കാട്ടുപന്നിശല്യത്തിന് അറുതിയില്ല; കർഷകർക്ക് ഉറക്കമില്ലാ രാത്രികൾ
1541851
Friday, April 11, 2025 11:43 PM IST
ചാരുംമൂട്: കാട്ടുപന്നികൾ വ്യാപകമായി കൃഷി നശിപ്പിക്കുന്നത് അറുതിയില്ലാതെ തുടരുകയാണ്. കഴിഞ്ഞ ദിവസം രാത്രി പാലമേൽ, പയ്യനല്ലൂർ, ചുനക്കര ഭാഗങ്ങളിൽ കാട്ടുപന്നികൾ വ്യാപകമായി കൃഷി നശിപ്പിച്ചു.
പാലമേൽ പഞ്ചായത്തിൽ പോലീസ് ഫയറിംഗ് ഗ്രൗണ്ടിലെ കാട്ടിൽ താവളമടിച്ച പന്നികൾ കൂട്ടത്തോടെ എത്തിയാണ് കൃഷി നശിപ്പിക്കുന്നത്. കനാലുകൾ വഴിയാണ് ഇവ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തുന്നത്. രണ്ടേക്കറോളം സ്ഥലത്തെ കൃഷിയാണ് കഴിഞ്ഞ ദിവസം രാത്രി പാലമേൽ, മറ്റപ്പള്ളി, പയ്യനല്ലൂർ ഭാഗങ്ങളിലായി നശിപ്പിച്ചത്.
ചുനക്കരയിലും കാർഷിക വിളകൾ വ്യാപകമായി നശിപ്പിച്ചു. വിളവെടുക്കാൻ പാകമായ കൃഷി സ്ഥലത്ത് കർഷകർ പന്നിയെ പ്രതിരോധിക്കുന്നതിനായി വൈദ്യുതി വിളക്കുകൾ സ്ഥാപിച്ചിരുന്നു. എന്നിട്ടും പ്രയോജനമുണ്ടായില്ല. പച്ചക്കറികളും വിളവെടുക്കാറായ ഏത്തവാഴകളും പന്നി വൻ തോതിൽ നശിപ്പിച്ചു. കൂടാതെ ഇവിടങ്ങളിലെ തെങ്ങിൻ തൈകളും നശിപ്പിച്ചു.
കഴിഞ്ഞ ദിവസം വള്ളികുന്നത്ത് പട്ടാപകൽ കാട്ടുപന്നി ആറുപേരെ ആക്രമിക്കുകയും വ്യാപകമായി കൃഷി നശിപ്പിക്കുകയും ചെയ്തിരുന്നു. പന്നിശല്യത്തിനെതിരേ കൃഷി, വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നിരന്തരം പരാതി നൽകിയിട്ടും നടപടിയില്ലാത്തതിന്റെ പ്രതിഷേധത്തിലാണ് കർഷകർ. കാട്ടുപന്നി ആക്രമണത്തിൽ പരിക്കേൽക്കുന്നവർക്ക് ചികിത്സാസഹായം നൽകുമെന്നു വനംവകുപ്പ് പ്രഖ്യാപിച്ചിരുന്നെങ്കിലും പരിക്കേറ്റ ഒരാൾക്കുപോലും ധനസഹായം ലഭിച്ചിട്ടില്ല.
കാട്ടുപന്നി നശിപ്പിക്കുന്ന കാർഷിക വിളകൾക്കു കൃഷിവകുപ്പിൽനിന്നു സഹായം ലഭിക്കുന്നുമില്ല . കാട്ടുപന്നി കൃഷി നശിപ്പിച്ചാൽ വനംവകുപ്പാണ് നഷ്ടപരി ഹാരം നൽകേണ്ടതെന്നാണ് കൃഷി വകുപ്പിൽനിന്നു പറയുന്നതെന്നാണ് കർഷകർ പറയുന്നത്. ഇൻഷ്വർ ചെയ്ത കാർഷികവിളകൾക്ക് മാത്രമാണ് സഹായധനം ലഭിക്കുന്നത്.