ജീവനും സ്വത്തിനും ഭീഷണിയായി പാണ്ടനാട്ടിൽ പമ്പാതീരമിടിയുന്നു
1542241
Sunday, April 13, 2025 5:09 AM IST
ചെങ്ങന്നൂര്‍: 2018ലെ മഹാപ്രളയത്തിന്റെ കെടുതികള്‍ ഒഴിഞ്ഞിട്ടില്ലെന്ന് തെളിയിക്കുന്നതാണ് പാണ്ടനാട്ടെ പമ്പാനദിയുടെ തീരങ്ങളിലെ ഇപ്പോഴത്തെ കാഴ്ച. പ്രളയത്തില്‍ സംഭവിച്ച തീരമിടിച്ചില്‍ ഇപ്പോഴും രൂക്ഷമായി തുടരുകയാണ്. ഇതു പമ്പയുടെ കരകളില്‍ താമസിക്കുന്ന വരുടെ ജീവനും സ്വത്തിനും വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്.
പാണ്ടനാട് പഞ്ചായത്തിലെ 13-ാം വാര്‍ഡിലാണ് ഏകദേശം ഒന്നര കിലോമീറ്റര്‍ ദൂരത്തില്‍ തീരം ഇടിയുന്നത്. കൗസ്തുഭത്തില് അരവിന്ദന്, തയ്യില്‍ (രാമനിലയം) വീട്ടില്‍ ഗിരിജാകുമാരി, കണ്ണങ്കര ശ്രീവത്സം വീട്ടില്‍ ചന്ദ്രലേഖ എന്നിവരുടെ വീടുകള്‍ക്കാണ് ഈ പ്രതിഭാസം ഏറ്റവും കൂടുതല്‍ ഭീഷണി സൃഷ്ടിക്കുന്നത്. ശ്രീവത്സത്തില്‍ ചന്ദ്രലേഖയുടെ അനുഭവം ഭീതിപ്പെടുത്തുന്നതാണ്.
1999ല്‍ ഭൂമി രജിസ്റ്റര്‍ ചെയ്തപ്പോള്‍ 18 സെന്റ് ഉണ്ടായിരുന്ന സ്ഥലം ഇന്ന് 14 സെന്റായി ചുരുങ്ങി. പ്രളയത്തിനുശേഷം നാലു സെന്റ് ഭൂമി അവര്‍ക്കു നഷ്ടമായി. പ്രളയത്തില്‍ വീടു പൂര്‍ണമായും മുങ്ങിയിരുന്നു. അതിനുശേഷമാണ് വീടിനോടു ചേര്‍ന്നുള്ള പമ്പാനദിയുടെ തീരം ഇടിയാന്‍ തുടങ്ങിയത്. അന്നുമുതല്‍ ചന്ദ്രലേഖ സര്‍ക്കാര്‍ ഓഫീസുകളില്‍ സഹായം അഭ്യര്‍ഥിച്ച് കയറിയിറങ്ങുകയാണ്.
2021ല്‍ പഞ്ചായത്ത് എന്‍ജിനിയറിംഗ് വിഭാഗം നല്കിയ റിപ്പോര്‍ട്ടില്‍ കെട്ടിടത്തിന്റെ ഫൗണ്ടേഷനില്‍ അടക്കം പൊട്ടലുകളുണ്ടെന്നും മുന്‍വശം സംരക്ഷണഭിത്തി കെട്ടി ബലപ്പെടുത്തണമെന്നും വ്യക്തമാക്കിയിരുന്നു. അല്ലാത്തപക്ഷം ഭാവിയില്‍ മണ്ണിടിച്ചിലുണ്ടായി കെട്ടിടത്തിന്റെ നിലനില്‍പ്പിനെത്തന്നെ ബാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പു നല്‍കിയിരുന്നു.
