വമ്പൻ സ്രാവുകൾ ഹൈബ്രിഡ് കഞ്ചാവ് പ്രതികള്‍
1541854
Friday, April 11, 2025 11:43 PM IST
ആലപ്പുഴ: രണ്ടു കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസിലെ പ്രതികള്‍ക്കു രാജ്യാന്തര സ്വര്‍ണക്കടത്തു ബന്ധവും. കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ ചെന്നൈ എന്നൂര് സത്യവാണി മുത്തുനഗര്‍ സ്വദേശി സുല്‍ത്താന്‍ അക്ബര്‍ അലിയില്‍(43)നിന്നാണു സുപ്രധാന വിവരങ്ങള്‍ എക്സൈസിനു ലഭിച്ചത്.
അക്ബര്‍ അലിയാണു ഹൈബ്രിഡ് കഞ്ചാവ് കടത്തിയതിന്റെ മുഖ്യ സൂത്രധാരനെന്നാണു നിഗമനം. ഇയാളുടെ സ്ഥാപനത്തിന്റെ മറവിലാണു സ്വര്‍ണവും ഇലക്ട്രോണിക്സ് ഉപകരണങ്ങളും രാജ്യത്തേക്കു കടത്തിയിരുന്നത്. മൂന്നു വര്‍ഷത്തോളമായി അക്ബര്‍ അലിയും സംഘവും ഹൈബ്രിഡ് കഞ്ചാവും സ്വര്‍ണവും കടത്തിയിരുന്നെന്ന് എക്സൈസ് പറയുന്നു.
പരിശോധനകള്‍ ഒഴിവാക്കാന്‍ കുട്ടികള്‍ ഉള്‍പ്പെടെ കുടുംബമായാണ് കഞ്ചാവുമായി യാത്ര ചെയ്തിരുന്നത്. ഓമനപ്പുഴ സ്വകാര്യ റിസോര്‍ട്ടില്‍നിന്ന് ഹൈബ്രിഡ് കഞ്ചാവുമായി തസ്ലിമ സുല്‍ത്താന (ക്രിസ്റ്റീന-43), സഹായി കെ.ഫിറോസ് (26) എന്നിവര്‍ പിടിയിലാകുമ്പോള്‍ തൊട്ടടുത്തു വരെ കാറില്‍ അക്ബറും ഉണ്ടായിരുന്നു. അന്നു കഞ്ചാവ് കടത്തില്‍ ഇയാളുടെ ബന്ധം തിരിച്ചറിയാനായില്ലെങ്കിലും പിന്നീടുള്ള അന്വേഷണത്തില്‍ സൂത്രധാരനെന്നു കണ്ടെത്തി.
ഫോറന്‍സിക് പരിശോധന
തുടര്‍ന്നാണ് അന്വേഷണസംഘം, ചെന്നൈ എണ്ണൂരിലെ വാടക വീട്ടിലെത്തി അറസ്റ്റ് ചെയ്തത്. അക്ബര്‍ അലി വിദേശത്തു നിന്നെത്തിക്കുന്ന കഞ്ചാവ് ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കുകയാണു തസ്ലീമ ചെയ്തിരുന്നതെന്നാണു നിഗമനം. പ്രതികളുടെ രാജ്യാന്തര ബന്ധം സംബന്ധിച്ചു തെളിവു ലഭിച്ചാല്‍ കേന്ദ്ര ഏജന്‍സികള്‍ക്കു വിവരം കൈമാറും.
അക്ബര്‍ പലതവണ സിംഗപ്പൂര്‍, മലേഷ്യ, തായ്ലന്ഡ് തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ചതു ലഹരി, സ്വര്‍ണക്കടത്ത് ഇടപാടുകള്ക്കാണെന്നു സംശയിക്കുന്നുണ്ടെന്നും ഈ യാത്രകളെക്കുറിച്ച് അന്വേഷിക്കുമെന്നും ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ എസ്. വിനോദ് കുമാര്‍, അസിസ്റ്റന്റ് എക്സൈസ് കമ്മിഷണര്‍ എസ്.അശോക്കുമാര്, സ്പെഷല്‍ സ്ക്വാഡ് സിഐ എം. മഹേഷ് എന്നിവര്‍ പറഞ്ഞു. പ്രതിയെ റിമാന്‍ഡ് ചെയ്തു. ഹൈബ്രിഡ് കഞ്ചാവ് കടത്തു സംഭവത്തില്‍ പങ്കുണ്ടെങ്കില്‍ നടന്മാരെയും പ്രതി ചേര്‍ക്കുമെന്ന് എക്സൈസ്. പിടിയിലായ മൂന്നു പ്രതികളുടെയും മൊബൈല്‍ ഫോണുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കും.
നടന്മാരുടെ മൊഴി
ചാറ്റുകളില്‍നിന്നു കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്നാണു പ്രതീക്ഷ. കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച ശേഷം മൂന്നു പ്രതികളെയും കസ്റ്റഡിയില്‍ വാങ്ങി ഒന്നിച്ചിരുത്തി ചോദ്യം ചെയ്യും. തുടര്‍ന്നാകും നടന്മാരുടെ മൊഴി രേഖപ്പെടുത്തുക. പ്രതികളെന്നു ബോധ്യപ്പെട്ടാല്‍ നടന്മാരെ അറസ്റ്റ് ചെയ്യുമെന്നും എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ എസ്.അശോക് കുമാര്‍ പറഞ്ഞു.
കൊടുംകുറ്റവാളികള്‍ താമസിക്കുന്ന സ്ഥലത്തായിരുന്നു സുല്‍ത്താന്‍ അക്ബര്‍ അലിയുടെ വാടകവീട്. വളരെയേറെ ബുദ്ധിമുട്ടിയാണു പ്രതിയിലേക്ക് എത്തിച്ചേരാന്‍ സാധിച്ചതെന്ന് അന്വേഷണസംഘം പറഞ്ഞത്. ആയിരം വീടിന് ഒരു മൂപ്പന് എന്നതാണു പ്രദേശത്തെ സംവിധാനം. പ്രതി താമസിച്ചിരുന്ന പ്രദേശത്തിന്റെ മൂപ്പനായ മതിയുടെ സഹായത്തോടെയാണ് അന്വേഷണസംഘം പ്രതിയുടെ ഒളിത്താവളത്തിലെത്തിയത്.
വാടകവീടിന്റെ ഉടമയെ കണ്ടെത്താനായതാണ് അക്ബര്‍ അലിയുടെ വീട് തിരിച്ചറിയാന്‍ സഹായിച്ചത്. പ്രതിയെ നാട്ടിലെത്തിക്കാന്‍ ട്രാന്‍സിറ്റ് വാറണ്ടിനു വേണ്ടി ചെന്നൈ തിരുവട്ടിയൂര്‍ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പോലീസില്ലാതെ പ്രതിയെ പിടിക്കാന്‍ എങ്ങനെ കഴിഞ്ഞു എന്ന ആശ്ചര്യവും കോടതി പ്രകടിപ്പിച്ചെന്നും ഉദ്യോഗസഥര്‍ പറഞ്ഞു.