വ്രതശുദ്ധിയുടെ പുണ്യവുമായി തീര്‍ഥാടകര്‍ കരുവള്ളിക്കാട് കുരിശുമലയില്‍
1541856
Friday, April 11, 2025 11:43 PM IST
ചുങ്കപ്പാറ: ചങ്ങനാശേരി അതിരൂപതയുടെ കുരിശുമല തീര്‍ഥാടനകേന്ദ്രമായ നിര്‍മലപുരം കരുവള്ളിക്കാട് സെന്റ് തോമസ് കുരിശുമലയിലേക്ക് നാല്പതാം വെള്ളിയാഴ്ച ഈശോയുടെ കുരിശുമരണത്തെ ധ്യാനിച്ച് ആയിരങ്ങളെത്തി. ഇന്നലെ വൈകുന്നേരം അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ് മാര്‍ തോമസ് തറയിലിന്റെ നേതൃത്വത്തില്‍ ചുങ്കപ്പാറ സെന്റ് ജോര്‍ജ് മലങ്കര പള്ളിയില്‍ നിന്നുമാണ് സംയുക്ത കുരിശിന്റെ വഴി നടന്നത്.
വൈദികരും സന്യസ്തരും അടക്കം ആയിരങ്ങളാണ് മരക്കുരിശുമായി കുരിശിന്റെ വഴിയില്‍ പങ്കെടുത്തത്. കുരിശിന്റെ വഴിയില്‍ പങ്കെടുക്കുന്നതിനായി അതിരൂപതയിലെ വിവിധ ഫൊറോനകളില്‍നിന്നുള്ള വിശ്വാസികള്‍ എത്തിയിരുന്നു. 14 ഇടങ്ങളിലും പ്രത്യേക പ്രാര്‍ഥനകള്‍ നടത്തി യാത്ര മുമ്പോട്ടു നീങ്ങി.
പ്രത്യാശയുടെ 300 ദീപങ്ങള്‍ തെളിച്ചുകൊണ്ടായിരുന്നു മലമുകളില്‍ കുരിശിന്റെ വഴിയുടെ സമാപനം. വികാരി ജനറാള്‍ ഫാ. ആന്റണി എത്തക്കാട്ട് സന്ദേശം നല്കി. തുടര്‍ന്ന് നേര്‍ച്ചവിതരണവും നടന്നു. ചങ്ങനാശേരി അതിരൂപത വികാരി ജനറാൾ ഫാ. സ്കറിയാ കന്യാകോ ണിൽ, മണിമല ഫൊറോന വികാരി ഫാ. മാത്യു താന്നിയത്ത്, നെടുംകുന്നം ഫൊറോന വികാരി ഫാ. വര്‍ഗീസ് കൈതപ്പറമ്പില്, ഫാ. മോബന്‍ ചൂരവടി, ഫാ.റ്റോണി മണിയഞ്ചിറ, ഫാ. സേവ്യര്‍ ചെറുനെല്ലാടി, ഫാ. എബി വടക്കുംതല, ഫാ. ജോണ്‍ മുള്ളമ്പാറ, ഫാ. ജേക്കബ് നടുവിലേക്കളം തുടങ്ങിയവരും വിവിധ ദേവാലയങ്ങളിലെ വികാരിമാരും ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്കി. ഇന്ന് ഉച്ചകഴിഞ്ഞും തീര്‍ഥാടന സൗകര്യം ഉണ്ടാകും. ഫാ. ജയിംസ് പി. കുന്നത്ത് സമാപന സന്ദേശം നല്‍കും.
14ന് ഉച്ചകഴിഞ്ഞ് മലമുകളിലേക്ക് തീര്‍ഥാടനവും 5.30 ന് മലമുകളില്‍ വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കും. 15 ന് ഉച്ചകഴിഞ്ഞ് മൂന്നിന് തീര്‍ഥാടനവും അഞ്ചിന് മലമുകളില്‍ മലങ്കര റീത്തില്‍ വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കും. ഫാ.എബി വടക്കുംതല കാര്‍മികത്വം വഹിക്കും.
