ആർ ബ്ലോക്ക് കായലിൽ അഗ്നിബാധ; വ്യാപക കൃഷിനാശം
1541541
Friday, April 11, 2025 12:01 AM IST
മങ്കൊമ്പ്: ഹോളണ്ട് മോഡല്‍ കൃഷിയിറക്കുന്ന കുട്ടനാട്ടിലെ ആര് ബ്ലോക്ക് കായലില്‍ വന്‍ അഗ്നിബാധ. മൂന്നുനാലു ദിവസങ്ങളായി തുടരുന്ന തീപിടിത്തത്തില്‍ നാനൂറ് ഏക്കറോളം വരുന്ന കരകൃഷി കത്തിനശിച്ചതായി കര്‍ഷകര്‍ പറഞ്ഞു. അറുനൂറ് ഏക്കറോളം വരുന്ന കായലില്‍ വര്‍ഷം മുഴുവന്‍ വെള്ളം പമ്പുചെയ്ത് കരകൃഷി നടത്തുകയാണ്. വാഴ, തെങ്ങ്, കൊക്കോ, കവുങ്ങ് എന്നിവയാണ് പ്രധാനമായും കൃഷിയിറക്കുന്നത്.
ശനിയാഴ്ചയാണ് കായലിന്റെ പടിഞ്ഞാറുഭാഗത്ത് തീപിടിത്തം ആരംഭിച്ചത്. മഴ പെയ്തതോടെ തീ അണഞ്ഞിരുന്നു. എന്നാല്‍, പിറ്റേന്ന് തീ വീണ്ടും പടരുകയായിരുന്നു. ഏക്കറുകണക്കിനു സ്ഥലത്തെ വിളവെടുപ്പിനു പാകമായ വാഴകള്‍, കൊക്കോ തുടങ്ങിയവ തീയില്‍ കത്തിനശിച്ചു. കര്‍ഷകത്തൊഴിലാളികളുമായി തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും ശക്തമായ കാറ്റുള്ളതിനാല്‍ തീ വീണ്ടും പടരുകയായിരുന്നു.
ഇന്നലെ രാവിലെ ആലപ്പുഴയില്‍നിന്നു ഫയര്‍ഫോഴ്സ് സംഘമെത്തിയെങ്കിലും ഫലമുണ്ടായില്ല. ഇവിടേക്കു റോഡ് സൗകര്യമില്ലാത്തതും തീയണയ്ക്കുന്നതിനു വലിയ വെല്ലുവിളിയാകുന്നുണ്ട്. പടിഞ്ഞാറെ ബണ്ടില്‍ നാല്പതോളം കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. തീപിടിത്തം ഭയന്ന് ഏതാനും കുടുംബങ്ങള്‍ മാര്‍ത്താണ്ഡം കായലിന്റെ ചിറയിലെ വീടുകളിലേക്കു മാറി. തീ ഇപ്പോഴും നിയന്ത്രണ വിധേയമായിട്ടില്ലെന്ന് കര്‍ഷകര്‍ പറയുന്നു.
ശ്രീലങ്കയില്‍നിന്നടക്കം മറ്റു രാജ്യങ്ങളില്‍നിന്നു കൊണ്ടുവന്ന മേല്‍ത്തരം തെങ്ങിന് തൈകളും ഇവിടെ കൃഷി ചെയ്യുന്നവരുണ്ട്. നേരത്തെ ലാഭകരമായരീതിയില് തെങ്ങ്, എള്ള്, കൊക്കോ, വാനില, വാഴ തുടങ്ങിയ കൃഷികള്‍ നടന്നിരുന്ന സ്ഥലമാണിത്. മോട്ടോറുകളുടെ തകരാറും നിരന്തരമായ വൈദ്യുതി മുടക്കവും മൂലം വെള്ളം വറ്റിക്കാനാകാതെ വ്യാപകമായി കൃഷിനശിച്ചിരുന്നു.
പിന്നീട് സര്‍ക്കാര്‍ സഹായത്തോടെ പുതിയ മോട്ടോറുകള്‍ സ്ഥാപിച്ചു വീണ്ടും കൃഷിയിറക്കി വരികയായിരുന്നു. ലക്ഷങ്ങളുടെ നഷ്ടമാണ് തീ പിടിത്തത്തിലൂടെ സംഭവിച്ചിരിക്കുന്നതെന്ന് കര്‍ഷകര്‍ പറയുന്നു. വന്‍കിട കര്‍ഷകര്‍ക്കൊപ്പം ചെറുകര്ഷകരും ഇവിടെ കൃഷിയിറക്കിയിട്ടുണ്ട്. സര്‍ക്കാര്‍ ഭാഗത്തുനിന്നും ശക്തമായ നടപടിയുണ്ടാകണമെന്നാണ് കര്‍ഷകരുടെ ആവശ്യം.