോലും ധാരണയിലെത്തിയിട്ടില്ലെന്നാണ് കൗണ്‍സിലര്‍മാര്‍ പറയുന്നത്.