നെല്ല് സംഭരിക്കാൻ കാലതാമസം, കർഷകർ പ്രതിഷേധിച്ചു
1542514
Sunday, April 13, 2025 11:16 PM IST
മാന്നാര്‍: കൃഷിവകുപ്പിനും സിവില്‍ സപ്ലൈസ് വകുപ്പിനും പുല്ലുവിലപോലും കൽപ്പിക്കാതെയാണ് മില്ലുടമകളുടെ നെല്ല് ശേഖരണ ഏജന്റുമാര്‍ എത്തുന്നതെന്ന് കര്‍ഷകര്‍. ഈ രണ്ടു വകുപ്പിനെയും നോക്കുകുത്തിയാക്കി കൊണ്ടാണ് ഇത്തരക്കാര്‍ നെല്ല് ശേഖരിക്കാനായി എത്തുന്നത്.
മാന്നാര്‍ പഞ്ചായത്തിലെ ഇടപുഞ്ച പടിഞ്ഞാറ് പാടശേഖരത്തില്‍ വിളവെടുപ്പ് കഴിഞ്ഞ് കര്‍ഷകര്‍ അവരുടെ നെല്ല് നല്ല രീതിയില്‍ ഗുണനിലവാരത്തോടുകൂടി തയാറാക്കിയെങ്കിലും ഒരാഴ്ചയ്ക്കുശേഷമാണ് നെല്ല് സംഭരണത്തിനായി എത്തിയത്.
രണ്ടു വകുപ്പുകളുടെയും ഉദ്യോഗസ്ഥര്‍ ഇവരുമായി ബന്ധപ്പെട്ടെങ്കിലും അവര്‍ ഒരോ കാരണങ്ങള്‍ പറഞ്ഞ് നീട്ടികൊണ്ടു പോകുകയായിരുന്നു. ഈ ഏജന്റുമാര്‍ തീരുമാനിക്കുന്നതുപോലെ മാത്രം നെല്ലെടുപ്പ് നടക്കുന്ന അവസ്ഥയാണ്. ഈപ്രവണത മാറ്റിയില്ലെങ്കില്‍ കര്‍ഷകര്‍ക്ക് വളരെയധികം ബുദ്ധിമുട്ടുകള്‍ തുടര്‍ന്നുള്ള നെല്ല് സംഭരണത്തില്‍ നേരിടേണ്ടി വരും.
നെല്ലിന്റെ കിഴിവും മറ്റ് കാര്യങ്ങളുമെല്ലാം ഇവര്‍ തന്നെയാണ് തീരുമാനിക്കുന്നത്. പല പ്രതിസന്ധികളെയും മറികടന്ന് കൃഷി നടത്തി വിളവെടുപ്പ് നടത്തിയ ശേഷവും ശേഖരണത്തിനായി വീണ്ടും കാത്തിരിക്കുന്ന രീതി അവസാനിപ്പിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
ഈ രീതിവരും വര്‍ഷത്തെ നെല്‍കൃഷിയെ തന്നെ ബാധിക്കുമെന്നാണ് കര്‍ഷകര്‍ പറയുന്നത്.