ആലപ്പുഴ ജനറൽ ആശുപത്രിയിൽ പച്ചപ്പിന്റെ പുതുനാന്പുകൾ കണ്ട് കൺകുളിർക്കാം
1544546
Tuesday, April 22, 2025 11:47 PM IST
ആലപ്പുഴ: ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തുന്നവർ അതിന്റെ പരിസരമാകെ വീക്ഷിച്ചാൽ പച്ചപ്പിന്റെ പുതുനാമ്പുകൾ കണ്ട് കൺകുളിർക്കും. ആശുപത്രിയെ പ്രകൃതി സൗഹൃദമാക്കാനൊരുങ്ങിയ ജീവനക്കാരുടെ പ്രയത്നമവിടെ കാണാം. അതിന് പ്രകൃതി നൽകുന്ന പുഞ്ചിരിപോലെ പൊട്ടിക്കിളിർക്കുന്ന പുതുനാമ്പുകൾ. പച്ചക്കറികൃഷി തോട്ടം, ഹെർബൽ ഗാർഡൻ, പൂന്തോട്ടം എന്നിവയൊക്കെയും അവിടെ തയാറാണ്. ആശുപത്രിയും പരിസരവും വൃത്തിയായി സൂക്ഷിച്ചും പ്രകൃതിസൗഹൃദമാക്കി മനോഹാരിത വർധിപ്പിച്ചുമാണ് പരിശ്രമം.
സാധാരണക്കാരന് മികച്ച ചികിത്സ ഉറപ്പാക്കുന്നതിനൊപ്പം അവർക്ക് പ്രകൃതിസൗഹൃദ പരിസരമൊരുക്കലാണ് തങ്ങളുടെ ലക്ഷ്യമെന്ന് നേതൃത്വം നൽകുന്ന ആശുപത്രി സൂപ്രണ്ട് ഡോ. സന്ധ്യ ആർ. പറയുന്നു. ആലപ്പുഴ നഗരസഭയിൽ പ്രവർത്തിക്കുന്ന ആശുപത്രിക്ക് എല്ലാ കാര്യത്തിലും മികച്ച പിന്തുണയാണ് നഗരസഭാധികൃതർ നൽകുന്നത്.
കഴിഞ്ഞ മാർച്ചിൽ എ പ്ലസ് ഹരിത ആശുപത്രി എന്ന അംഗീകാരവും ജനറൽ ആശുപത്രിയെ തേടിയെത്തി. കാടുപിടിച്ചു കിടന്ന ആശുപത്രി പരിസരം ജീവനക്കാരുടെ നേതൃത്വത്തിൽ കൃഷി ചെയ്തപ്പോൾ വിളഞ്ഞത് വെണ്ട, തക്കാളി, പച്ചമുളക്, ചീര തുടങ്ങിയ പച്ചക്കറികൾ. ഫാറ്റി ലിവർ പോലുള്ള രോഗങ്ങൾ ധാരാളമായി കണ്ടുവരുന്നതിനാൽ നല്ല ആഹാരശീലങ്ങൾ പിന്തുടരേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്താൻ ലോക ഹെപ്പറ്റൈറ്റിസ് ദിനമായ ജൂലൈ 28നാണ് ഇവിടെ ജൈവകൃഷി തുടങ്ങിയത്.
2024 സെപ്റ്റംബറിൽ ആദ്യ വിളവെടുക്കുമ്പോൾ നൂറുമേനി ഫലം ലഭിച്ചതോടെ ജീവനക്കാർക്കും ആവേശമായി. തുടർന്ന് കിഴങ്ങുവിളകളിലും പരീക്ഷണം. മണ്ണിന്റെ ഗുണം അറിഞ്ഞപ്പോഴാണ് കൃഷിയോടു താത്പര്യമുള്ള ജീവനക്കാർ പുതിയ പരീക്ഷണത്തിനു തയാറായത്. 2025ൽ മേടം പിറന്നതിനു പിന്നാലെ കൃഷിത്തോട്ടത്തിൽ കിഴങ്ങുവിളകളുടെ നടീൽ നടത്തിക്കഴിഞ്ഞു.
കഴിഞ്ഞ ദിവസം ചേനയുടെ വിത്ത് നട്ടാണ് സൂപ്രണ്ട് ഡോ. സന്ധ്യ ആർ. ഉദ്ഘാടനം നിർവഹിച്ചത്. ചേന, ചേമ്പ്, കാച്ചിൽ തുടങ്ങിയ വിളകളാണ് നട്ടത്. വിളകളുടെ പരിചരണത്തിൽ ബദ്ധശ്രദ്ധരാണ് ജീവനക്കാർ. മികച്ച വിളവെടുപ്പ് ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് ഇവർ.
ആശുപത്രിയുടെ പ്രവർത്തനങ്ങൾക്ക് ശോഭകൂട്ടാൻ ഒരു ഔഷധത്തോട്ടം തന്നെ ഒരുക്കി നൽകിയിരിക്കുകയാണ് റോട്ടറി ക്ലബ് ഓഫ്ആലപ്പി ഈസ്റ്റ്. ജനറൽ ആശുപത്രിയുടെ പുതിയ കെട്ടിടത്തിനു മുൻവശമാണ് മനോഹരമായ ഹെർബൽ ഗാർഡൻ സ്ഥിതി ചെയ്യുന്നത്.
തങ്ങളുടെ 50 വർഷത്തെ പ്രവർത്തനങ്ങളുടെ ആഘോഷത്തിന്റെ സ്മരണയ്ക്കായാണ് റോട്ടറി ക്ലബ് ഹെർബൽ ഗാർഡൻ തയാറാക്കി നൽകിയത്. നെൻമേനി വാക, നിലപ്പന, കുമിഴ്, നീർമരുത്, തഴുതാമ, നെല്ലി തുടങ്ങിയ ഔഷധച്ചെടികളാണ് ഹെർബൽ ഗാർഡനിലുള്ളത്.