സാമ്പത്തിക ക്രമക്കേട്: സസ്പെൻഷനിലായ ജീവനക്കാരിയെ തിരികെയെടുക്കാൻ നീക്കം
1541539
Friday, April 11, 2025 12:01 AM IST
അന്പലപ്പുഴ: ലക്ഷങ്ങൾ സാമ്പത്തിക ക്രമക്കേട് നടത്തി സസ്പെൻഷനിലായ ജീവനക്കാരിയെ തിരികെ പ്രവേശിക്കാൻ രാഷ്ട്രീയ നീക്കം. സിപിഎമ്മിൽ ഭിന്നത. അമ്പലപ്പുഴ സർവീസ് സഹകരണസംഘം 105-ാം നമ്പറിന് കീഴിലുള്ള കൊപ്പാറക്കടവിനു സമീപം പ്രവർത്തിക്കുന്ന എക്കോ ഷോപ്പിലെ ജീവനക്കാരിയായ അർച്ചനാ ആനന്ദിനെയാണ് തിരിച്ചെടുക്കാൻ നീക്കം നടത്തുന്നത്.
കഴിഞ്ഞ ഏഴുവർഷമായി ഇവിടെ ജോലി ചെയ്തിരുന്ന ഇവർ 13 ലക്ഷത്തിൽപ്പരം രൂപയുടെ സാമ്പത്തിക ക്രമക്കേടാണ് നടത്തിയത്. സെയിൽസ് ഗേളായി തുടക്കത്തിൽ അഞ്ചു വർഷം താത്കാലികമായി ജോലി ചെയ്ത ഇവരെ പിന്നീട് സിപിഎം സ്വാധീനത്താൽ രണ്ടു വർഷം മുൻപ് സ്ഥിരപ്പെടുത്തി. ഇക്കാലയളവിലാണ് രേഖകളും വൗച്ചറുകളും കണക്കുകളുമില്ലാതെ 13 ലക്ഷത്തിൽപ്പരം രൂപയുടെ സാമ്പത്തിക തട്ടിപ്പ് ഇവർ നടത്തിയത്. എക്കോ ഷോപ്പിൽനിന്നുള്ള വരുമാനം പ്രതിദിനം സഹകരണ സംഘത്തിൽ അടയ്ക്കണമെന്നായിരുന്നു തീരുമാനം.
എന്നാൽ, ഈ ജീവനക്കാരി തുകയടച്ചിരുന്നില്ല. അക്കാലയളവിലെ ബോർഡ് ഇത് പരിശോധിക്കുകയും ചെയ്തില്ല. പുതിയ ബോർഡ് നിലവിൽ വന്നതിനുശേഷം സെക്രട്ടറി നടത്തിയ പ്രാഥമിക പരിശോധനയിലാണ് വലിയ സാമ്പത്തിക തട്ടിപ്പ് നടന്നത് പുറത്തറിഞ്ഞത്.
സെക്രട്ടറിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ബോർഡ് ഇതിനെക്കുറിച്ച് അന്വേഷിക്കുന്നതിനായി മൂന്നംഗ അച്ചടക്ക സമിതിയെ നിയോഗിച്ചു. ഈ കമ്മിറ്റി നടത്തിയ പരിശോധനയിലാണ് കൂടുതൽ ക്രമക്കേട് കണ്ടെത്തിയത്. തുടർന്ന് അച്ചടക്ക സമിതിയുടെ റിപ്പോർട്ടിന്മേൽ വിരമിച്ച അസി. രജിസ്ട്രാറെ വിദഗ്ധ പരിശോധനയ്ക്കായും നിയോഗിച്ചു. ഒടുവിൽ ജീവനക്കാരി കുറ്റം സമ്മതിക്കുകയും അപഹരിച്ച പണം തിരിച്ചയയ്ക്കാമെന്ന് സമ്മതിക്കുകയും ചെയ്തു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ബോർഡ് കൂടി ഇവർക്ക് മെമ്മോ നൽകുകയും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യുകയും ചെയ്തത്. പിന്നീട് സസ്പെൻഷൻ കാലാവധി നീട്ടുകയും ചെയ്തു. ഇതിനിടയിൽ രണ്ടു തവണയായി 11 ലക്ഷത്തോളം രൂപ ഇവർ തിരിച്ചടച്ചു. അമ്പതിനായിരം രൂപയ്ക്ക് മുകളിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയാൽ പോലീസിൽ പരാതി നൽകി കേസെടുക്കണമെന്ന സഹകരണ നിയമം ബോർഡ് പാലിച്ചില്ല.
സസ്പെൻഷൻ കാലാവധി കഴിയാറായതോടെ ഇവരെ വീണ്ടും ജോലിയിൽ തിരിച്ചെടുക്കാനുള്ള നീക്കമാണ് സിപിഎം നടത്തുന്നത്. ബോർഡിലെ ഭൂരിഭാഗം അംഗങ്ങളും ഇതിൽ വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും ബോർഡിലെ മുതിർന്ന സി പിഎം അംഗവും എംഎൽഎയുമാണ് ഇവരെ തിരിച്ചെടുക്കാനായി കടുത്ത നിലപാട് സ്വീകരിക്കുന്നത്.
ഇതിനെതിരേ സിപിഎമ്മിലും ബോർഡിലും കനത്ത പ്രതിഷേധമുയർന്നിട്ടുണ്ട്.