സിവിൽ സർവീസ് നേട്ടവുമായി യദു
1544538
Tuesday, April 22, 2025 11:46 PM IST
മാവേലിക്കര: സിവിൽ സർവീസ് പരീക്ഷയിൽ 785-ാം റാങ്ക് നേട്ടവുമായി കുന്നം സ്വദേശി. എൽഐസി ഏജന്റ് തഴക്കര കുന്നം കളിപ്പറമ്പിൽ വടക്കതിൽ ബി. രാജന്റെയും ജിജി രാജന്റെയും മകൻ യദു കെ. രാജൻ (29) ആണ് അഭിമാനർഹമായ നേട്ടം കൈവരിച്ചത്. പത്താം ക്ലാസ് വരെ കല്ലിമേൽ യൂണിവേഴ്സൽ സ്കൂളിലാണു പഠിച്ചത്. ബിഷപ് ഹോഡ്ജസ് എച്ച്എസ്എസിൽ പ്ലസ്ടു പഠനത്തിനുശേഷം പാറ്റൂർ ശ്രീബുദ്ധ എൻജിനിയറിംഗ് കോളജിൽനിന്നു മെക്കാനിക്കൽ എൻജിനിയറിംഗിൽ ബിടെക് കരസ്ഥമാക്കി.
ആറാം തവണയാണ് സിവിൽ സർവീസ് പരീക്ഷ എഴുതിയത്. 2022 ൽ അഭിമുഖത്തിൽ പങ്കെടുത്തെങ്കിലും ലിസ്റ്റിൽ ഉൾപ്പെട്ടില്ല. മുന്നൊരുക്കമില്ലാതെ 2017ൽ ആണ് ആദ്യമായി പരീക്ഷ എഴുതിയത്. 2018, 19, 21 വർഷങ്ങളിലും പരീക്ഷ എഴുതിയെങ്കിലും ലക്ഷ്യം നേടാനായില്ല സ്ഥിരോത്സാഹവും അച്ചടക്കവുമാണു സിവിൽ സർവീസ് നേടാനുള്ള നല്ല മാർഗമെന്നും നിലവിലെ റാങ്ക് അനുസരിച്ചുള്ള തസ്തിക സ്വീകരിച്ച ശേഷം ഐഎഎസ് എന്ന മോഹം സാക്ഷാത്കരിക്കാൻ പ്രയത്നിക്കുമെന്നു യദു കെ. രാജൻ പറഞ്ഞു.
ചെറുപ്പത്തിൽ മാതാപിതാക്കളാണു സിവിൽ സർവീസ് എന്ന ചിന്ത മനസിലേക്കു പകർന്നു തന്നതെന്നും യദു പറഞ്ഞു. സഹോദരൻ അമൽ. എം.എസ്.അരുൺകുമാർ എംഎൽഎ യദുവിന്റെ വീട്ടിലെത്തി അനുമോദിച്ചു.