ജസ്റ്റിന്റെ കുടുംബത്തിന് വീട്
1542247
Sunday, April 13, 2025 5:09 AM IST
തുറവൂർ: പള്ളിത്തോട് പൊഴിച്ചാലിൽ മത്സ്യബന്ധനത്തിനിടെ മരിച്ച ജസ്റ്റിന്റെ കുടുംബത്തിനായി നിർമിച്ച വീടിന്റെ താക്കോൽദാനം നാളെ നടക്കും. കഴിഞ്ഞ ജൂലൈ 13ന് പള്ളിത്തോടു പൊഴിച്ചാലിൽ മത്സ്യബന്ധനം നടത്തുന്നതിനിടയിലാണ് അപകടത്തിൽപ്പെട്ട കുത്തിയത്തോടു പഞ്ചായത്ത് ഒന്നാം വാർഡിൽ പള്ളിത്തോടു ചാപ്പക്കടവിൽ മാളിയേക്കൽ ജസ്റ്റിൻ എന്നുവിളിക്കുന്ന സെബാസ്റ്റ്യൻ(45) മരണമടഞ്ഞത്.
അപകടവിവരമറിഞ്ഞ് ചാപ്പക്കടവിൽ ജസ്റ്റിന്റെ വീട്ടിലെത്തിയ കെ.സി. വേണുഗോപാൽ എംപി സ്വന്തമായി വീടില്ലാതെ കടൽഭിത്തിയോടു ചേർന്ന് ഒരു ചെറിയ ഷെഡിൽ താമസിച്ചിരിന്ന ജസ്റ്റിന്റെ ഭാര്യ മിനിയുടെയും വിദ്യാർഥികളായ രണ്ടു മക്കളുടെയും (അലൻ, അലീന) ദുരിതങ്ങൾ നേരിൽക്കണ്ടു മനസിലാക്കുകയും അവർക്ക് സ്വന്തമായൊരു വീടുനിർമിച്ചു നൽകാമെന്നു പറയുകയും ചെയ്തിരിന്നു.
തുറവൂർ പഞ്ചായത്ത് പതിനാറാം വാർഡിൽ നിർമിച്ച വീടിന്റെ കല്ലിടൽകർമം കഴിഞ്ഞ ഒക്ടോബർ ആറിന് എംപി നിർവഹിച്ചിരുന്നു. ഈ വീടിന്റെ താക്കോൽദാനം നാളെ വിഷുദിനത്തിൽ വൈകുന്നേരം 4.30ന് കെ.സി. വേണുഗോപാൽ എംപി നിർവഹിക്കും. കോൺഗ്രസ് യുഡിഎഫ് നേതാക്കൾ പങ്കെടുക്കും.