പട്ടാപ്പകൽ വീട് കുത്തിത്തുറന്നു കവര്‍ച്ച: പ്രതികൾ റിമാൻഡിൽ
1542237
Sunday, April 13, 2025 5:09 AM IST
കായംകുളം: പട്ടാപ്പകല്‍ വീട് കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയ കേസിൽ അറസ്റ്റിലായ പ്രതികൾ റിമാൻഡിൽ. നൂറനാട് പുതുപ്പള്ളികുന്നം ഖാൻ മൻസിൽ ഷൈജു ഖാൻ (42), അമ്പലപ്പുഴ വളഞ്ഞവഴിപൊക്കത്തിൽ വീട്ടിൽ പൊടിച്ചൻ എന്നു വിളിക്കുന്ന പൊടിമോൻ (27) എന്നിവരെയാണ് മാവേലിക്കര കോടതി റിമാൻഡ് ചെയ്തത്.
മാർച്ച് 24ന് താമരക്കുളം വേടരപ്ലാവിൽ സതിയമ്മയുടെ പൂട്ടിയിട്ടിരുന്ന വീട് പട്ടാപ്പകല്‍ കുത്തിത്തുറന്ന് ഒരു പവന് തൂക്കം വരുന്ന സ്വര്‍ണവളയും 52,000 രൂപയും കവര്‍ച്ച ചെയ്തിരുന്നു. ചാരുംമൂട് ജംഗ്ഷനില്‍ മുറുക്കാന്‍കട നടത്തുന്ന സതിയമ്മ രാവിലെ കടയിലേക്കു പോയാല്‍ സന്ധ്യക്കാണ് തിരിച്ചെത്തുന്നത്. കറുത്ത സ്കൂട്ടറില്‍ ഹെല്‍മറ്റ് ധരിച്ചും മുഖം മറച്ചും ഗ്ലൗസ് ധരിച്ചും ഉച്ചയോടെ സതിയമ്മയുടെ വീടിനു സമീപം രണ്ടു പേര് വരുന്നതും പോകുന്നതുമായ ദൃശ്യങ്ങള്‍ പോലീസ് കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
150ല്‍ അധികം സിസിടിവി കാമറകള്‍ പോലീസ് പരിശോധിച്ചിരുന്നു . ആലപ്പുഴ റെയില്‍വേ പോലീസ് സ്റ്റേഷനിലും പുന്നപ്ര, കരുനാഗപ്പളളി, ഓച്ചിറ എന്നീ പോലീസ് സ്റ്റേഷനുകളിലുമായി 16 മോഷണക്കേസുകളില്‍ രണ്ടാം പ്രതിയായ പൊടിമോൻ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
മോഷണത്തില്‍ ലഭിച്ച പങ്ക് ഉപയോഗിച്ച് മോഷണം നടത്തിയതിന്റെ തൊട്ടടുത്ത ദിവസം കരുനാഗപ്പളളിയിലെ ഷോറൂമില്‍ 26,000 രൂപ ഡൗണ്‍പേയ്മെന്റ് നല്കി പൊടിമോന് വാങ്ങിയ പുതിയ യമഹ എന്റൈസര്‍ മോട്ടോര്‍ സൈക്കിളും മോഷണം നടത്താനും തിരികെ പോകാനും ഉപയോഗിച്ച ഹോണ്ട ഡിയോ സ്കൂട്ടറും ഷൈജു ഖാന് സഞ്ചരിച്ചുവന്ന മഹീന്ദ്ര പിക്കപ്പും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.