വിശുദ്ധ വാരാചരണം
1541855
Friday, April 11, 2025 11:43 PM IST
പൂങ്കാവ് പള്ളിയിൽ
ആലപ്പുഴ: തീര്‍ഥാടനകേന്ദ്രമായ പൂങ്കാവ് പള്ളിയിൽ നാളെ പുലര്‍ച്ചെ വിശുദ്ധബലി അര്‍പ്പിക്കുന്നതോടെ വിശുദ്ധവാര തിരുകര്‍മങ്ങള്‍ക്ക് തുടക്കമാകും. വികാരി ഫാ. സേവ്യര്‍ ചിറമേല്‍ മുഖ്യകാര്‍മികത്വം വഹിക്കും. ദിവ്യബലിമധ്യേ ഫാ.ആന്റണി തൈവീട്ടില്‍ വചനസന്ദേശം നല്‍കും. വൈകുന്നരം നാലിന് ചെട്ടികാട് കടപ്പുറത്തുനിന്ന് ആരംഭിക്കുന്ന കുരിശിന്റെ വഴി ഇടവക ദേവാലയത്തില്‍ എത്തിച്ചേരുമ്പോള്‍ ഫാ. ലിജേഷ് കാളിപ്പറമ്പില്‍ വചനപ്രഘോഷണം നടത്തും. തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ രാവിലെയും വൈകിട്ടും പ്രത്യേക ദിവ്യബലിയും കുരിശിന്റെ വഴിയും നടക്കും.
17-ന് പെസഹാ വ്യാഴാഴ്ച വൈകുന്നരം ആറിന് തിരുവത്താഴപൂജ ആരംഭിക്കും. വികാരി ഫാ. സേവ്യര്‍ ചിറമേല്‍ തിരുക്കര്‍മങ്ങളില്‍ മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. സെബാസ്റ്റ്യന്‍ പള്ളിപ്പറമ്പില്‍ വചനന്ദേശം നല്‍കും. തുടര്‍ന്ന് കാൽകഴുകല്‍ ശുശ്രൂഷ, ദിവ്യകാരുണ്യ സ്വീകരണം. പരിശുദ്ധ കൂര്‍ബാന സ്ഥാപനം, പരസ്യാരാധന. രാത്രി എട്ടിന് വിശ്വപ്രസിദ്ധമായ പൂങ്കാവിലെ ദീപക്കാഴ്ച ആരംഭിക്കും.
പ്രഥമ ദീപം തെളിക്കുന്ന ചടങ്ങില്‍ പി.പി. ചിത്തരഞ്ജന് എംഎല്‍എ, കെ.സി. വേണുഗോപാല്‍ എംപി തുടങ്ങി രാഷ്ട്രീയ -സാസ്കാരിക നേതാക്കന്മാര് പങ്കെടുക്കും. വിശാലമായ പള്ളി അങ്കണത്തില്‍ ആയിരക്കണക്കിന് നിലവിക്കുകള് നിരനിരയായി കത്തിച്ചുവച്ച് പെസഹാ രാത്രി കൂടുതല്‍ പ്രഭാമയവും ചൈതന്യപൂര്ണവുമാക്കും. രാത്രി 12ന് ആരംഭിക്കുന്ന കുരിശിന്റെ വഴിയില്‍ ഫാ.സെബാസ്റ്റ്യന്‍ പള്ളിപ്പറമ്പില്‍ ധ്യാനപ്രസംഗം നടത്തും. നേര്ച്ചക്കഞ്ഞിവയ്പ്പിന്റെ ആശീര്‍വാദം കൃപാസനം ഡയറക്ടര്‍ ഫാ. വി.പി. ജോസഫ് വലിയവീട്ടില്‍ നിര്‍വഹിക്കും.
ദുഃഖവെള്ളിയാഴ്ച രാവിലെ നാലു മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ തുടര്‍ച്ചയായി വിവിധ ഭക്ത സംഘടനകളുടെ നേതൃത്വത്തില്‍ കുരിശിന്റെ വഴി, നേര്‍ച്ചക്കഞ്ഞി വിതരണം. ഒന്നു മുതല്‍ രണ്ടു വരെ പൂത്തന്പാന, അമ്മാനംവായന. വൈകുന്നരം മൂന്നിന് കര്‍ത്താവിന്റെ പീഡാസഹന അനുസ്മരണം. തുടര്‍ന്ന് പൂങ്കാവിലെ പീഡാനുഭവ തിരുസ്വരൂപവും വഹിച്ചുള്ള നഗരികാണിക്കല്‍ ചടങ്ങ് നടക്കും.
