മഞ്ഞപ്പൂക്കളാൽ കമാനമൊരുക്കി വിഷുവിനെ വരവേൽക്കാൻ മജീദ്
1542249
Sunday, April 13, 2025 5:09 AM IST
അന്പലപ്പുഴ: വീടിനു മുന്നിൽ മഞ്ഞപ്പൂവുകൊണ്ട് കമാനമൊരുക്കി വിഷുവിനെ വരവേൽക്കാനൊരുങ്ങുകയാണ് മജീദ്. മലയാളിക്ക് ഐശ്വര്യത്തിന്റെ കണിയൊരുക്കുന്ന വിഷുക്കാലം മഞ്ഞപ്പൂക്കളുടെ വസന്തകാലമാണ്. ഈ വിഷുക്കാലത്ത് വീടിനു മുന്നിൽ മഞ്ഞപ്പൂവു കൊണ്ട് കമാനമൊരുക്കിയിരിക്കുകയാണ് മജീദ്.
പുന്നപ്ര കുറവൻതോട് പനച്ചിത്തറ വീട്ടിൽ റിട്ട. കെഎസ്ആർടിസി ജീവനക്കാരനായ അബ്ദുൾ മജീദിന്റെ വീടിനു മുന്നിൽ ക്യാറ്റ്സ്ക്ളോ എന്ന മഞ്ഞപ്പൂവുകൊണ്ടു തീർത്ത കമാനം വേറിട്ടുനിൽക്കുകയാണ്. മൂന്നു വർഷം മുമ്പ് നഴ്സറിയിൽനിന്നാണ് ക്യാറ്റ്സ്ക്ളോ എന്ന ചെടി വാങ്ങിയത്. മുൻപ് പല തവണ പൂ പിടിച്ചിട്ടുണ്ടെങ്കിലും ഈ രീതിയിൽ ഇത്രയേറെ പൂവു പിടിക്കുന്നത് ഇതാദ്യം. ഇതിന്റെ തണ്ടിൽ പിടിച്ചാൽ മുള്ളുകൊണ്ട് പൂച്ച പിടിക്കുന്നതു പോലെ തോന്നും.
അതുകൊണ്ടാണ് ഈ ചെടിക്ക് ക്യാറ്റ്സ്ക്ളോ എന്ന പേരു വന്നത്. വീടിനു മുന്നിൽ ഗേറ്റിനു മുകളിലായി പൂ പടരാനായി കമ്പികൾക്കൊണ്ട് പ്രത്യേകം ഫ്രെയിം നിർമിച്ചിരുന്നു. ആകെയുള്ള 5 സെന്റിലാണ് വീട്. ബാക്കി സ്ഥലത്ത് പലതരം വൃക്ഷങ്ങളും പച്ചക്കറികളും മജീദ് നട്ടുപിടിപ്പിച്ചിട്ടുണ്ട്.
ഒട്ടുമാവ്, പ്ലാവ്, തെങ്ങ്, വിവിധതരം ചെടികൾ, വിലകൂടിയ ഓർക്കിഡുകൾ, പച്ചമുളക്, ചീര തുടങ്ങി നിരവധി ചെടികൾ ടെറസിലും പലയിടത്തുമായി വച്ചുപിടിപ്പിച്ചിട്ടുണ്ട്. ഭാര്യ സുലേഖയും മജീദിന്റെ സഹായത്തിനുണ്ട്.