ഒരു സുഹൃത്തിനെപ്പോലെ ഇടപെടുന്ന അനുഭവം: മാര്‍ പെരുന്തോട്ടം
1544278
Monday, April 21, 2025 11:59 PM IST
ഫ്രാന്‍സിസ് മാര്‍പാപ്പയെ പല പ്രാവശ്യം അടുത്തുകണ്ടു സംസാരിക്കാന്‍ ഭാഗ്യമുണ്ടായി. വച്ചുകെട്ടൊന്നുമില്ലാത്ത സമീപനമായിരുന്നു പരിശുദ്ധ പിതാവിന്റേത്. ഒരിക്കല്‍ സ്വകാര്യമുറിയില്‍ വ്യക്തിപരമായി അനുവദിച്ചുകിട്ടിയ കൂടിക്കാഴ്ചയിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പയോടുള്ള എന്റെ ആദരവും സ്നേഹവും ആഴപ്പെട്ടത്. മറ്റുള്ളവരെ കേള്‍ക്കാനും ആവശ്യങ്ങള്‍ അറിയാനും ഒരു ശുശ്രൂഷകനെപ്പോലെ തനിക്കു സാധിക്കുന്ന കാര്യങ്ങള്‍ ചെയ്തു സഹായിക്കാനും സന്നദ്ധനായ ഒരുത്തമ മനുഷ്യസ്നേഹിയെ പാപ്പായില്‍ കാണാന്‍ കഴിഞ്ഞു.
എല്ലാ വിഭാഗീയതകള്ക്കുമുപരിയായി ലോകത്തിലെങ്ങും സമാധാനവും മാനവസാഹോദര്യവും പുലരണമെന്നു പരിശുദ്ധ പിതാവ് അതിയായി ആഗ്രഹിച്ചു. അതിനായി ശബ്ദിച്ചു. അവസാനനിമിഷംവരെയും അതിനുവേണ്ടി നിലകൊണ്ടു. മാര്‍പാപ്പ സുഖം പ്രാപിക്കുന്നു എന്ന് എല്ലാവരും ആശ്വസിച്ചിരിക്കെ, തികച്ചും അപ്രതീക്ഷിതമായി നിത്യതയിലേക്കു യാത്രയായി. മനുഷ്യഹൃദയങ്ങളില്‍ ഇടംനേടിയ അത്യപൂര്‍വ മനുഷ്യസ്നേഹി കളില്‍ പ്രഥമനിരയിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പ.