രാത്രി എട്ടിന് ആരംഭിക്കുന്ന കുരിശിന്റെ വഴിയിൽ ഫാ. ജോഷി മയ്യാറ്റില്‍ ധ്യാനപ്രസംഗം നടത്തും. രാത്രി 12ന് കബറടക്കശുശ്രൂഷ. ശനിയാഴ്ച രാത്രി 10.30ന് ആരംഭിക്കുന്ന പെസഹാ പ്രഘോഷണത്തെ ത്തുടര്‍ന്ന് ഉത്ഥാനത്തിന്റെ മഹത്വും സന്തോഷവും നിറയുന്ന ഉയിരപ്പു കുര്‍ബാന നടക്കും.
ദേശീയ തീര്‍ഥാടന ടൂറിസം ശൃംഖലയില്‍ ഉള്‍പ്പെട്ട ആലപ്പുഴ പൂങ്കാവ് പള്ളിയിലെ വിശുദ്ധവാര തിരുക്കര്‍മങ്ങളില്‍ പങ്കുകൊള്ളാന്‍ മുഴുവന്‍ തീര്‍ഥാടകരെയും സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. സേവ്യര്‍ ചിറമേല്‍ ജനറല്‍ കണ്‍വീനര്‍ ലിയോണ്‍ കുരിശുപറമ്പില്‍, മനോജ് പള്ളിപ്പറമ്പ്, സൂജ അനില്‍, ആന്റണി വി.വി., കോച്ചുമോന് പത്തുതയ്യില് വി.സി. ഉറുമീസ് എന്നിവര്‍ പറഞ്ഞു.
പഴവങ്ങാടി പള്ളിയിൽ ഓശാനത്തിരുനാൾ
ആലപ്പുഴ: പഴവങ്ങാടി മാർ സ്ലീവാ ഫൊറോനാ പള്ളിയിലെ ഓശാന തിരുനാൾ ആചരണം നാളെ രാവിലെ ആറിന് നടക്കും. കുരുത്തോല വെഞ്ചരിപ്പ്, വിശുദ്ധ കുർബാന,പ്രദക്ഷിണം എന്നിവയാണ് പ്രധാന ശുശ്രൂഷകൾ. രാവിലെ ആറിന് പ്രധാന ശുശ്രൂഷകൾക്കു ശേഷം രാവിലെ 9.30നും വിശുദ്ധ കുർബാന ഉണ്ടായിരിക്കും. തിരുക്കർമങ്ങൾക്ക് വികാരി ഫാ. സിറിയക് കോട്ടയിൽ, അസിസ്റ്റന്റ് വികാരിമാരായ ഫാ. മണിലാൽ ക്രിസ്, ഫാ. യോഹന്നാൻ കട്ടത്തറ, ഫാ. മൈക്കിൾ വെട്ടുകല്ലേൽ എന്നിവർ നേതൃത്വം നൽകും.
തങ്കി ഫൊറോന പള്ളിയില്‍
ചേര്‍ത്തല: തീര്‍ഥാടനകേന്ദ്രമായ തങ്കി സെന്റ് മേരീസ് ഫൊറോന പള്ളിയിലെ വിശുദ്ധവാരാചരണം നാളെ തുടങ്ങും. വിശുദ്ധവാരാചരണത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഫൊറോന വികാരി ഫാ. ജോര്‍ജ് എടേഴത്ത്, അസി.വികാരി ഫാ. ലോബോ ലോറന്‍സ് ചക്രശേരി, ജനറല്‍ കണ്‍വീനര്‍ എ.ജെ. സെബാസ്റ്റ്യന്‍, പബ്ളിസിറ്റി കണ്‍വീനര്‍ പി.പി. ജോയി പൊന്‍വേലില്‍, കണ്‍വിനര്‍മാരായ ജോസ് സേവ്യര്‍ നാനാട്ട്, ടോമി കളത്തിപ്പറമ്പില്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഓശാനഞായറാഴ്ചയായ നാളെ രാവിലെ ആറിന് കുരുത്തോല വെഞ്ചരിപ്പ്, തുടര്‍ന്ന് കുരുത്തോല പ്രദക്ഷിണം, ദിവ്യബലി, വൈകുന്നേരം അഞ്ചിന് ആത്മാഭിഷേക കണ്വന്ഷന് സമാപനം. 14ന് രാവിലെ 10ന് ഉദ്ദിഷ്ട കാര്യസാധ്യത്തിനായി കുട്ടികളുടെയും രക്ഷിതാക്കളുടെയും വചനയിരിപ്പ്, തുടര്‍ന്ന് ദിവ്യബലി. കൊച്ചി രൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ ഡോ. ജയിംസ് റാഫേല്‍ ആനാപറമ്പില്‍ മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് കല്ലറജപം, ആരാധന, വൈകുന്നേരം 3.30ന് ദിവ്യകാരുണ്യ ആരാധന, പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം. 15ന് രാവിലെ പത്തിന് യുവജനങ്ങളുടെ വചനയിരിപ്പ്. 16ന് രാവിലെ 10.30ന് തൈല പരികര്മപൂജ.
