പെരുമ്പളം ദ്വീപ് നിവാസികളുടെ യാത്രാ സ്വപ്നം പൂവണിയുന്നു
1541849
Friday, April 11, 2025 11:43 PM IST
പൂച്ചാക്കൽ: പെരുമ്പളം പാലം പൂർത്തീകരണത്തിലേക്കു കടക്കുന്ന ഘട്ടത്തിൽ ഇവിടെനിന്ന് ആരംഭിക്കാൻ ഉദ്ദേശിക്കുന്ന കെഎസ്ആർടിസി ബസ് സർവീസുകളുമായി ബന്ധപ്പെട്ട് ദ്വീപിൽ ബസ് എത്തിച്ച് ട്രയൽ റൺ നടത്തി. പെരുമ്പളം പാലം ഉദ്ഘാടനത്തോടനുബന്ധിച്ച് ദ്വീപുമായി ബന്ധിപ്പിച്ച് അന്തർ സംസ്ഥാന, ദീർഘദൂര കെഎസ്ആർടിസി ബസ് സർവീസുകൾ തുടങ്ങാൻ നടപടി. ഗതാഗതമന്ത്രിയുടെ നിർദേശപ്രകാരം ദലീമ ജോജോ എംഎൽഎയോടൊപ്പം കെഎസ്ആർടിസി എറണാകുളം സോണൽ ഓഫീസറുടെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥർ പെരുമ്പളം ദ്വീപ് സന്ദർശിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.വി.വി. ആശ, ചേർത്തല ഡിപ്പോ അസിസ്റ്റന്റ് ട്രാൻസ്പോർട്ട് ഓഫീസർ എ. അജിത്ത്, ജനറൽ കൺട്രോളിംഗ് ഇൻസ്പെക്ടർ ആർ. രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തിൽ ആണ് ട്രയൽ റൺ പൂർത്തിയാക്കിയത്. ജങ്കാർ മാർഗമാണ് ദ്വീപിലെക്കു കെഎസ്ആർടിസി ബസ് എത്തിച്ചത്. ജനപ്രതിനിധികൾ അടക്കം നിരവധി പേരാണ് ബസിനെ വരവേറ്റത്. ഇരുകരകളിലെയും അപ്രോച്ച് റോഡിന്റെ നിർമാണം പൂർത്തീകരിച്ച് ഏപ്രിൽ ആദ്യവാരം പാലം ഉദ്ഘാടനം ചെയ്യുന്നതിനാണ് നീക്കം.