വിഷുക്കണി ദർശനത്തിന് അമ്പലപ്പുഴ ക്ഷേത്രം ഒരുങ്ങി
1542245
Sunday, April 13, 2025 5:09 AM IST
അമ്പലപ്പുഴ: വിഷുക്കണി ദർശനത്തിന് അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി. വിഷുദിനത്തിൽ ഭഗവാനെ ദർശിക്കാൻ ആയിരങ്ങളാണ് എത്തുക. ഫലങ്ങളും പൂക്കളുമൊക്കെയാണ് കണിയൊരുക്കുക.
ഇന്നു രാത്രി 10ന് അത്താഴപൂജയും ശ്രീബലിയും കഴിഞ്ഞ് വാസുദേവാ എന്നു വിളിച്ച് നടയടയ്ക്കും. തുടർന്ന് മേൽശാന്തിയും ക്ഷേത്രം ജീവനക്കാരും അത്താഴം കഴിച്ച് വീണ്ടും ക്ഷേത്രം തുറക്കും. ഈ സമയം ഭക്തർക്ക് ക്ഷേത്രത്തിൽ പ്രവേശനമുണ്ടാകില്ല. നിർമാല്യം മാറ്റിയ ശേഷം ഭഗവാനെ തങ്കത്തിരുവാഭരണം അണിയിക്കും. ചക്ക, മാങ്ങ, സ്വർണക്കുടം, അഷ്ടമംഗല്യം, വെള്ളരി, കണിക്കൊന്ന, നാണയം എന്നിവ ഉരുളിയിൽ ഒരുക്കിവയ്ക്കും.
തുടർന്ന് മേൽശാന്തി തെക്കേ സോപാനത്തിലും കോയ്മ സ്ഥാനി, ശംഖ് വിളിക്കാരൻ എന്നിവർ വടക്കേ സോപാനത്തിലും കിടക്കും. പുലർച്ചെ മൂന്നിന് നടതുറന്ന് നിലവിളക്കുകൾ തെളിക്കും. തുടർന്ന് ഭഗവാനെ കണികാണുന്നതിന് ആദ്യം കോയ്മ സ്ഥാനിയെ മേൽശാന്തി വിളിക്കും. ആറിന് തിരുവാഭരണം അഴിച്ചുമാറ്റും.