17ന് രാവിലെ 7.30ന് നേര്‍ച്ചക്കഞ്ഞി തയാറാക്കുന്നതിനുള്ള അരിയിടല് കര്‍മം ദലീമ ജോജോ എംഎല്‍എ നിര്‍വഹിക്കും. വൈകുന്നേരം അഞ്ചിന് തിരുവത്താഴപൂജ, കാല്‍കഴുകല്‍ ശുശ്രൂഷ, വചനപ്രഘോഷണം-ഡോ. ജോഷി മയ്യാറ്റില്‍. ഏഴിന് നടത്തുന്ന സ്നേഹദീപക്കാഴ്ചയ്ക്ക് കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന് ദീപം തെളിക്കും.
തുടര്‍ന്ന് നേര്‍ച്ചക്കഞ്ഞി വെഞ്ചരിപ്പ്, ദിവ്യകാരുണ്യ ആരാധന. രാത്രി 12ന് അദ്ഭുത തിരുസ്വരൂപം പൊതുവണക്കത്തിനായി പൂമുഖ പന്തലില്‍ പ്രതിഷ്ഠിക്കും. കൊച്ചി രൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ ഡോ. ജയിംസ് റാഫേല്‍ ആനാപറമ്പില്‍, കൊച്ചി രൂപത മുന്‍ ബിഷപ് ഡോ. ജോസഫ് കരിയില്‍ എന്നിവര്‍ മുഖ്യകാര്‍മികരാകും.
18ന് പുലര്‍ച്ചെ 12.30മുതല്‍ ധ്യാനാത്മക കുരിശിന്റെ വഴി-ഫാ. ഷിനോജ് പുന്നയ്ക്കല്‍, വൈകുന്നേരം മൂന്നിന് പീഡാനുഭവ അനുസ്മരണ ശുശ്രൂഷ, ദൈവവചന പ്രഘോഷണകര്‍മം, കുരിശാരാധന, ദിവ്യകാരുണ്യസ്വീകരണം-ഫാ. ദീപക് ജോസഫ്. അഞ്ചിന് നഗരി കാണിക്കല്‍, രാത്രി 10.30ന് പീഡാനുഭവ നൊവേന, 11ന് സമാപന കുരിശിന്റെ വഴി, 12ന് കബറടക്കം.
19ന് രാത്രി 11ന് തീ, തിരി, വെള്ളം വെഞ്ചരിപ്പ്, പെസഹാപ്രഘോഷണം. തുടര്‍ന്ന് ഉയിര്‍പ്പുതിരുനാള്‍ സമൂഹ ദിവ്യബലി വചനപ്രഘോഷണം-ഫാ.മാര്ട്ടിന് കബ്രാല്‍, തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണം. 20ന് രാവിലെ ഏഴിനും എട്ടിനും ദിവ്യബലി.
പുന്നപ്ര സെന്റ് ജോസഫ്സ് ഫൊറോന പള്ളിയിൽ
ആലപ്പുഴ: പുന്നപ്ര സെന്റ് ജോസഫ്സ് ഫൊറോന പള്ളിയിൽ പീഡാനുഭവ അനുസ്മരണം. നാളെ രാവിലെ 6.30ന് കുരുത്തോല വെഞ്ചരിപ്പ്, പ്രദക്ഷിണം. പെസഹാ വ്യാഴം വൈകിട്ട് 5ന് തിരുവത്താഴ ദിവ്യബലി, വചനപ്രഘോഷണം - ഫാ. ജോണ്സണ് ഫ്രാന്‍സിസ്. പാദക്ഷാളനം, ദിവ്യകാരുണ്യ പ്രദക്ഷിണം, ആരാധന, ദീപക്കാഴ്ച, കാഴ്ചവയ്പ്പ്. ദുഃഖവെള്ളി രാവിലെ 6.00ന് കുരിശിന്റെ വഴി, പ്രസംഗം - ഫാ. സെബാസ്റ്റ്യന്‍ ശാസ്താംപറമ്പില്‍, വൈകുന്നേരം നാലിന് പീഡാനുഭവ വായന, വ്യാകുലപ്രസംഗം, കുരിശാരാധന, ദിവ്യകാരുണ്യസ്വീകരണം , നഗരികാണിക്കല്‍, കബറടക്കം, വ്യാകുലപ്രസംഗം - ഫാ. ജോസി ലൂയിസ് കൊച്ചിക്കാരന്‍വീട്ടില്‍. ഉയിര്‍പ്പുതിരുനാള്‍ രാവിലെ 7.00ന് ദിവ്യബലി.
