ചെറിയനാട്ട് പാലിയേറ്റീവ് നഴ്സിനെ നിയമിക്കാത്തതിൽ പ്രതിഷേധം
1543990
Sunday, April 20, 2025 11:30 PM IST
ചെങ്ങന്നൂര്‍: പാലിയേറ്റീവ് നഴ്സിനെ നിയമിക്കാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു. അഞ്ചുമാസമായി പാലിയേറ്റീവ് നഴ്സ് ഇല്ലാത്തതുമൂലം ദുരിതത്തിലായിരിക്കുന്ന രോഗികളുടെ അവസ്ഥ പരിഗണിച്ച് അടിയന്തരമായി നിയമനം നടത്തണമെന്ന് പഞ്ചായത്ത് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ എം. രജനീഷ് ആവശ്യപ്പെട്ടു. ചെറിയനാട് പ ഞ്ചായത്തില്‍ മുന്‍പ് ഉണ്ടായിരുന്ന പാലിയേറ്റീവ് നഴ്സ് മറ്റൊരു ജോലിക്ക് പോയതോടെയാണ് ഈ തസ്തിക ഒഴിഞ്ഞുകിടക്കുന്നത്.
തുടര്‍ന്ന്, പുതിയ നഴ്സിനെ നിയമിക്കുന്നതിനായി പഞ്ചായത്ത് പത്ര പരസ്യം നല്‍കുകയും മാര്‍ച്ച് 24ന് ഇന്റര്‍വ്യു നടത്തുകയും ചെയ്തു. ഇന്റര്‍വ്യൂവില്‍നിന്ന് ഒരാളെ തെരഞ്ഞെടുക്കുകയും മാര്‍ച്ച് 27ന് ചേര്‍ന്ന പഞ്ചായത്ത് കമ്മിറ്റി ഐകകണ്ഠ്യേന ഈ ഉദ്യോഗാര്‍ഥിയെ അംഗീകരിക്കുകയും ചെയ്തു.
എന്നാല്‍, സിപിഎമ്മിലെ ആഭ്യന്തരതര്ക്കങ്ങളെ തുടര്‍ന്ന് നിയമനം വൈകുകയാണെന്നാണ് ആരോപണം. ഇതേത്തുടര്‍ന്ന് പഞ്ചായത്തിലെ 15 വാര്‍ഡുകളിലെയും പാലിയേറ്റീവ് രോഗികള്‍ കഷ്ടപ്പെടുകയാണ്. അടിയന്തരമായി നിയമനം നടത്തിയില്ലെങ്കില്‍ ജനങ്ങളെ അണിനിരത്തി ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് എം. രജനീഷ് പറഞ്ഞു.