ഉയരപ്പാത നിര്‍മാണം തകൃതി; പ്രതീക്ഷയോടെ യാത്രക്കാർ
1541853
Friday, April 11, 2025 11:43 PM IST
ആലപ്പുഴ: ഉയരപ്പാത നിര്‍മാണവുമായി ബന്ധപ്പെട്ട് പിയര്‍ പ്രൊട്ടക്ഷന്‍ ഭിത്തിയുടെ കോണ്‍ക്രീറ്റ് തുടങ്ങി. തുറവൂര്‍, കുത്തിയതോട്, എരമല്ലൂര്‍, ചന്തിരൂര്‍ എന്നിവിടങ്ങളിലാണ് ജോലികള്‍ തുടങ്ങിയത്. 9 മീറ്റര്‍ ഉയരമുള്ള ഒറ്റത്തൂണുകള്ക്കു മുകളില്‍ 24 മീറ്റര്‍ വീതിയിലുമുള്ള പാതയാണ് ഒരുങ്ങുന്നത്. തുറവൂര്‍ മുതല്‍ അരൂര്‍ വരെ 354 തൂണുകളാണ് ഉയരപ്പാതയ്ക്കായി നിര്‍മിച്ചിരിക്കുന്നത്. തൂണുകളുടെ നിര്‍മാണം പൂര്‍ത്തിയായി. ഇനി റാംപുകളുടെയും ഉയരപ്പാതയ്ക്കു മുകളില്‍ നിര്‍മിക്കുന്ന ടോള്‍ പ്ലാസയ്ക്കായുള്ള തൂണുകളും നിര്‍മിക്കണം.
ഉയരപ്പാതയുടെ തൂണുകള്‍ക്കു മുകളില്‍ കോണ്‍ക്രീറ്റ് ഗര്‍ഡറുകള്‍ സ്ഥാപിച്ച ഭാഗങ്ങളില്‍ കോണ്‍ക്രീറ്റിംഗ് ജോലിയും നടക്കുന്നു. തൂണുകള്‍ക്ക് ചുവട്ടില്‍ ഏഴു മീറ്റര്‍ വീതിയിലും ഏഴു മീറ്റര്‍ നീളത്തിലും ഒന്നര അടി താഴ്ചയില്‍ പാറപ്പൊടിയും 65 എംഎം മെറ്റലും ചേര്‍ത്തിട്ടുള്ള മിശ്രിതം യന്ത്രസഹായത്തോടെ ഉറപ്പിക്കുന്ന ജോലിയും തുടങ്ങി. ഇതിനോടു ചേര്‍ന്ന് തൂണിൻന്റെ അടിഭാഗത്തുനിന്നു രണ്ടു മീറ്റര്‍ ഉയരത്തില്‍ 10 സെന്റിമീറ്റര്‍ ഘനത്തില്‍ കോണ്‍ക്രീറ്റിംഗ് നടക്കുന്നു.
തുറവൂര്‍, കുത്തിയതോട്, ചന്തിരൂര്‍ എന്നിവിടങ്ങളിലായി പത്തോളം തൂണുകളുടെ ജോലി പൂര്‍ണമായി. തൂണുകള്‍ക്കു മുകളില്‍ പാതയ്ക്കായി കോണ്‍ക്രീറ്റിംഗ് പൂര്‍ത്തിയായ ഭാഗങ്ങളിലാണ് ജോലികള്‍ നടക്കുന്നത്. നിര്‍മാണത്തിന്റെ സുരക്ഷയ്ക്കായി സ്ഥാപിച്ച ഇരുമ്പ് ബാരിക്കേഡുകളും നീക്കം ചെയ്തു. തൂണിനോടു ചേര്‍ന്ന് മീഡിയനുകളുടെ കോണ്‍ക്രീറ്റിംഗ് ആരംഭിച്ചിട്ടുണ്ട്. 2026 ഫെബ്രുവരി അവസാനത്തോടെ ഉയരപ്പാത നിര്‍മാണം പൂര്‍ത്തിയാക്കണമെന്നാണ് കരാര്‍.
ഗതാഗത നിയന്ത്രണം
അരൂര്‍: തുറവൂര്‍-അരൂര്‍ ഉയരപ്പാത നിര്‍മാണവുമായി ബന്ധപ്പെട്ട തുറവൂര്‍ ജംഗ്ഷനില്‍ ഗര്‍ഡറുകള്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായി 11 മുതല്‍ 15 വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും.
എറണാകുളം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ തുറവൂരില്‍നിന്നു കുമ്പളങ്ങി റോഡ് വഴിയോ, തൈക്കാട്ടുശേരി റോഡ് വഴിയോ പോകണം. അരൂര്‍ മുക്കം, വൈറ്റില എന്നിവിടങ്ങളില്‍നിന്നെത്തുന്ന വാഹനങ്ങള്‍ അരൂര്‍ ക്ഷേത്രം കവലയില്‍നിന്നു അരൂക്കുറ്റി റോഡ് വഴിയും പോകണമെന്ന് അശോക് ബില്‍ക്കോണ്‍ അധികൃതര്‍ അറിയിച്ചു.