അരങ്ങൊഴിഞ്ഞത് ഷേക്സ്പിയർ നാടകങ്ങളുടെ പ്രചാരകൻ
1542513
Sunday, April 13, 2025 11:16 PM IST
മങ്കൊമ്പ്: വിടപറഞ്ഞത് ഷേക്സ്പിയർ നാടകങ്ങളെ കുട്ടികൾക്കു പരിചയപ്പെടുത്തിയ, നാടകത്തെ സ്നേഹിച്ച അധ്യാപകൻ. കുട്ടനാടിന്റെ ഷേക്സ്പിയർ എന്നറിയപ്പെടുന്ന ഊരുക്കരി ജോസഫ് കുഞ്ഞ് സാർ നൊച്ചുവീട്ടിൽ അരങ്ങൊഴിഞ്ഞു. പാഠപുസ്തകങ്ങളുടെ ഏടുകൾക്കപ്പുറം, കലയുടെയും സാഹിത്യത്തിന്റെയും ലോകത്തേക്ക് തന്റെ ശിഷ്യന്മാരെ നയിച്ച മാതൃകാധ്യാപകനായിരുന്നു അരങ്ങൈാഴിഞ്ഞ ജോസഫ്കുഞ്ഞ് സാർ.
ചമ്പക്കുളം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപകനായിരിക്കെയാണ് നാടകപ്രവർത്തനങ്ങളിലേക്കു തിരിഞ്ഞത്. വിശ്വ നാടകകൃത്തായ ഷേക്സ്പിയറിന്റെ ഏഴു നാടകങ്ങൾ ഒൻപതു വർഷങ്ങൾ തുടർച്ചയായി കുട്ടികളെക്കൊണ്ട് അരങ്ങിൽ അവതരിപ്പിച്ചു. നാടകങ്ങളുടെ അവതരണത്തിനായി അദ്ദേഹം സെന്റ് മേരീസ് സ്കൂളിൽ സ്ട്രാട്ഫ്രട്ട് സ്റ്റേജ് എന്ന നാടക തിയറ്റർ രൂപീകരിച്ചു.
ഊണിലും ഉറക്കത്തിലും ഷേക്സ്പിയർ നാടകങ്ങളായിരുന്നു അദ്ദേഹത്തിന്റെ മനസിലെന്ന് ഒപ്പം സേവനം ചെയ്ത അധ്യാപകർ സാക്ഷ്യപ്പെടുത്തുന്നു.
ചങ്ങനാശേരി അതിരൂപത കോർപറേറ്റ് മാനേജ്മെന്റ് വിവിധ സ്കൂളുകളിൽ ഫിസിക്സ് അധ്യാപകനായിരുന്നു. 2023 മാർച്ചിൽ ചമ്പക്കുളം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽനിന്നാണ് വിരമിച്ചത്. മിത്രക്കരി സെന്റ് സേവ്യേഴ്സ് സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ, യുവദീപ്തി ഭാരവാഹി, അധ്യാപക സംഘടന പ്രവർത്തകൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. 2022ലെ അഖിലേന്ത്യാ ടീച്ചേഴ്സ് ഫെഡറേഷന്റെ ഗുരുശ്രേഷ്ഠ അവാർഡിന് അർഹനായിരുന്നു.