റോഡ് വീതികൂട്ടൽ വേണ്ടെന്ന വ്യാപാരികളുടെ ആവശ്യം ന്യായമെന്ന് ചെയർപേഴ്സൺ
1542248
Sunday, April 13, 2025 5:09 AM IST
ചെങ്ങന്നൂർ: കൊല്ലം-തേനി ദേശീയപാത വികസനത്തിന്റെ ഭാഗമായി നഗരത്തിലെ റോഡുകളുടെ വീതി കൂട്ടുന്നത് ഉപേക്ഷിക്കണമെന്ന വ്യാപാരികളുടെ ആവശ്യം ന്യായമാണെന്ന് ചെങ്ങന്നൂർ നഗരസഭാ ചെയർപേഴ്സൺ അഡ്വ. ശോഭ വർഗീസ്.
വ്യാപാരി വ്യവസായ ഏകോപന സമിതിയും വ്യാപാരി വ്യവസായി സമിതിയും സംയുക്തമായി സംഘടിപ്പിച്ച കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. നഗരത്തിലൂടെയുള്ള ദേശീയപാതയ്ക്കു ബദലായി ബൈപാസ് സംവിധാനം അനിവാര്യമാണെന്നും ഇതിനായി ജനങ്ങളും വ്യാപാരികളും രാഷ്ട്രീയക്കാരും ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങണമെന്നും യോഗം ആവശ്യപ്പെട്ടു.
ഏകോപന സമിതി പ്രസിഡന്റ് ജേക്കബ് വി. സ്കറിയ അധ്യക്ഷനായി. വ്യാപാരി വ്യവസായി സമിതി സംസ്ഥാന കമ്മിറ്റി അംഗം കെ.പി. മുരുകേശ് മുഖ്യപ്രഭാഷണം നടത്തി. ഏകോപന സമിതി താലൂക്ക് ട്രഷറർ അനസ് പൂവാലംപറമ്പിൽ വിഷയം അവതരിപ്പിച്ചു. ഏകോപന സമിതി ജനറൽ സെക്രട്ടറി രഞ്ജിത്, ഖാദി-വ്യാപാരി വ്യവസായി സമിതി ഏരിയാ സെക്രട്ടറി സതീഷ് നായർ, കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജൂണി കുതിരവട്ടം, കോടുകുളഞ്ഞി ഹിൽവ്യൂ റെസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി കോശി മാത്യു എന്നിവർ പ്രസംഗിച്ചു .