ഹൈബ്രിഡ് കഞ്ചാവ് കേസ്: ശ്രീനാഥ് ഭാസിക്കും ഷൈന്‍ ടോം ചാക്കോയ്ക്കും നോട്ടീസ് അയയ്ക്കും
1544542
Tuesday, April 22, 2025 11:47 PM IST
ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നടന്മാരായ ശ്രീനാഥ് ഭാസിക്കും ഷൈന്‍ ടോം ചാക്കോയ്ക്കും നോട്ടീസ് അയയ്ക്കും. പ്രതികള്‍ക്ക് താരങ്ങളെ അറിയാം എന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. പ്രതികള്‍ താരങ്ങളുമായി ബന്ധപ്പെട്ടതിന്റെ തെളിവുകളും എക്സൈസിനു ലഭിച്ചു.
ഹൈബ്രിഡ് കഞ്ചാവ് കേസിലെ മുഖ്യപ്രതി തസ്ലീമ സുല്‍ത്താനെ അറിയാമെന്നാണ് കൊച്ചിയില്‍ അന്വേഷണ സംഘത്തോട് ഷൈന്‍ ടോം ചാക്കോ പറഞ്ഞത്. എട്ടു വര്‍ഷത്തിലധികമായി ഷൈനുമായി ബന്ധമുണ്ടെന്നാണ് തസ്ലീമയുടെയും മൊഴി. സിനിമാ മേഖലയില്‍ പലര്‍ക്കും ലഹരി വിതരണം ചെയ്തെന്നും തസ്ലീമ എക്സൈസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ഹൈബ്രിഡ് കഞ്ചാവ് കേസില്‍ സിനിമാതാരങ്ങളെ കൂടി ഉടന്‍ ചോദ്യം ചെയ്യാന്‍ എക്സൈസ് നീങ്ങുന്നത്.
അടുത്തയാഴ്ച നോട്ടീസ് നല്കി വിളിച്ചുവരുത്താനാണ് തീരുമാനം. സിനിമാമേഖലയില്‍ ലഹരി എത്തിച്ചു നല്‍കിയതില്‍ പ്രധാനിയാണ് തസ്ലീമ എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഇക്കാര്യങ്ങളടക്കം താരങ്ങളില്‍നിന്ന് ചോദിച്ചറിയും.
സിനിമാ മേഖലയിലെ തസ്ലീമയുടെ ബന്ധം അടക്കം ലഹരി ഇടപാടിന്റെ കൂടുതല്‍ കണ്ണികളെ പുറത്തുകൊണ്ടുവരാന്‍ കഴിയുമെന്നാണ് എക്സൈസ് സംഘത്തിന്റെ പ്രതീക്ഷ. പിടിയിലാകുന്നതിനു മുന്‍പും ഹൈബ്രിഡ് കഞ്ചാവ് താരങ്ങള്‍ക്ക് നല്‍കിയോ എന്നും എക്സൈസ് സംശയിക്കുന്നുണ്ട്.
ശ്രീനാഥ് ഭാസിയോട് ഹൈബ്രിഡ്
കഞ്ചാവ് വേണമോയെന്ന് ചോദിച്ചു,
വെയിറ്റ് എന്ന് മറുപടി; ചാറ്റ് പുറത്ത്
ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് കേസില്‍ പിടിയിലായ തസ്ലീമ സുല്‍ത്താനയുടെ ഫോണിലെ ചാറ്റ് വിവരങ്ങള്‍ പുറത്ത്. ശ്രീനാഥ് ഭാസിയോട് ഹൈബ്രിഡ് വേണമോ എന്ന് ചോദിച്ചത് ചാറ്റിലുണ്ട്. വെയിറ്റ് എന്നായിരുന്നു ശ്രീനാഥ് ഭാസിയുടെ മറുപടി.
അറസ്റ്റിലാകുന്നതിന് രണ്ടുദിവസം മുന്‍പുള്ള തസ്ലീമയുടെ ഫോണിലെ ചാറ്റ് വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. എന്നാല്‍, ഷൈന്‍ ടോം ചാക്കോയുമായുള്ള ചാറ്റ് ഡിലീറ്റ് ചെയ്തനിലയിലാണ്.
അതേസമയം ഹൈബ്രിഡ് കഞ്ചാവ് കേസില്‍ പ്രതികളുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. സ്വര്‍ണക്കടത്ത് കേസില്‍ ഇതിനു മുന്‍പ് അറസ്റ്റിലായ വിശദാംശങ്ങള്‍ തസ്ലീമ പങ്കുവച്ചിട്ടുണ്ട്.
2017ല്‍ ഡൽഹിയില്‍നിന്ന് സ്വര്‍ണം കടത്തുന്നതിനിടയിലാണ് തസ്ലീമ പിടിയിലാകുന്നത്. ഈ കേസില്‍ ഇവര്‍ അഞ്ചു ദിവസം തിഹാര്‍ ജയിലില്‍ കിടന്നിരുന്നു. നടന്മാരെ സംബന്ധിച്ച വിശദാംശങ്ങളും തസ്ലീമ പങ്കുവച്ചിട്ടുണ്ട്. ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ എന്നിവരുമായി ലഹരി വില്പനയ്ക്ക് അപ്പുറമുള്ള അടുത്ത ബന്ധമുണ്ടെന്നാണ് മൊഴി. കേസില്‍ താരങ്ങള്‍ക്ക് ഈ ആഴ്ചതന്നെ എക്സൈസ് നോട്ടീസ് നല്‍കും.