ഹരിപ്പാട് മണ്ഡലത്തിലെ മുടങ്ങിക്കിടന്ന എട്ടു റോഡുകളുടെ നിർമാണത്തിനു നടപടി
1541542
Friday, April 11, 2025 12:01 AM IST
ഹരിപ്പാട്: രമേശ് ചെന്നിത്തല എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് രണ്ടുവർഷം മുമ്പ് തുക അനുവദിക്കുകയും പത്തു തവണയിൽ കൂടുതൽ ടെൻഡർ ചെയ്തിട്ടും കരാറുകൾ എടുക്കാത്തതിനെത്തുടർന്ന് മുടങ്ങിക്കിടക്കുകയും ചെയ്ത എട്ടു നിർമാണങ്ങൾ ടെൻഡർ പൂർത്തീകരിച്ച് പണി ആരംഭിക്കാൻ തീരുമാനമായി. എറണാകുളം കേന്ദ്രീകരിച്ചുള്ള ലേബർ കോൺട്രാക്ട് സൊസൈറ്റിയുമായി എംഎൽഎ ബന്ധപ്പെട്ടതിനെത്തുടർന്നാണ് തീരുമാനമായത്.
ചേപ്പാട് പഞ്ചായത്തിലെ മുറിയാമൂട് മണാലിൽ ജംഗ്ഷൻ, പള്ളിപ്പാട് പഞ്ചായത്തിലെ കളത്തിൽ ജംഗ്ഷൻ-ചെറിയിത്തലേത്ത് സൗത്ത്, മുതുകുളം പാണ്ഡവർകാവ് പുളിയറ റോഡ്, പള്ളിപ്പാട് ലോട്ടസ് ജംഗ്ഷൻ കറുത്തട്ടിൽ പടീറ്റതിൽ ജംഗ്ഷൻ റോഡും സ്ലാബ് വർക്കും കരുവാറ്റ ആശ്രമം-പട്ടേരിപ്പറമ്പിൽ റോഡ്, പള്ളിപ്പാട് വഴുതാനം യുപിഎസ്, കിഴക്ക്മുതൽ പടിഞ്ഞാറ് ചിറ വടക്കതിൽ നീണ്ടൂർ ടെമ്പിൾ റോഡ്, ചെറുതന പുത്തൻതുരുത്ത് -കാഞ്ഞിരംതുരുത്ത് റോഡ് എന്നീ റോഡുകളുടെ ടെൻഡർ നടപടികളും പൂർത്തിയായതായും സാങ്കേതിക തടസങ്ങൾ നീക്കി എത്രയും പെട്ടെന്ന് പണി പൂർത്തിയാക്കാൻ എൽഎസ്ജിഡി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായും എംഎൽഎ അറിയിച്ചു.