മട്ടുപ്പാവില്‍ ഫലവര്ഗത്തോട്ടമൊരുക്കി നെജിമ
1542511
Sunday, April 13, 2025 11:16 PM IST
ഡൊമിനിക് ജോസഫ്
മാന്നാര്‍: വീടിനു മുകളില്‍ മട്ടുപ്പാവില്‍ 50 തരം ഫലവര്‍ഗങ്ങള്‍ നട്ട് നൂറുമേനി വിളവെടുത്ത ഒരു വനിത മാന്നാറില്‍ ഉണ്ട്. വിഷരഹിത പച്ചക്കറി കൃഷിയോടൊപ്പം അമ്പതിലധികം പഴവര്‍ഗങ്ങളും വിളയിച്ചിരിക്കുന്നത് സര്‍ക്കാര്‍ ഉദ്യോഗസ്ഥ കൂടിയായ മാന്നാര്‍ നെടുങ്ങാട്ടുതറയില് സൈനുദ്ദീനിന്റെ ഭാര്യ നെജിമയാണ്. ജോലിത്തിരക്കും വീട്ടിലെ ഏകാന്തതയും നല്കിയ മാനസിക സമര്ദങ്ങളില്നിന്നും ഒരു രക്ഷപെടലായിട്ടാണ് മട്ടുപ്പാവില്‍ കൃഷി തുടങ്ങിയത്. തുടക്കത്തില്‍തന്നെ വിജയം കണ്ടതോടെ ജോലിക്ക് ഒപ്പം കൃഷിയും മുന്നോട്ട് കൊണ്ടുപോയി.
ആകെയുള്ള അഞ്ചു സെന്റ് പുരയിടത്തിൽ ടെറസിന് മുകളില്‍ മുന്തിരി, മാള്‍ട്ട, മുസമ്പി, ഡ്രാഗണ്‍ ഫ്രൂട്ട്, സ്ട്രോബെറി, വൈറ്റ് ലോങ്ങന്‍, മില്‍ക്ക് ഫ്രൂട്ട്, അബിയു, ജംബോട്ടിക്കാബ (മരമുന്തിരി), പലതരം പേരകള്‍, സപ്പോട്ടകള്‍, മാവുകള്‍, സീഡ്ലസ് ലെമണ്‍, ഇസ്രായേല്‍ ഓറഞ്ച്, നെല്ലി, അനാര്‍, മിറക്കിള്‍ ഫ്രൂട്ട്, പീനട്ട് ബട്ടര്‍, റംബൂട്ടാന്, ബേയര്‍ ആപ്പിള്‍ (ഗ്രീന്‍, റെഡ്), ഡാല്ഡറി ചാമ്പ, അത്തി, മലയാപ്പിള്‍, ബ്ലാക്ക് ഞാവല്‍, വൈറ്റ് ഞാവല്‍, സീഡ്ലസ് അമ്പഴം, മുട്ടപ്പഴം, പ്ലാവ് തുടങ്ങിയ വിദേശ ഇനങ്ങള്‍ ഉള്‍പ്പെടെയുള്ള പഴവര്‍ഗങ്ങളും ബ്രോക്കോളി, കെയില്‍ കോളിഫ്ളവര്‍, വിവിധ ഇനം ചീരകള്‍, തക്കാളി, പാവല്‍, പടവലം വഴുതന, മുളക്, കോവല്‍, പുതിന തുടങ്ങി പലവിധം പച്ചക്കറികളും ചെടികള്‍, ഇന്‍ഡോര്‍ പ്ലാന്റുള്‍ മുതലായവയും വളര്‍ത്തുന്നുണ്ട്.
ചാത്താന്തറ പുതുപ്പറമ്പില്‍ വീട്ടില്‍ പി.കെ. നൗഷാദിന്റെയും ലൈലയുടെയും മകളായ നെജിമ എന്‍ആര്‍ഇജിഎസ് പത്തനംതിട്ട ജില്ലാ ഓംബുഡ്സ്മാന് ഓഫീസിലെ അക്കൗണ്ടന്റ് കം ഐടി അസിസ്റ്റന്റ് ആണ്. മൂന്നുവയസുകാരി നെഹ്വ ഏക മകളാണ്. പ്രതിസന്ധികള്‍ നിറഞ്ഞ ജീവിതത്തില്‍ സ്ത്രീകള്‍ക്കു കരുത്തു പകരാന്‍ കൃഷിക്ക് കഴിയുമെന്നാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥ സ്വന്തം ജീവിതാനുഭവത്തിലൂടെ തെളിയിക്കുന്നത്.
പ്ലാന്റുകള്‍ സെറ്റ് ചെയ്യുന്നതിനു തുടക്കം മുതല്‍ യാതൊരു മടിയും കൂടാതെ സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ക്ക് മാന്നാര്‍ കൃഷിഭവനിലെ കൃഷി ഓഫീസര്‍ പി.സി. ഹരികുമാര്‍ നിര്‍ദേശങ്ങള്‍ നജിമയുടെ മട്ടുപ്പാവ് കൃഷിക്ക് ഏറെ സഹായകരമായി.