16ന് ഉച്ചകഴിഞ്ഞ് 3.30 ന് മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ നേതൃത്വത്തില്‍ മലമുകളിലേക്ക് തീര്‍ഥാടനവും സമാപന ആശീര്‍വാദവും ഉണ്ടാകും.
19നു രാവിലെ 7.30 ന് വിശുദ്ധ കുര്‍ബാനയ്ക്ക് ഫാ.ജോണ്സണ് കാരാട്ട് കാര്‍മികത്വം വഹിക്കും. 27നു പുതുഞായര്‍ തിരുനാളോടെയാണ് തീര്‍ഥാടനത്തിനു സമാപനം കുറിക്കുന്നത്.
അപരന്റെ ബലഹീനതയെ താങ്ങാന്‍ കുരിശ്
നമുക്ക് കരുത്താകണം: മാര്‍ തോമസ് തറയില്‍
ചുങ്കപ്പാറ: അപരന്റെ ബലഹീനതയെ താങ്ങാനുള്ള കരുത്താണ് ഈശോയുടെ കുരിശില്‍നിന്നു നമ്മള് നേടേണ്ടതെന്ന് ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയിൽ. നിര്‍മലപുരം കരുവള്ളിക്കാട് സെന്റ് തോമസ് കുരിശുമലയിലേക്ക് നാല്പതാം വെള്ളിയാഴ്ച നടന്ന കുരിശുമല തീര്‍ഥാടനത്തിന് ആരംഭം കുറിച്ച് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
സഹനത്തിന്റെയും ധീരതയുടെയും അടയാളമാണ് കുരിശ്. കുരിശ് എടുത്തു തന്നെ അനുഗമിക്കാനാണ് ക്രിസ്തു നല്കുന്ന ആഹ്വാനം. കുരിശ് എടുക്കുന്നവര്‍ക്ക് അപമാനവും പീഡയും ഏല്ക്കേണ്ടിവരും. ഭയപ്പെട്ടു മാറേണ്ടവരല്ല ക്രൈസ്തവർ. 12 ശിഷ്യരിലൂടെ കോടിക്കണക്കിനാളുകളെ നേടാനായെങ്കില്‍ അത്ഭുതങ്ങള്‍ ലോകത്തില്‍ നടത്താന്‍ ശേഷിയുള്ളവരാണ് നാമെന്ന തിരിച്ചറിവുണ്ടാകണമെന്ന് ആര്‍ച്ച് ബിഷപ് ചൂണ്ടിക്കാട്ടി.
യാഥാര്‍ഥ്യത്തിനു നിരക്കാത്ത കഥകള്‍ ക്രൈസ്തവ സമൂഹത്തിനെതിരേ പറഞ്ഞു കൊണ്ടിരിക്കും. മറ്റുള്ളവരുടെ മുമ്പില്‍ നമ്മളെ അപകീര്‍ത്തിപ്പെടുത്തുകയാണ് ലക്ഷ്യം. എന്നാല്‍ ഈ ചെറിയ സമൂഹം ചെയ്ത നന്മകള് കാണാതിരിക്കാനാകില്ല. കോടികളുടെ ആസ്തി ഉണ്ടെന്നു പ്രചരിപ്പിക്കുന്നവര്‍ ഒന്നു മനസിലാക്കണം. എവിടെയെല്ലാം ക്രൈസ്തവനു സ്ഥലമുണ്ടോ അവിടെയെല്ലാം പൊതുസമൂഹത്തെ ലക്ഷ്യമാക്കിയുള്ള കാരുണ്യ ഭവനങ്ങളോ വിദ്യാലയങ്ങളോ ആകും പ്രവര്‍ത്തിക്കുന്നതെന്നും ആര്‍ച്ച് ബിഷപ് ചൂണ്ടിക്കാട്ടി.