കരിമണൽ ഖനനം നടപ്പായാൽ പൊന്തിലെ മത്സ്യബന്ധനം നിൽക്കുമോയെന്ന് ആശങ്ക
1541543
Friday, April 11, 2025 12:01 AM IST
അമ്പലപ്പുഴ: കേന്ദ്രസർക്കാരിന്റെ കടൽ കരിമണൽ ഖനനം നടപ്പായാൽ ജില്ലയുടെ തീരത്തെ പ്രധാന കുലത്തൊഴിലായ പൊന്തിലെ മത്സ്യബന്ധനം നിർത്തേണ്ടിവരുമോയെന്ന ആശങ്കയിൽ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ. കരയിൽനിന്ന് ഏറെ ദൂരത്തിലല്ലാതെ തെർമോകോളിൽ നിർമിച്ച പൊന്തിലെ മത്സ്യബന്ധനത്തിന് നിരോധനമേർപ്പെടുത്താനുള്ള നീക്കത്തിനെതിരേ ഇപ്പോൾ തന്നെ വിവിധ സംഘടനകൾ പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്.
ഭൂമാഫിയയ്ക്കും സാഹസിക ടൂറിസം കമ്പനികൾക്കും വേണ്ടി കേരളതീരം പരമ്പരാഗത മത്സ്യത്തൊഴിലാളികളിൽനിന്ന് ഒഴിപ്പിച്ചെടുക്കാനുള്ള അധികാരവർഗത്തിന്റെ ഗൂഢതന്ത്രമാണെന്നാണ് അവരുടെ വാദം. 1990 കാലഘട്ടത്തിലാണ് തെർമോകോൾ ചെത്തിമിനുക്കി മുറിവള്ളത്തിന്റെ ആകൃതിയിൽ കടലിൽ പരീക്ഷണാടിസ്ഥാനത്തിൽ ഇറക്കിത്തുടങ്ങിയത്. മണ്ണെണ്ണയുടെയും പെട്രോളിന്റെയും വില കുതിച്ചുയർന്നപ്പോൾ വലുതും ചെറുതുമായ വള്ളങ്ങളിലെ മത്സ്യബന്ധനം പ്രതിസന്ധിയിലായി.
കടംകയറിയ വള്ളമുടമകൾ യാനങ്ങൾ കരയിൽ കയറ്റി. ഇതോടെ ഭൂരിഭാഗം തൊഴിലാളികളും സ്വന്തമായി പൊന്തുനിർമിച്ചു നിത്യവ്യത്തിക്കു കടലിലേക്കുപോയിത്തുടങ്ങി. ഇന്ധനച്ചെലവില്ലാതെ മനുഷ്യന്റെ അധ്വാനത്തിൽ വലയെറിഞ്ഞു മീനുമായി കരയെത്തിത്തുടങ്ങി. എന്നാൽ, ഇവർക്ക് രജിസ്ട്രേഷനും അംഗീകാരവും വേണ്ടപ്പെട്ട വകുപ്പുകൾ ഇതുവരെ നൽകിയിട്ടില്ല.
പൊന്തിൽ തുഴഞ്ഞ് കടലിൽ പോകുന്നത് ഒരാൾ ആണെങ്കിലും കരയെത്തിയാൽ മീൻ വലയിൽനിന്ന് മാറ്റുന്നതിനും വിൽപ്പനയ്ക്കു കൊണ്ടുപോകുന്നതിനുമായി സഹായികളായി അ ഞ്ചുപേർ വേണം. ഇവരുടെ കുടുംബവും ഈ വരുമാനത്തിലാണ് കഴിഞ്ഞുപോകുന്നത്.
എന്തായാലും പൊന്തുകൾക്ക് നിരോധനമേർപ്പെടുത്തിയാൽ നൂറുകണക്കിനു കുടുംബങ്ങളുടെ ജീവിതമാണ് വഴിമുട്ടുന്നത്. ഇതിനെതിരേ നിയമ നടപടികളുമായി മുന്നോട്ടുപോകാനാണ് ഈ രംഗത്തു പ്രവർത്തിക്കുന്ന സംഘടനകളുടെ തീരുമാനം.