കടന്നൽ കുത്തേറ്റ് തെങ്ങിനു മുകളിൽ കുടുങ്ങിയ ആളെ അഗ്നിരക്ഷാസേന രക്ഷിച്ചു
1542515
Sunday, April 13, 2025 11:16 PM IST
കായംകുളം: കടന്നല് കുത്തേറ്റ് തെങ്ങിനു മുകളില്‍ കുടുങ്ങിയ ആളെ അഗ്നിരക്ഷാസേന രക്ഷിച്ചു. കായംകുളം കീരിക്കാട് തെക്ക് ഐക്യ ജംഗ്ഷനു സമീപം വെളുത്തേടത്ത് സന്തോഷ് കുമാറിന്റെ പുരയിടത്തിലെ തേങ്ങയിടാന്‍ കയറിയ ഇതരസംസ്ഥാന തൊഴിലാളിയാണ് കടന്നല് കുത്തേറ്റ് തെങ്ങിനു മുകളില്‍ കുടുങ്ങിയത്.
വിവരം അറിഞ്ഞെത്തിയ കായംകുളം അഗ്നിരക്ഷാസേനയിലെ അസി. സ്റ്റേഷന് ഓഫീസര്‍ സജിത്ത് ലാലിന്റെ നേതൃത്വത്തില്‍ എത്തിയ സംഘത്തിലെ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍ ഷിജു ടി. സാം ലാഡര്‍ ഉപയോഗിച്ച് തെങ്ങില്‍ കയറി തെങ്ങിന്റെ പൊത്തിലെ കടന്നല് കൂടിന്റെ വാതില്‍ തുണി ഉപയോഗിച്ച് മൂടിക്കെട്ടുകയും വെളിയില്‍ ഉണ്ടായിരുന്ന കടന്നല് കൂട്ടത്തെ ഹിറ്റ് ഉപയോഗിച്ച് തുരത്തുകയും ചെയ്തു. ശേഷം വളരെ സഹസികമായി ചത്തിസ്ഗഡ് സ്വദേശിയായ വിക്കി(21)യെ ലാഡര്‍ ഉപയോഗിച്ചു സുരക്ഷിതമായി താഴെ എത്തിച്ചു. കടന്നലിന്റെ കുത്തേറ്റ ഇയാളെ ഉടന്‍തന്നെ കായംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.