നഗരത്തില്‍ സംയുക്ത കുരിശിന്റെ വഴി നാളെ
ആലപ്പുഴ: നഗരത്തിലെ ലത്തീന്‍, സീറോ മലബാര്‍, മലങ്കര കത്തോലിക്കാ സഭകളിലെ വിവിധ പള്ളികളുടെ നേതൃത്വത്തില്‍ നോമ്പുകാലത്ത് സംഘടിപ്പിക്കുന്ന സംയുക്ത കുരിശിന്റെ വഴി ഓശാന ഞായറാഴ്ചയായ നാളെ നടക്കും. വൈകിട്ട് നാലിന് ആലപ്പുഴ രൂപതയുടെ മൗണ്ട് കാര്‍മല്‍ കത്തീഡ്രല്‍ ദേവാലയത്തില്‍നിന്ന് കുരിശിന്റെ വഴി ആരംഭിക്കും.
ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്ത മാര്‍ തോമസ് തറയില്‍ ആമുഖ സന്ദേശം നല്‍കും. നഗരം ചുറ്റി പഴവങ്ങാടി മാര്‍ സ്ലീവ ഫൊറോന തീര്‍ഥാടന പള്ളിയില്‍ എത്തുമ്പോള്‍ ആലപ്പുഴ ബിഷപ് ഡോ. ജയിംസ് റാഫേല്‍ ആനാപറമ്പില്‍ സമാപന സന്ദേശം നല്‍കും. കത്തീഡല്‍ പള്ളി അങ്കണത്തില്‍നിന്ന് തുടങ്ങി കോണ്‍വന്റ് സ്ക്വയര്‍, വഴിച്ചേരി, പിച്ചു അയ്യര്‍ ജംഗ്ഷന്, മുല്ലയ്ക്കല് എവിജെ ജംഗ്ഷന് വഴിയാണ് കുരിശിന്റെ വഴി പഴവങ്ങാടി പള്ളിയിലെത്തുക. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി മൗണ്ട് കാര്‍മല്‍ കത്തീഡ്രല്‍ വികാരി ഫാ. ഫ്രാന്‍സീസ് കൊടിയനാട്, പഴവങ്ങാടി മാര്‍സ്ലീവ ഫൊറോന പള്ളി വികാരി ഫാ. സിറിയക് കോട്ടയില്‍, സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളി വികാരി ഫാ. രഞ്ജിത്ത് മടത്തിറമ്പില്‍ എന്നിവര്‍ അറിയിച്ചു.
പരിഹാരപ്രദക്ഷിണ കുരിശിന്റെ വഴി
എടത്വ: ഫൊറോനാ ജൂബിലി തീര്‍ഥാടനവും പരിഹാരപ്രദക്ഷിണ കുരിശിന്റെ വഴിയും എടത്വായില്‍ നടന്നു. പച്ച-ചെക്കിടിക്കാട് ലൂര്‍ദ്മാതാ പള്ളിയില്‍നിന്ന് എടത്വ ഫൊറോനയുടെ ആഭിമുഖൃത്തില്‍ എടത്വ പള്ളിയിലേക്കു നടന്ന കുരിശിന്റെ വഴി വികാരി ഫാ. ഫിലിപ്പ് വൈക്കത്തുകാരന്‍ ഉദ്ഘാടനം ചെയ്ത് സന്ദേശം നല്കി. എടത്വ പള്ളിയില്‍ എത്തിച്ചേര്‍ന്നപ്പോള്‍ ചങ്ങനാശേരി അതിരൂപത വികാരി ജനറാള്‍ മോണ്‍. ആന്റണി എത്തക്കാട് സന്ദേശം നല്കി. പച്ച-ചെക്കിടിക്കാട് ലൂര്‍ദ്മാതാ പള്ളി വികാരി ഫാ. ജോസഫ് ചൂളപറമ്പില്‍, ഫാ. ജോസഫ് കട്ടപ്പുറം, ഫാ. ബ്രിന്റോ മനയത്ത്, പദയാത്രാ കണ്‍വീനര്‍ സാബു കരിക്കംപള്ളി, വിവിധ പള്ളികളിലെ കൈക്കാരന്മാര്, പാരീഷ് കമ്മിറ്റി, പദയാത്രാ കമ്മിറ്റി, എസ്എഫ്ഒ, കെഎല്‍എം അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്കി. യുവദീപ്തി, മിഷന്‍ലീഗ്, സണ്ഡേസ്കൂള് കുട്ടികള്‍ ലഹരിവിരുദ്ധ സന്ദേശ ഫ്ലോട്ടുകള്‍, പ്ലക്കാര്‍ഡുകള്‍ എന്നിവ പദയാത്രയിലുടനീളം പ്രദര്‍ശിപ്പിച്ചു.
