മരങ്ങൾ ഭീഷണിയാകുന്നു
1542509
Sunday, April 13, 2025 11:16 PM IST
കെപി റോഡിൽ
ചാഞ്ഞമരങ്ങൾ
ചാരുംമൂട്: കായംകുളം-പുനലൂര്‍ കെപി റോഡില്‍ നൂറനാട് ഐടി ബിപി ജംഗ്ഷന് മുതല്‍ പറയംകുളം ജംഗ്ഷന് വരെയുള്ള ഭാഗത്ത് മരങ്ങള്‍ റോഡിലേക്ക് ചാഞ്ഞുനില്‍ക്കുന്നത് യാത്രക്കാരുടെ ജീവന് ഭീഷണിയാണ്. ശക്തമായ കാറ്റ് വീശിയാല്‍ റോഡിലേക്ക് വീഴാവുന്ന തരത്തില്‍ നിരവധി മരങ്ങളാണ് ചരിഞ്ഞുനില്‍ക്കുന്നത്.
ഇതില്‍ ചിലത് അടുത്തസമയം വെട്ടിമാറ്റിയിരുന്നു. കൂടാതെ ഉണങ്ങിനില്ക്കുന്ന മരങ്ങള്‍ അപകടഭീഷണി ഉയര്‍ത്തുന്നുണ്ട്. ശക്തമായ മഴയും കാറ്റുമുള്ളപ്പോള്‍ മരങ്ങള്‍ കടപുഴകി കെപി റോഡിലേക്ക് വീണ് മണിക്കൂറുകളോളം ഗതാഗതവും വൈദുതി വിതരണവും തടസപ്പെടുന്നത പതിവാണ്. റോഡരുകില്‍ ലെപ്രസി സാനിട്ടോറിയം വക ഭൂമിയിലേക്ക് നിരവധി മരങ്ങള്‍ മുമ്പ് കടപുഴകി വീണിരുന്നു.
വനവത്കരണത്തിനായി കെപി റോഡരികില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നട്ടുപിടിപ്പിച്ച മരങ്ങളുടെ ശിഖരങ്ങളാണ് അപകടഭീഷണി ഉയര്‍ത്തുന്നത്. മഴയും കാറ്റും ഉണ്ടാകുമ്പോള്‍ ഭയത്തോടെയാണ് വാഹനയാത്രക്കാരും കാല്‍നട യാത്രക്കാരും ഇതുവഴി സഞ്ചരിക്കുന്നത്. അതിനാല്‍ റോഡിലേക്ക് ചാഞ്ഞുനില്ക്കുന്ന മരങ്ങളുടെ ശിഖരങ്ങള്‍ അടിയന്തരമായി മുറിച്ചുമാറ്റാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ചെറിയനാട്
ഭീഷണിയായി
അക്വേഷ്യ മരങ്ങൾ
ചെങ്ങന്നൂര്‍: ചെറിയനാട് പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ നെടുവരംകോട് കനാല്‍ ജംഗ്ഷന് മുതല്‍ പഞ്ചായത്ത് ഓഫീസിനു സമീപം വരെയുള്ള ഏകദേശം 1500 മീറ്റര്‍ ദൂരത്തില്‍ പിഐപി കനാലിന്റെ വശങ്ങളില് വളര്‍ന്നു നില്ക്കുന്ന അക്വേഷ്യ മരങ്ങളും മറ്റ് പാഴ്മരങ്ങളും നാട്ടുകാര്‍ക്കും യാത്രക്കാര്‍ക്കും ഭീഷണിയായി മാറുന്നു.
ഏകദേശം നാല്പതോളം വീട്ടുകാര്‍ മരങ്ങള്‍ വെട്ടിമാറ്റുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ 2024 സെപ്റ്റംബറില്‍ ഫോറസ്റ്റ് അധികൃതരെയും ഉള്‍പ്പെടുത്തി ഒരു ട്രീ-കമ്മിറ്റി യോഗം ചേരുകയും അപകടകരമായി നില്ക്കുന്ന മരങ്ങള്‍ വെട്ടിമാറ്റാന്‍ ഫോറസ്റ്റ് വകുപ്പ് പിഐപിക്ക് അനുമതി നല്‍കുകയും ചെയ്തു.
എന്നാല്‍, അനുമതി ലഭിച്ച് ഏഴുമാസത്തോളമായിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ ആ രോപിക്കുന്നു. അടുത്തമാസം കാലവര്‍ഷം ആരംഭിക്കാനിരിക്കെയും ജൂണില്‍ സ്കൂള്‍ തുറക്കുന്നതോടെ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നിരവധി യാത്രക്കാര്‍ സഞ്ചരിക്കുന്ന വഴിയില്‍ മരക്കൊമ്പുകള്‍ ഒടിഞ്ഞുവീണ് വൈദ്യുതി ലൈനുകള്‍ പൊട്ടിവീണ് അപകടങ്ങള്‍ സംഭവിക്കാനുള്ള സാധ്യത വര്‍ധിച്ചിരി ക്കുകയാണ്. അപകടകരമായ രീതിയില്‍ നില്ക്കു ന്ന മരങ്ങള്‍ വീടുകള്‍ക്കും ഭീഷണിയാണ്. ജനങ്ങളുടെ സുരക്ഷയെ മുന്‍നിര്‍ത്തി എത്രയും പെട്ടെന്ന് അധികൃതര്‍ വിഷയത്തില്‍ ഇടപെട്ട് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
സമരം നടത്തും
നാലാം വാര്‍ഡില്‍ പിഐപി കനാലിന്റെ വശങ്ങളില് അപകടകരമായി നിൽക്കുന്ന തണല്‍ മരങ്ങള്‍ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീക്ഷണിയാണ്. അത് വെട്ടിമാറ്റുന്നതിന് 2024 സെപ്റ്റംബറിലെ ട്രീ കമ്മിറ്റിയുടെ തീരുമാനം പിഐപി അധികൃതര്‍ അടിയന്തരമായി നടപ്പാക്കിയില്ലായെങ്കില്‍ ജനങ്ങളെ സംഘടിപ്പിച്ച് ശക്തമായ സമരം പരിപാടികള്‍ നടത്തും.
ഒ.ടി. ജയമോഹന് (വാര്‍ഡ് മെംബര്‍)