നെഹ്റു ട്രോഫി: തീയതിമാറ്റം പരിഗണനയിൽ
1541546
Friday, April 11, 2025 12:01 AM IST
ആലപ്പുഴ: നെഹ്റുട്രോഫി വള്ളംകളി ഓഗസ്റ്റ് 30ന് നടത്താന്‍ സംഘാടകസമിതിയായ നെഹ്റു ട്രോഫി ബോട്ട് റേസ് (എന്‍ടിബിആര്‍) സൊസൈറ്റി എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ ധാരണ. ജില്ലയിലെ എംപിമാരെയും എംഎല്‍എമാരെയും ടൂറിസം വകുപ്പിനെയും ഇക്കാര്യം അറിയിച്ച് അനുമതി വാങ്ങാന്‍ സൊസൈറ്റി ചെയര്മാന് കൂടിയായ കളക്ടര്‍ അലക്സ് വര്‍ഗീസിനെ ചുമതലപ്പെടുത്തി.
ഈ തീയതിയില്‍ അസൗകര്യമുണ്ടെങ്കില്‍ ഓഗസ്റ്റ് 23നു നടത്താനും ആലോചനയുണ്ട്. 1954ല്‍ ആരംഭിച്ച കാലം മുതല്‍ ഓഗസ്റ്റിലെ രണ്ടാം ശനിയാഴ്ച നടത്തിയിരുന്ന വള്ളംകളിയാണു പുതിയ തീയതിയിലേക്ക് മാറ്റുന്നത്. പ്രളയം കാരണം 2018, 19 വര്‍ഷങ്ങളിലും കോവിഡ് കാരണം 2022ലും ഓഗസ്റ്റ് രണ്ടാം ശനിയാഴ്ച വള്ളംകളി നടന്നിരുന്നില്ല.
ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ ദുഃഖാചരണം മൂലമാണു കഴിഞ്ഞവര്‍ഷം തീയതി മാറ്റിയത്. ഓഗസ്റ്റില്‍ മഴയും പ്രകൃതിക്ഷോഭങ്ങളും പതിവാണെന്നും അതിനാല്‍ വള്ളംകളി തീയതി മാറ്റണമെന്നും ആവശ്യം ഉയര്‍ന്നിരുന്നു. ഇതാണു പരിഗണിച്ചത്.
അതേസമയം, രാജ്യാന്തര ടൂറിസം കലണ്ടറില്‍ ഓഗസ്റ്റ് രണ്ടാം ശനിയാഴ്ചയിലെ നെഹ്റു ട്രോഫി വള്ളംകളി ഇടം പിടിച്ചതാണെന്നും മാറ്റരുതെന്നും വാദം ഉയര്‍ന്നു. പുതിയ തീയതി രാജ്യാന്തര തലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന തരത്തില്‍ ആസൂത്രണം ചെയ്താല്‍ മതിയെന്ന വാദവുമുണ്ടായി. ഓണത്തിനു മുന്‍പാണു വള്ളംകളിയെന്നതിനാല് പരസ്യവരുമാനം കുറയില്ലെന്നും പരമാവധി പരസ്യം, ടിക്കറ്റ് വരുമാനം ഉറപ്പാക്കണമെന്നും നിര്‍ദേശമുയര്‍ന്നു.
തര്‍ക്കം ഒഴിവാക്കണം
പരാതികള്‍ ഒഴിവാക്കാന്‍ സ്റ്റില്‍ സ്റ്റാര്‍ട്ട് സംവിധാനം മികച്ചതാക്കണം. വിജയികളെ പ്രഖ്യാപിക്കുന്നതിലും തര്‍ക്കങ്ങളില്‍ തീര്‍പ്പു കല്പ്പിക്കുന്നതിലും നടപടി സംബന്ധിച്ചു ധാരണയുണ്ടാക്കണം എന്നീ നിര്‍ദേശം ഉയര്‍ന്നു. ബോണസ് വിതരണം വൈകരുത്. വള്ളംകളിക്കു മുന്‍പായി സര്‍ക്കാര്‍ ഗ്രാന്റ് ലഭ്യമാക്കിയാല്‍ വള്ളംകളിയുടെ അന്നുതന്നെ ബോണസ് നല്‍കാനാകും. വള്ളംകളി സെപ്റ്റംബര്‍ 27നാണെന്നു പ്രചരിപ്പിച്ചവര്‍ക്കെതിരേ നടപടി വേണമെന്ന നിര്‍ദേശവുമുണ്ടായി.