കായംകുളം നഗരസഭയിൽ അതി ദരിദ്ര ഭവന പദ്ധതി അട്ടിമറിച്ചതായി ആരോപണം
1543988
Sunday, April 20, 2025 11:30 PM IST
കായംകുളം: നഗരസഭയിലെ അതിദരിദ്രർ വിഭാഗത്തിപ്പെട്ട 28 കുടുംബങ്ങൾക്ക് അഞ്ച് സെന്റ് വസ്തു വീതം വിലയ്ക്കുവാങ്ങി നൽകാനുള്ള ചിറ്റിലപ്പള്ളി ഫൗണ്ടേഷൻ പദ്ധതി അട്ടിമറിച്ചതായി ആരോപണം. സമീപ പഞ്ചായത്തുകളിൽ സ്ഥലം കണ്ടെത്തി പദ്ധതി നടപ്പിലാക്കിയപ്പോൾ കായംകുളം നഗരസഭ വസ്തു എടുക്കുന്നതിൽ ഉദാസീനത കാട്ടിയെന്നാണ് പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസ് ആരോപിക്കുന്നത്.
ചെട്ടികുളങ്ങര പഞ്ചായത്തിലെ സഹകരണ ബാങ്കിൽ ജപ്തി നടപടി നേരിടുന്ന വെള്ളം കയറുന്ന ഭൂമിയാണ് ഏറ്റെടുക്കാൻ അധികൃതർ തീരുമാനിച്ചത്. എന്നാൽ, പ്രതിപക്ഷത്തിന്റെ എതിർപ്പ് അവഗണിച്ച് ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അറിയാതെ 50 ലക്ഷം രൂപ നഗരസഭ ഫണ്ടിൽ നിന്ന് വിനിയോഗിക്കാൻ നടപടി സ്വീകരിച്ചതിൽ പ്രതിഷേധം ശക്തമാകുകയാണ്.
നഗരസഭ ചട്ട പ്രകാരം നഗരസഭ ഫണ്ട് ചെലവഴിക്കുന്നതിനു മുമ്പ് ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ അംഗീകാരം വാങ്ങണം. മാത്രമല്ല ചിറ്റിലപ്പള്ളി ഫൗണ്ടേഷൻ അഞ്ചു സെന്റ് ഭൂമിയാണ് പാവപ്പെട്ടവർക്ക് നൽകാൻ തീരുമാനിച്ചത്. നിലവിൽ രണ്ടര സെന്റ് ഭൂമിയാണ് നഗരസഭ നൽകാൻ പോകുന്നത്. അതിദരിദ്രരുടെ കാര്യത്തിൽ പോലും തീരുമാനമെടുക്കുന്നതിന് ഭരണം നേതൃത്വത്തിന് വൻ വീഴ്ചയാണ് സംഭവിച്ചിരിക്കുന്നതെന്നാണ് ആരോപണം.