പീഡാനുഭവ സ്മരണയിൽ കുരിശിന്റെ വഴി
മാവേലിക്കര: ക്രിസ്തുവിന്റെ പീഡാനുഭവത്തെയും കുരിശുമരണത്തെയും അനുസ്മരിച്ച് മാവേലിക്കരയിലും സമീപ പ്രദേശത്തുമുള്ള കത്തോലിക്കാ ദേവാലയങ്ങളുടെ ആഭിമുഖ്യത്തിൽ നാൽപതാംവെള്ളി കുരിശിന്റെ വഴി പുതിയകാവ് സെന്റ് ജോസഫ്സ് ദേവാലയത്തിൽനിന്ന് ആരംഭിച്ച് പുന്നമൂട് സെന്റ് മേരീസ് കത്തീഡ്രൽ ദേവാലയത്തിൽ സമാപിച്ചു.
മാവേലിക്കര ബിഷപ് ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്ത, ഭദ്രാസന വികാരി ജനറൽ മോൺ. ഡോ. സ്റ്റീഫൻ കുളത്തുംകരോട്ട്, ഫാ. ജോർജ് വല്ലയിൽ, ഫാ. റോബർട്ട് പാലവിളയിൽ, ഫാ. മാത്യൂസ് ചെങ്കിലാത്ത്, ഫാ. ഗിവർഗീസ് കോശി ചരുവിള എന്നിവർ പങ്കെടുത്തു. മലങ്കര കാത്തലിക് അസോസിയേഷൻ മാവേലിക്കര ഭദ്രാസന സമിതിയുടെയുടെയും കറ്റാനം വൈദിക ജില്ലയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ചാരുംമൂട്ടിൽ സംഘടിപ്പിച്ച കുരിശിന്റെ വഴി പ്രയാണം കരിമുളയ്ക്കൽ സെന്റ് മേരിസ് മലങ്കര കത്തോലിക്കാ ദേവാലയത്തിൽനിന്ന് ആരംഭിച്ച് ചാരുംമൂട് ലത്തീൻ കത്തോലിക്കാ ദേവാലയം വഴി തിരികെ സെന്റ് മേരിസ് ദേവാലയത്തിലേക്ക് എത്തിച്ചേർന്നു.
മാവേലിക്കര ഭദ്രാസന പ്രൊക്യുറേറ്റർ ഫാ. റോബർട്ട് പാലവിള ഉദ്ഘാടനം ചെയ്തു. എംസിഎ മാവേലിക്കര രൂപത വൈദിക ഉപദേഷ്ടാവ് ഫാ. സിൽവസ്റ്റർ തെക്കേടത്ത് , ഫാ. ജോർജ് ചരുവിള, ഫാ. ജേക്കബ് പേരൂർപറമ്പിൽ, ഫാ. ഗീവർഗീസ് ചാക്കപൂട്ടിൽ, ഫാ. ഡാനിയേൽ തെക്കടത്ത്, ഫാ. നെബു, ഫാ. മാത്യു ചെങ്കിലേത്ത്, മാവേലിക്കര രൂപത പ്രസിഡന്റ് അഡ്വ. അനിൽ ബാബു, വില്യംസ് മത്തായി , ഡോ. ഷാജി എം. സ്റ്റാൻലി , കോശി പാറത്തുണ്ടിൽ, കുര്യൻ ചാക്കോ, റെജി നല്ലില, ബിനു കെ. സാമുവേൽ, സിജു റോയി, സജി പായ്ക്കാട്ട്, പ്രഫ. ജോൺ ടി. ഏബ്രഹാം തേവരേത്ത്, ജിജി യോഹന്നാൻ എന്നിവർ നേതൃത്വം നൽകി.