ഇടയന്റെ വേർപാടിൽ അനുശോചിച്ചു
1544545
Tuesday, April 22, 2025 11:47 PM IST
ആലപ്പുഴ: ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ മന്ത്രി സജി ചെറിയാൻ അനുശോചനം രേഖപ്പെടുത്തി. സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശ വാഹകനായിരുന്നു ഫ്രാൻസിസ് മാർപാപ്പ. അടിച്ചമർത്തലിനും ചൂഷണത്തിനും വിധേയമാകുന്ന ജനതയെ അദ്ദേഹം ചേർത്തുപിടിച്ചു. മാർപാപ്പയുടെ വിയോഗത്തിൽ വേദനിക്കുന്ന ലോകജനതയുടെ ദുഃഖത്തിൽ പങ്കുകൊണ്ട് അനുശോചനം രേഖപ്പെടുത്തുന്നുവെന്ന് മന്ത്രി പറഞ്ഞു.
ആലപ്പുഴ: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗത്തില്‍ രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) ആലപ്പുഴ ജില്ലാ ഭാരവാഹികളുടെയും മണ്ഡലം പ്രസിഡന്റുമാരുടെയും യോഗം അനുശോചിച്ചു.
സ്നേഹത്തിന്റെ തീര്‍ഥാടകനായി പ്രത്യാശയുടെ വഴികളിലേക്ക് ലോകജനതയെ എന്നെന്നും ആനയിച്ച കാരുണ്യത്തിന്റെയും കരുതലിന്റെയും മുഖമാണ് ഈ വിയോഗംമൂലം നമുക്ക് നഷ്ടമായിരിക്കുന്നത്. മാര്‍പാപ്പയുടെ വിയോഗംമൂലം ക്രിസ്തുമത വിശ്വാസികള്ക്കുണ്ടായിരിക്കുന്ന ദുഃഖത്തില്‍ പങ്കുചേരുന്നതായും കമ്മിറ്റി അംഗീകരിച്ച അനുശോചനപ്രമേയത്തില്‍ പറഞ്ഞു.
യോഗത്തില്‍ ആര്‍ജെഡി ആലപ്പുഴ ജില്ലാ പ്രസിഡന്റ് സാദിക്ക് എം. മാക്കിയില്‍ അധ്യക്ഷത വഹിച്ചു. ഗിരീഷ് ഇലത്തിമേല്, ശശിധരപ്പണിക്കര്‍, മോഹന്‍ സി. അറവന്തറ, രാജു മുകളേത്ത്, അനിരാജ് ആര്. മുട്ടം തുടങ്ങിയവര്‍ പ്രസംഗിച്ചു.
എടത്വ: തലവടി തിരുപനയനൂര്‍കാവ് ഭഗവതി ക്ഷേത്രത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അനുസ്മരണം നടത്തി. പഞ്ചായത്തംഗം ബിനു സുരേഷ് അധ്യക്ഷത വഹിച്ചു. ക്ഷേത്രം മുഖ്യതന്ത്രി ആനന്ദ് പട്ടമന ഉദ്ഘാടനം ചെയ്തു. മനുഷ്യ സ്നേഹത്തിന്റെയും ലോക സമാധാനത്തിന്റെയും മൂര്‍ത്തി ഭാവമായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയെന്ന് അദ്ദേഹം പറഞ്ഞു. ക്ഷേത്രം ഭരണ സമിതി സെക്രട്ടറി അജികുമാര്‍ കലവറശേരില്‍ അനുശോചന പ്രമേയം വായിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം അജിത്ത് പിഷാരത്ത്, കെസിസി സോണ്‍ ചെയര്മാന് പ്രകാശ് പനവേലി, വർഗീസ് കോലത്തുപറമ്പില്‍, ബിജു പാലത്തിങ്കല്‍, ഡോ. ജോണ്സണ് ഇടുക്കുള, രാജേഷ് കണ്ണാട്ടുപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.
എടത്വ വികസനസമിതിയുടെ നേതൃത്വത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അനുസ്മരണം നടത്തി. പുരോഗമന നിലപാടുകളില്‍ ഉറച്ച തീരുമാനമെടുത്തിരുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗം ആഗോള തലത്തില്‍ വലിയ നഷ്ടമാണെന്ന് യോഗം അനുസ്മരിച്ചു. ട്രഷറര്‍ കുഞ്ഞുമോന് പട്ടത്താനം അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് ഐസക് എഡ്വേര്‍ഡ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഐസക് രാജു അനുശോചന പ്രമേയം അവതരിപ്പിച്ചു. രക്ഷാധികാരി ഷാജി മാധവന്, ജനറല്‍ സെക്രട്ടറി ജോണ്സണ് വി. ഇടിക്കുള, കുഞ്ഞുമോന് പട്ടത്താനം, ടോമിച്ചന് കളങ്ങര, എം.വി. ആന്റണി എന്നിവര്‍ പ്രസംഗിച്ചു.