സൗകര്യങ്ങളില്ലാതെ ചെറിയനാട് റെയിൽവേ സ്റ്റേഷൻ
1544837
Wednesday, April 23, 2025 11:57 PM IST
ചെറിയനാട്: ഇരുട്ടുവീണാല്‍ ചെറിയനാട് റെയില്‍വേ സ്റ്റേഷനിലിറങ്ങുന്ന യാത്രക്കാര്‍ ഭയത്തിലാണ്. റെയില്‍വേ സ്റ്റേഷന് റോഡിലോ സമീപപ്രദേശങ്ങളിലോ വെളിച്ചമില്ല. എറണാകുളം -കൊല്ലം മെമുവിനും നാഗര്‍കോവില്‍ -കോട്ടയം എക്സ്പ്രസിനുമാണ് അടുത്തിടെ ചെറിയനാട് സ്റ്റോപ്പ് അനുവദിച്ചത്. കൂടുതല്‍ തീവണ്ടികള്‍ക്ക് സ്റ്റോപ്പ് അനുവദിക്കുമ്പോഴും സ്റ്റേഷനിലെത്തുന്ന യാത്രക്കാര്‍ക്ക് അടിസ്ഥാനസൗകര്യമില്ല.
ചെറിയനാട് സ്റ്റേഷന് അവഗണനയുടെ പാതയില്‍ കിടക്കാന്തുടങ്ങിയിട്ട് ഏറെനാളായി. സ്റ്റേഷനു ചുറ്റുമായി വലിയതോതിലാണ് കാടുവളര്‍ന്നിരിക്കുന്നത്. റെയില്‍വേ ബജറ്റുകളില്‍ ഒട്ടേറെ പദ്ധതികള്‍ ചെറിയനാട് സ്റ്റേഷനായി പ്രഖ്യാപിച്ചെങ്കിലും ഒന്നും ട്രാക്കിലായില്ല. റെയില്‍വേക്ക് ഇവിടെ 36 ഏക്കര്‍ ഭൂമിയുണ്ട്. ഇതുപയോഗപ്പെടുത്താനുള്ള പദ്ധതിയൊന്നും തുടങ്ങിയിട്ടില്ല.
ചെങ്ങന്നൂരിന്റെ സാറ്റലൈറ്റ് സ്റ്റേഷനായി ചെറിയനാടിനെ മാറ്റണമെന്ന നിര്‍ദേശം റെയില്‍വേയുടെ മുന്നിലുണ്ടായിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. പുലര്‍ച്ചെയുള്ള തീവണ്ടിയില്പ്പോകാന് റെയില്‍വേ സ്റ്റേഷന് റോഡിലൂടെയുള്ള യാത്ര കഠിനമാണ്. ആവശ്യത്തിനു വെളിച്ചമില്ല, റോഡില്‍ കുഴികളും. മഴക്കാലത്താണ് ദുരിതമേറെയും. റോഡരികില്‍ മാലിന്യംതള്ളുന്നതായ പരാതിയുമുണ്ട്.
സ്റ്റേഷന്‍പരിസരത്തെ അപകടാവസ്ഥയില്‍ നില്ക്കുന്ന മരങ്ങളും യാത്രക്കാര്‍ക്കു ഭീഷണിയാണ്. യാത്രക്കാരുടെ സുരക്ഷയെ മുന്‍നിര്‍ത്തി റോഡ് എത്രയുംവേഗം നവീകരിക്കണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.