വിഷുക്കണിയൊരുക്കാന്‍ ഇതാ ശ്രീകൃഷ്ണവിഗ്രഹങ്ങളും
1541857
Friday, April 11, 2025 11:43 PM IST
ദേവരാജന്‍ പൂച്ചാക്കല്‍
പൂച്ചാക്കല്‍: കൊന്നപ്പൂവും കണിവെള്ളരിയും ശ്രീകൃഷ്ണവിഗ്രഹവും ചേര്‍ന്ന വിഷുക്കണി ഉണ്ടെങ്കിലേ മലയാളിയുടെ വിഷുപ്പുലരിയും വിഷു ആഘോഷവും പൂര്‍ണമാകൂ. പുഞ്ചിരിതൂകുന്ന കൃഷ്ണ വിഗ്രഹത്തിലെ പുലര്‍കാല കാഴ്ച സമ്പത്ത്സമൃദ്ധിയുടെ നാളുകള്‍ സമ്മാനിക്കുമെന്നാണ് മലയാളിയുടെ വിശ്വാസം.
വിഷു അടുത്തെത്തിയതോടെ ശ്രീകൃഷ്ണവിഗ്രഹ വിപണിയും സജീവമായി. വഴിയോരങ്ങളിലും വില്പ്പനശാലകളിലു മെല്ലാം ശ്രീകൃഷ്ണ വിഗ്രഹങ്ങള്‍ വില്‍പ്പന തകൃതിയായി നടക്കുന്നു. വിഷുവിന് കണികാണിക്കാനുള്ള വിഗ്രഹങ്ങള്‍ വില്ക്കാന് ഇതര സംസ്ഥാനത്തുനിന്നു ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വില്‍പ്പനക്കാര്‍ സ്ഥാനം പിടിച്ചുകഴിഞ്ഞു. വിവിധ നിറങ്ങളില്‍ കൃഷ്ണവിഗ്രഹം ലഭ്യമാണ്. 250 രൂപ മുതല്‍ 1600 രൂപ വിലയുള്ള വിഗ്രങ്ങള്‍ ലഭ്യമാണ്.
പ്ലാസ്റ്റര്‍ ഓഫ് പാരീസിലാണ് വിഗ്രഹങ്ങള്‍ കൂടുതലും നിര്‍മിച്ചിരിക്കുന്നത്.
പാതയോരങ്ങളിലാണ് വില്പനക്കാര് കൂടുതലുള്ളത്. വില്പന നടക്കുന്നുണ്ടെങ്കിലും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വില്പന കുറവാണെന്നും വരുംനാളുകളില്‍ വില്പന കൂടുമെന്ന പ്രതീക്ഷയുണ്ടെന്നും വ്യാപാരികള്‍ പറയുന്നു.