വേനല്‍ മഴയിൽ നൂറനാട് കരിങ്ങാലി പുഞ്ചയിലെ നെല്‍കൃഷിക്കു നാശം
1541848
Friday, April 11, 2025 11:43 PM IST
ചാരുംമൂട്: വേനല്‍മഴയും കാറ്റും നെൽകര്‍ഷകരെ പ്രതിസന്ധിയിലാക്കി. നൂറനാട് പഞ്ചായത്തിലെ കരിങ്ങാലി പുഞ്ചയിലെ നെല്‍ച്ചെടികള്‍ കാറ്റില്‍ നിലംപൊ ത്തി. പുഞ്ചയിലെ പള്ളിമുക്കം, പാറ്റൂര്‍, നൂറുകോടി, ആമ്പടകം, കാര്യോട് പാടശേഖരങ്ങളിലെ മുന്നൂറോളം ഏക്കര്‍ നെല്‍ക്കൃഷിയാണ് നശിച്ചത്. ഏപ്രില്‍ അവസാനം കൊയ്ത്തു തുടങ്ങാനിരുന്നതാണ്. പുഞ്ചയില്‍ വരിനെല്ല് കിളിര്ത്തുനിന്നിരുന്നതിനാല് വളരെ ബുദ്ധിമുട്ടിയാണ് കര്‍ഷകര്‍ കൃഷിയിറക്കിയത്.
ടില്ലര്‍ കൊണ്ടുവന്ന് നിലമൊരുക്കി വരിനെല്ലിനെ നശിപ്പിച്ചശേഷമാണ് കൃഷി തുടങ്ങാനായത്. അപ്പോഴേക്കും നവംബറില്‍ നടക്കേണ്ട കൃഷിയിറക്ക് ഒരുമാസം വൈകി. കൃഷിയിറക്കി ഒരുമാസം കഴിഞ്ഞപ്പോഴേക്കും വീണ്ടും വരിനെല്ല് കിളിര്‍ത്തു. നെല്ലിനൊപ്പം വന്‍തോതില്‍ വരിനെല്ലുകൂടി കിളിർത്തുവന്നതോടെ വിളവു കിട്ടുമോയെന്ന കാര്യത്തില്‍ കര്‍ഷകര്‍ ആശങ്കയിലായിരുന്നു. അതിനിടെയാണ് ഇപ്പോള്‍ കാറ്റില്‍ വരിനെല്ലടക്കം ഒടിഞ്ഞ് നെല്‍ച്ചെടികളുടെ മുകളിലേക്കു വീണത്.
പള്ളിമുക്കം-ഏലിയാസ് നഗര്‍ ബണ്ടിന് ഉയരമില്ലാത്തതിനാല്‍ മഴപെയ്ത് പുഞ്ചയില്‍ വെള്ളം കൂടുമ്പോള്‍ കൃഷിസ്ഥലങ്ങിലേക്കും വെള്ളം കയറും. ബണ്ടിന്റെ എല്ലാഭാഗവും അരമീറ്റര്‍ കൂടി പൊക്കണമെന്ന കര്‍ഷകരുടെ ആവശ്യം കൃഷിവകുപ്പ് പരിഗണിച്ചിട്ടില്ല.
ഓരോ മഴ പെയ്യുമ്പോഴും കര്‍ഷകരുടെ നെഞ്ചില്‍ തീയാണ്. ബണ്ടിലെ മടവീഴാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍മാത്രം മണ്ണിട്ടുപൊക്കുന്ന ജോലി നടന്നുവരുന്നുണ്ട്. കരിങ്ങാലി പുഞ്ചയില്‍ എല്ലാവര്‍ഷവും പ്രതീക്ഷയോടെ കഷ്ടപ്പെട്ട് കൃഷി നടത്തുന്ന കര്‍ഷകര്‍ക്കു കിട്ടുന്നത് വന്‍നഷ്ടമാണ്. കഴിഞ്ഞവര്‍ഷവും പാടശേഖരത്തിലെ കൊയ്ത്തു കഴിഞ്ഞപ്പോള്‍ പലകര്‍ഷകര്‍ക്കും കിട്ടിയത് പ്രതീക്ഷിച്ചതിന്റെ പകുതി നെല്ലു മാത്രം.
അന്നും വരിനെല്ല് കൃഷിക്ക് അന്തകനായി. നെല്ലിനോടൊപ്പം വളര്‍ന്നുവരുന്ന വരിനെല്ലിനെ നശിപ്പിക്കാന്‍ മരുന്നില്ല. പുഞ്ചയില്‍ വരിനെല്ല് നിറഞ്ഞതോടെ യഥാര്‍ഥ നെല്ല് കൊയ്തെടുക്കാന്‍ ബുദ്ധിമുട്ടായിരുന്നു.
വരിനെല്ലിനെ ശാശ്വതമായി നശിപ്പിക്കാന്‍ മാര്‍ഗമില്ലാത്തതുകൊണ്ട് കൂടുതല്‍ പ്രദേശത്തേക്കിത് വ്യാപിച്ചിരിക്കുകയാണ്. കഴിഞ്ഞ സീസണിലെ നെല്ക്കൃഷിയെത്തുടര്ന്നുണ്ടായ നഷ്ടത്തില്‍നിന്നു കരകയറാനാകാതെ ഇരിക്കുമ്പോഴാണ് വേനല്‍മഴയും കാറ്റും മൂലം ഇപ്രാവശ്യം കൃഷിനാശമുണ്ടായത്.
കരിങ്ങാലി പുഞ്ചയിലെ വരിനെല്ലിനെ ശാശ്വതമായി നശിപ്പിക്കാന്‍ ശാസ്ത്രീയമായ നടപടി വേണം. പുഞ്ചയിലെ ള്ളിമുക്കം-ഏലിയാസ് നഗര്‍ ബണ്ടിന്റെ ഉയരം മണ്ണിട്ട് അര മീറ്റര്‍ കൂടി ഉയര്‍ത്തണം. ശക്തമായ മഴ പെയ്യുമ്പോള്‍ പുഞ്ചയില്‍ വെള്ളം കയറും. ഇതു കൃഷിയിറക്കിനെയും കൊയ്ത്തിനെയും ബാധിക്കുന്നു.
പുഞ്ചയിലേക്കുള്ള വെള്ളത്തിന്റെ ഊറ്റല്‍ കുറയ്ക്കുന്നതിനായി പുഞ്ചയുടെ മുകള്‍ഭാഗത്തു കൂടിയുള്ള കെഐപി കനാലില്‍ സിമന്റ് പ്ലാസ്റ്ററിംഗ് ചെയ്യണം. കൃഷി മന്ത്രിക്കു പരാതി കൊടുത്തിട്ടും പ്രയോജനമുണ്ടായിട്ടില്ലെന്ന് പാടശേഖര സമിതി പറഞ്ഞു.