എന്നാല്‍, ഈ റിപ്പോര്‍ട്ട് വന്നിട്ട് മൂന്നര വര്‍ഷം പിന്നിട്ടിട്ടും യാതൊരു തുടര്‍നടപടിയും ഉണ്ടായിട്ടില്ല. തീരമിടിച്ചില്‍ ഇപ്പോഴും തുടരുകയാണ്. നദിയുടെ മറുകരയായ ഒന്നാം വാര്‍ഡില്‍ സംരക്ഷണ ഭിത്തി കെട്ടി ബലപ്പെടുത്തിയിട്ടുണ്ട്. ഇത് അവിടത്തെ വെള്ളത്തിന്റെ തള്ളല്‍ ഈ ഭാഗത്തേക്കു വര്‍ധിപ്പിക്കാന്‍ കാരണമാകുന്നുണ്ട്. ഇതിനു പുറമേ നദിയിലൂടെ ദിവസേനയുള്ള സ്പീഡ് ബോട്ടുകളുടെ സഞ്ചാരം സ്ഥിതി കൂടുതല്‍ രൂക്ഷമാക്കുന്നു.
പാണ്ടനാട് കൊട്ടാരത്തില്ക്കടവു മുതല്‍ മുണ്ട്രക്കടവു വരെയുള്ള ഒരു കിലോമീറ്റര്‍ ഭാഗത്തെ മറ്റു നാലു വീടുകളുടെ തീരവും ഇതേരീതിയില്‍ ഇടിയുന്നുണ്ട്. വെള്ളം കയറി തിട്ടയിടിഞ്ഞ നദിയിലേക്ക് ഇറങ്ങുന്നതിനാല്‍ വീടുകളുടെ അസ്ഥിവാരത്തിനും ബലക്ഷയം സംഭവിക്കുന്നുണ്ട്. ഭിത്തികളില്‍ പൊട്ടലുകള്‍ വീഴുകയും തറയിരുത്തുകയും ചെയ്തിട്ടുണ്ട്.
കൗസ്തുഭത്തില് അരിവിന്ദന്റെ അപേക്ഷ പ്രകാരം പമ്പയുടെ തീരം കെട്ടുന്നതിന് ആലപ്പുഴ ജില്ല പഞ്ചായത്ത് മാന്നാര്‍ ഡിവിഷന്റെ മെമ്പറുടെ തനതു ഫണ്ടില്‍നിന്ന് 25 ലക്ഷം രൂപ അനുവദിക്കുകകയും ഇതിന്റെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിക്കുക യും ചെയ്തിട്ടുണ്ട്. സമീപകാലം വരെ വിവിധ കരകൃഷികള്‍ നടത്തിയിരുന്ന ഫലഭൂയിഷ്ടമായ മണ്ണാണ് ഇപ്പോള്‍ നദി കവര്‍ന്നെടുക്കുന്നത്. നദിക്കഭിമുഖമായുള്ള വീടുകളും നദീതീരവും തമ്മിലുള്ള അകലം ക്രമേണ കുറഞ്ഞു വരികയാണ്.
കാലവര്‍ഷ മെത്തുന്നതോടെ സ്ഥിതി കൂടുതല്‍ ഗുരുതരമാകുമെന്ന ആശങ്കയിലാണ് പാണ്ടനാട്ടിലെ ജനങ്ങള്‍. അടിയന്തരമായി അധികൃതര്‍ വിഷയത്തില്‍ ഇടപെട്ട് കൂടുതല്‍ ഫണ്ട് അനുവദിക്കുകയും, തീരമിടിച്ചില്‍ ഭീഷണി നേരിടുന്ന എല്ലാ കുടുംബങ്ങള്‍ക്കും സംര ക്ഷണം ഉറപ്പാക്കുകയും ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കാലവര്‍ഷം അടുത്തുവരുന്ന സാഹചര്യത്തില്‍ അധികൃതരുടെ ഭാഗത്തുനിന്നുള്ള സത്വരനടപടി അനിവാര്യമാണ്.