തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടറുകള്‍ ഇന്നു തുറക്കും
1541540
Friday, April 11, 2025 12:01 AM IST
ആലപ്പുഴ: തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടറുകള്‍ ഇന്നു രാവിലെ 10 മണിക്ക് തുറക്കാന്‍ കൃഷി വകുപ്പ് മന്ത്രി പി. പ്രസാദിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന ഉപദേശക സമിതി യോഗത്തില്‍ തീരുമാനിച്ചു. നെല്‍കര്‍ഷകര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും ബുദ്ധിമുട്ടില്ലാത്ത തരത്തില്‍ തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടറുകള്‍ ക്രമീകരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. അടുത്ത തവണ മുതല്‍ കാര്‍ഷിക കലണ്ടര്‍ പ്രകാരംതന്നെ കൃഷിയിറക്കി മുന്നോട്ട് പോകാന്‍ ശ്രമിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.
ഓണ്‍ലൈനായാണ് മന്ത്രി യോഗത്തില്‍ പങ്കെടുത്തത്. ഇനിയും കൊയ്ത്ത് പൂര്‍ത്തിയാക്കാനുള്ള പാടശേഖരങ്ങളിലെ കൊയ്ത്ത് ഉടന്‍ പൂര്‍ത്തിയാക്കണമെന്നും അല്ലാത്തപക്ഷം ഓരുജലം കയറാത്ത സംവിധാനം ഉറപ്പാക്കണമെന്നും ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസ് പറഞ്ഞു. ബണ്ടിന്റെ ഷട്ടറുകള്‍ തുറക്കുന്നതിന് ഇറിഗേഷന്‍ മെക്കാനിക്കല്‍ വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനിയറെ ജില്ലാ കളക്ടര്‍ ചുമതലപ്പെടുത്തി. ഷട്ടര്‍ തുറക്കുന്ന സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു.
യോഗത്തില്‍ തോമസ് കെ. തോമസ് എംഎല്‍എ ഓണ്‍ലൈനായി പങ്കെടുത്തു. ആലപ്പുഴ-കോട്ടയം ജില്ലകളിലെ ഉദ്യോഗസ്ഥര്‍, ട്രേഡ് യൂണിയന് പ്രതിനിധികള്‍, പാടശേഖരസമിതി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.