ആർ ബ്ലോക്കിലെ തീപിടിത്തം: സർക്കാർ ഇടപെടണമെന്ന് കൊടിക്കുന്നിൽ
1542235
Sunday, April 13, 2025 5:09 AM IST
ആലപ്പുഴ: കുട്ടനാട് കൈനകരി പഞ്ചായത്തിലെ ആർ ബ്ലോക്കിൽ കഴിഞ്ഞ മൂന്നു ദിവസമായി കത്തിക്കൊണ്ടിരിക്കുന്ന തീ അണയ്ക്കാൻ സംസ്ഥാന സർക്കാർ യുദ്ധകാലാടിസ്ഥാനത്തിൽ ഇടപെടണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി ആവശ്യപ്പെട്ടു. സാന്ദ്ര കൃഷിഭൂമിയായ ഈ മേഖലയിലെ തീ നിയന്ത്രണ വിധേയമാക്കാൻ കഴിയാത്തത് വലിയ ദുരന്തസാഹചര്യം സൃഷ്ടിക്കുമെന്ന് എംപി പറഞ്ഞു.
ആർ ബ്ലോക്ക് ഏകദേശം 1400 ഏക്കറിലധികം വരുന്ന പ്രദേശത്ത് 500 ഏക്കറോളം കൃഷിയുള്ള പ്രദേശമാണ്. ഇവിടെ 24 കുടുംബങ്ങൾ സ്ഥിരതാമസമുണ്ട്. റോഡ് സൗകര്യമില്ലാത്തതിനാൽ വള്ളം ഉപയോഗിച്ചാണ് പ്രദേശത്തേക്ക് എത്തേണ്ടത്. ഈ സവിശേഷതകൾ കണക്കിലെടുത്താൽ അഗ്നിശമന സേനയുടെ നിലവിലുള്ള സംവിധാനം തീ അണയ്ക്കാൻ മതിയാവില്ല.
വ്യാവസായിക ശേഷിയുള്ള വലിയ മോട്ടറുകൾ മേഖലയിൽ അടിയന്തരമായി വിന്യസിക്കേണ്ടതും വിവിധ വകുപ്പ് ഏജൻസികൾ തമ്മിൽ ഏകോപനം ഉറപ്പാക്കേണ്ടതുമാണ്. മൂന്നു ദിവസമായി തീ അണയ്ക്കാൻ കഴിയാത്തത് ജില്ലാ ഭരണകൂടത്തിന്റെയും സംസ്ഥാന സർക്കാരിന്റെയും വീഴ്ചയാണെന്നും എംപി കുറ്റപ്പെടുത്തി. തീ കൂടുതൽ വ്യാപിക്കുന്നതിനു മുമ്പേ അടിയന്തര നടപടി സ്വീകരിക്കണമെന്നും കൊടിക്കുന്നിൽ ആവശ്യപ്പെട്ടു.