ഡ്രൈ ഡേ ഉപേക്ഷിക്കാനുള്ള സർക്കാർ തീരുമാനം മദ്യലോബിക്കു വേണ്ടി: കൊടിക്കുന്നിൽ സുരേഷ്
1541547
Friday, April 11, 2025 12:01 AM IST
മാവേലിക്കര: ഡ്രൈ ഡേ ഉപേക്ഷിക്കാനും കൂടുതൽ ബാറുകൾക്ക് അനുമതി നൽകാനും പുതിയ ബ്രൂവറികൾക്ക് ലൈസൻസ് അനുവദിക്കാനും സംസ്ഥാന സർക്കാർ എടുത്ത നടപടികൾ മദ്യലോബിയെ സഹായിക്കാനാണെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു.
മദ്യലോബിയുടെ സമ്മർദത്തിനും സാമ്പത്തിക ഇടപാടുകൾക്കും വഴങ്ങിയുള്ള സർക്കാർ തീരുമാനം പ്രതിഷേധാർഹമാണ്. മദ്യവിരുദ്ധ സമിതികൾ, സാമൂഹിക പ്രവർത്തകർ, സന്നദ്ധ സംഘടനകൾ തുടങ്ങി സമൂഹം ഒന്നടങ്കം ശക്തമായി എതിർത്ത നടപടിയെയാണ് സർക്കാർ മുന്നോട്ടുകൊണ്ടുപോകുന്നത്. നികുതി ലക്ഷ്യം വച്ച് ഇത്തരം തീരുമാനം കൈക്കൊണ്ടതിൽ നിന്നു കൈക്കൂലി ഇടപാടുകൾ പോലും സംശയിക്കപ്പെടുന്നുണ്ടെന്ന് കൊടിക്കുന്നിൽ ആരോപിച്ചു.
ഡ്രൈ ഡേ ഉപേക്ഷിക്കേണ്ട യാതൊരു സാഹചര്യവുമില്ല. ഇത് ആഗോള മദ്യകമ്പനികൾക്കും പ്രാദേശിക ബാറുടമകൾക്കും വേണ്ടിയുള്ള സർക്കാർ കൂട്ടുകച്ചവടമാണ്, ഇക്കാര്യത്തിൽ നിയമപരവും ജനാധിപത്യപരവുമായ നിരീക്ഷണവും രാഷ്ട്രീയ പ്രതിഷേധവുമുണ്ടാകുമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു.