നാല്പതാംവെള്ളി ആചരിച്ചു
1542231
Sunday, April 13, 2025 5:09 AM IST
അമ്പലപ്പുഴ: പുന്നപ്ര മാർ ഗ്രിഗോറിയോസ് ഇടവക ദേവാലയത്തിൽ നാല്പതാം വെള്ളി ആചരണത്തിന്റെ ഭാഗമായി കുരിശിന്റെ വഴി നടത്തി. വിശുദ്ധ കുർബാന, കുരിശിന്റെ വഴി, നേർച്ചക്കഞ്ഞി വിതരണം എന്നീ കർമങ്ങൾക്ക് ഇടവക വികാരി ഫാ. ചെറിയാൻ കാരിക്കോമ്പിൽ, ഫാ. മാത്യു മുല്ലശേരി എന്നിവർ കാർമികത്വം വഹിച്ചു.
ചേർത്തല: ചരിത്രപ്രസിദ്ധ മരിയൻ-ചാവറ തീർഥാടനകേന്ദ്രമായ പള്ളിപ്പുറം സെന്റ് മേരീസ് ഫൊറോന പള്ളിയിൽ വിശുദ്ധ വാരാചരണ തിരുക്കർമങ്ങൾക്ക് ഓശാന ഞായർ ആചരണത്തോടെ ഇന്ന് തുടക്കമാകും. രാവിലെ 6.45ന് സെന്റ് മേരീസ് പാരീഷ് ഹാളിൽ കുരുത്തോല വെഞ്ചരിപ്പും വിതരണവും. തുടർന്ന് പ്രദക്ഷിണം, ദിവ്യബലി, വികാരി റവ.ഡോ.പീറ്റർ കണ്ണമ്പുഴ മുഖ്യകാർമികത്വം വഹിക്കും. അസി.വികാരി ഫാ. അമൽ പെരിയപ്പാടൻ, ഫാ.ജോസഫ് മാക്കോതക്കാട്ട് എന്നിവർ സഹകാർമികരായിരിക്കും. പെസഹാ വ്യാഴാഴ്ച രാവിലെ ഏഴിന് ദിവ്യബലി, കാൽകഴുകൽ ശുശ്രുഷ, തുടർന്ന് ആരാധന. വൈകുന്നേരം പൊതു ആരാധന, അപ്പംമുറിക്കൽ ശുശ്രൂഷ.
ദുഃഖവെള്ളി രാവിലെ 6.30 ന് പീഡാനുഭവ തിരുക്കർമങ്ങൾ ആരംഭിക്കും. പീഡാനുഭവ വായന, വിശുദ്ധ കുർബാന സ്വീകരണം, ആഘോഷമായ കുരിശിന്റെ വഴി, കുരിശുരൂപ വണക്കം. വൈകുന്നേരം 3.30 ന് നഗരി കാണിക്കൽ, പള്ളിപ്പുറത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു പരിഹാരപ്രദക്ഷിണമായി പള്ളിപ്പുറം പള്ളിയിലേക്ക് എത്തിച്ചേരുന്നു. തുടർന്ന് പീഡാനുഭവ സന്ദേശം, വിശുദ്ധ കുരിശ് ചുംബനം, കബറടക്ക ശുശ്രൂഷ. ശനിയാഴ്ച രാവിലെ 6.30ന് തിരുക്കർമങ്ങൾ, പുത്തൻവെള്ളം, പുത്തൻ തീ വെഞ്ചരിപ്പ്. രാത്രി 11.30 ന് ഉയിർപ്പിന്റെ തിരുക്കർമങ്ങൾ ആരംഭിക്കും. തുടർന്ന് പ്രദക്ഷിണം, പ്രസംഗം, ദിവ്യബലി. 20ന് രാവിലെ 6.30ന് കേളമംഗലം, ഒറ്റപ്പുന്ന കുരിശുപള്ളികളിലും, ഏഴിന് പള്ളിപ്പുറം പള്ളിയിലും ദിവ്യബലി.
കല്ലൂർക്കാട് ബസിലിക്കയിൽ നാൽപതുമണി ആരാധന
മങ്കൊമ്പ്: ചമ്പക്കുളം സെന്റ് മേരീസ് ബസിലിക്കയിലെ പള്ളിയിലെ നാൽപതുമണി ആരാധന നാളെ മുതൽ 16 വരെ നടക്കും. 1927ൽ ചങ്ങനാശേരിയുടെ ആദ്യ നാട്ടുമെത്രാനായിരുന്ന മാർ തോമസ് കുര്യാളശേരിയാണ് ഈ ആശയം മുന്നോട്ടുവച്ചത്. എന്നാൽ, 1925ൽ അദ്ദേഹത്തിന്റെ മരണം മൂലം ആഗ്രഹം സഫലമായില്ല. എന്നാൽ, ഇതിനെപ്പറ്റി വളരെ വ്യക്തമായ അറിവുണ്ടായിരുന്ന അദ്ദേഹത്തിന്റെ പിൻഗാമി മാർ ജയിംസ് കാളാശേരി മെത്രാനാണ് ചമ്പക്കുളത്ത് നാൽപതു മണി ആരാധനയ്ക്ക് അനുമതി നൽകിയത്. ഇക്കൊല്ലത്തെ 98ാമത് നാൽപതു മണി ആരാധന രാവിലെ ഏഴിനുള്ള വിശുദ്ധ കുർബാനയോടെ ആരംഭിച്ചു വൈകുന്നേരം ആറിനു സമാപിക്കും.
ചൊവ്വാഴ്ചയും രാവിലെ വി.കുർബാനയോടെ ആരംഭിച്ച് വൈകുന്നേരം സമാപിക്കും. സമാപന ദിവസമായ ബുധനാഴ്ച രാവിലെ ഏഴിന് വി.കുർബാനയോടെ ആരംഭിക്കുന്ന ആരാധന വൈകുന്നേരം അഞ്ചിന് ദർശന സമൂഹത്തിന്റെ നേതൃത്വത്തിൽ പൊതു ആരാധന നടത്തി, ആറിന് നടക്കുന്ന വിശുദ്ധ കുർബാനയുടെ ആഘോഷമായ പ്രദക്ഷിണത്തോടെ സമാപിക്കും.