വ്യാജമദ്യം പിടികൂടാനെത്തിയ എക്സൈസ് സംഘത്തിനുനേരേ ബിജെപി ആക്രമണം
1542510
Sunday, April 13, 2025 11:16 PM IST
കായംകുളം: വ്യാജമദ്യം പിടികൂടാനെത്തിയ എക്സൈസ് സംഘത്തെ ബിജെപി നേതാവിന്റെ നേതൃത്വത്തില്‍ ആക്രമിച്ചു. ആക്രമണത്തില്‍ കായംകുളം എക്സൈസ് സിവില്‍ ഓഫീസര്‍ നന്ദ ഗോപാലിന് (27) പരിക്കേറ്റു. ഇദ്ദേഹത്തെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തില്‍ ബിജെപി കായംകുളം മണ്ഡലം സെക്രട്ടറി പത്തിയൂര്‍ വടശേരില്‍ വീട്ടില്‍ ബിനു, ഭാര്യ പത്തിയൂര്‍ പഞ്ചായത്ത് ഏഴാം വാര്‍ഡ് അംഗമായ മോളി വടശേരി, മകള്‍ പ്രവീണ, മരുമകന് എന്നിവര്‍ക്കെതിരെയാണ് കരീലകുളങ്ങര പോലീസ് കേസെടുത്തത്.
ശനിയാഴ്ച രാത്രി ഒൻപതോ ടെയായിരുന്നു സംഭവം. ബിനു നടത്തുന്ന ഹോളോ ബ്രിക്സ് കമ്പിനിയോട് ചേര്‍ന്ന കുടുംബ വീട്ടില്‍ വ്യാജമദ്യ വില്പന നടക്കുന്നതായുള്ള നിരന്തര പരാതിയെ ത്തുടര്‍ന്നായിരുന്നു കായംകുളം എക്സൈസ് സംഘം സ്ഥലത്ത് പരിശോധനക്ക് എത്തിയത്. എക്സൈസ് സിവില്‍ ഓഫീസര്‍മാരായ ബിപിന്‍, നന്ദഗോപാല്‍, രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ വീട്ടില്‍ പരിശോധന നടത്തി. വ്യാജമദ്യവുമായി നിരവധി വ്യാജമദ്യ കേസില്‍ പ്രതിയായ പത്തിയൂര്‍ കോട്ടൂര്‍ വടക്കതില്‍ ശശി എന്നയാളെ പിടികൂടുകയും ചെയ്തു. ശശിയുടെ ഒപ്പമുണ്ടായിരുന്ന വ്യാജമദ്യ കേസില്‍ പ്രതികളായ മറ്റുള്ളവര്‍ ഓടി രക്ഷപ്പെട്ടു.
പ്രതിയെ കൊണ്ടുപോകാനായി ശ്രമിക്കുന്നതിനിടയിലാണ് ബിനുവിന്റെ നേതൃത്വത്തില്‍ ത്തില്‍ എക്സൈസ് സംഘത്തെ തടയുകയും ആക്രമിക്കുകയും ചെയ്തത്. ആക്രമണത്തില്‍ മര്‍ദനമേറ്റ നന്ദഗോപാല്‍ താഴെ വീഴുകയും ചെയ്തു. സംഭവം അറിഞ്ഞ് എക്സൈസൈസ് ഉദ്യോഗസ്ഥരും കരീലകുളങ്ങരസിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സ്ഥലത്തെത്തി.
മര്‍ദനമേറ്റ നന്ദഗോപാലനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ സമ്മതിക്കാതെ ബിനുവും പഞ്ചായത്തംഗമായ മോളിയുടെയും നേതൃത്വത്തില്‍ എക്സൈസ് വാഹനം തടഞ്ഞ് വീണ്ടും പോലീസിനെയും എക്സൈസ് സംഘത്തെയും ആക്രമിക്കാന്‍ ശ്രമിക്കുകയും അസഭ്യം പറയുകയും ഭീഷണി മുഴക്കുകയും ചെയ്തു. കൂടുതല്‍ പോലീസ് എത്തിയാണ് എക്സൈസൈസ് ഉദ്യോഗസ്ഥനെ ആശുപത്രിയില്‍ എത്തിച്ചത്. എക്സൈസ് ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്തതിനാണ് പോലീസ് കേസെടുത്തത്.