ഓശാനത്തിരുനാൾ ആഘോഷിച്ച് വിശ്വാസികൾ...
1542508
Sunday, April 13, 2025 11:16 PM IST
തങ്കി പള്ളിയിൽ
ചേർത്തല: പ്രസിദ്ധ തീർഥാടന കേന്ദ്രമായ തങ്കി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ ഓശാനത്തിരുനാൾ ആചരിച്ചു. ഇന്നലെ പുലര്‍ച്ചെ കുരുത്തോല വെഞ്ചരിപ്പ് നടന്നു. തുടർന്ന് പ്രത്യേകം സജ്ജമാക്കിയ പന്തലിലെ ബലിവേദിയിൽ പ്രദക്ഷിണം എത്തിയപ്പോൾ മന്ത്രി പി. പ്രസാദ് ഓശനസന്ദേശം നൽകി. വികാരി ഫാ. ജോർജ് എടേഴത്ത് ദിവ്യബലിക്ക് മുഖ്യകാർമികത്വം നൽകി. ഫാ. ആന്റോ മംഗലശേരി വചനപ്രഘോഷണം നടത്തി. സഹവികാരിമാരായ ഫാ. ലോബോ ലോറൻസ് ചക്രശേരി, ഫാ. സിബി കിടങ്ങേത്ത്, ഫാ. റിൻസൺ കാളിയത്ത് എന്നിവർ സഹകാർമികരായി. മന്ത്രി പി. പ്രസാദ് കുരുത്തോല പ്രദക്ഷിണത്തിലും പങ്കെടുത്തു.
1936ൽ പ്രതിഷ്ഠിച്ച കാർത്താവിന്റെ അത്ഭുത പീഡാനുഭവ തിരുസ്വരൂപം വണങ്ങാന്‍ വിവിധ സംസ്ഥാനങ്ങളില്‍നിന്നായി നിരവധി വിശ്വാസികളാണ് വിശുദ്ധവാരനാളുകളിൽ ഇവിടെ എത്തുന്നത്. ഇന്നു രാവിലെ 5.30നും 6.30നും ദിവ്യബലി. 10ന് ഉദ്ദിഷ്ടകാര്യസാധ്യത്തിനായി വചനയിരിപ്പ്. തുടർന്ന് കൊച്ചി രൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ഡോ. ജയിംസ് റാഫേല്‍ ആനാപറമ്പിലിന്റെ മുഖ്യകാർമികത്വത്തിൽ ദിവ്യബലി, കല്ലറ ജപം. 12.30 ന് സ്നേഹവിരുന്ന്, 1.30ന് വചന ധ്യാനസംഗീത യാത്ര, പരിശുദ്ധ കുർബാനയുടെ ആശീർവാദം എന്നിവ നടക്കും.
പെസഹവ്യാഴം, ദുഃഖവെള്ളി ദിനങ്ങളിലാണ് തീർഥാടകർ ഇവിടെ കൂടുതലായി എത്തുന്നത്. തീര്‍ഥാടകര്‍ക്കാവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിന് ചേർത്തല തഹസിൽദാരുടെ നേതൃത്വത്തിൽ സർക്കാരിന്റെ വിവിധ വകുപ്പുകൾ ഏകോപിപ്പിച്ച് പ്രവർത്തനങ്ങൾ നടത്തിവരുന്നു. കെഎസ്ആർറ്റിസി പ്രത്യേകബസ് സർവീസ് ഏർപ്പെടുത്തിയിട്ടുണ്ട്. രണ്ടായിരത്തിൽ പരം വോളന്റിയേഴ്സിൻ്റെ പ്രവർത്തനങ്ങളും നടന്നു വരുന്നു.
പള്ളിപ്പുറം പള്ളിയിൽ
ചേർത്തല: ചരിത്രപ്രസിദ്ധ മരിയൻ-ചാവറ തീർഥാടന കേന്ദ്രമായ പള്ളിപ്പുറം സെന്റ് മേരീസ് ഫൊറോന പള്ളിയിൽ വിശുദ്ധ വാരാചരണ തിരുക്കർമങ്ങൾക്ക് ഓശാന ഞായർ ആചരണത്തോടെ തുടക്കമായി. സെന്റ് മേരീസ് പാരീഷ് ഹാളിൽ കുരുത്തോല വെഞ്ചരിപ്പ് വിതരണം, പ്രദക്ഷിണം നടത്തി. ദിവ്യബലിക്ക് വികാരി റവ.ഡോ. പീറ്റർ കണ്ണമ്പുഴ മുഖ്യകാർമികത്വം വഹിച്ചു. അസി. വികാരി ഫാ. അമൽ പെരിയപ്പാടൻ, ഫാ. ജോസഫ് മാക്കോതക്കാട്ട് എന്നിവർ സഹകാർമികരായിരായി.
പെസഹാ വ്യാഴാഴ്ച രാവിലെ ഏഴിന് ദിവ്യബലി, കാൽകഴുകൽ ശുശ്രുഷ, തുടർന്ന് ആരാധന. വൈകുന്നേരം പൊതു ആരാധന, അപ്പം മുറിക്കൽ ശുശ്രൂഷ. ദുഃഖവെള്ളി രാവിലെ 6.30 ന് പീഡാനുഭവ തിരുക്കർമങ്ങൾ ആരംഭിക്കും. പീഡാനുഭവ വായന, വിശുദ്ധ കുർബാന സ്വീകരണം, ആഘോഷമായ കുരിശിന്റെ വഴി, കുരിശുരൂപ വണക്കം. വൈകുന്നേരം 3.30 ന് നഗരികാണിക്കൽ, പള്ളിപ്പുറത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു പരിഹാരപ്രദക്ഷിണമായി പള്ളിപ്പുറം പള്ളിയിലേക്ക് എത്തിച്ചേരുന്നു. തുടർന്ന് പീഡാനുഭവ സന്ദേശം, വിശുദ്ധ കുരിശ് ചുംബനം, കബറടക്ക ശുശ്രൂഷ. ശനിയാഴ്ച രാവിലെ 6.30ന് തിരുക്കർമങ്ങൾ, പുത്തൻവെള്ളം, പുത്തൻ തീ വെഞ്ചരിപ്പ്. രാത്രി 11.30 ന് ഉയിർപ്പിൻ്റെ തിരുക്കർമങ്ങൾ ആരംഭിക്കും. തുടർന്ന് പ്രദക്ഷിണം, പ്രസംഗം, ദിവ്യബലി. 20ന് രാവിലെ 6.30ന് കേളമംഗലം, ഒറ്റപ്പുന്ന കുരിശുപള്ളികളിലും, ഏഴിന് പള്ളിപ്പുറം പള്ളിയിലും ദിവ്യബലി.
മുട്ടം പള്ളിയിൽ
ചേർത്തല: മുട്ടം സെന്റ് മേരീസ് ഫൊറോന പള്ളിയിൽ ഓശാന ഞായർ ആചരണത്തോടെ വിശുദ്ധ വാരാചരണത്തിനു തുടക്കമായി. തെക്കെ കുരിശടിയിൽ കുരുത്തോല വെഞ്ചരിപ്പും വിതരണവും തുടർന്ന് പള്ളിയിലേക്ക് കുരുത്തോല പ്രദക്ഷിണവും നടത്തി. ദിവ്യബലിക്ക് വികാരി റവ.ഡോ. ആന്റോ ചേരാംതുരുത്തി, സഹവികാരി ഫാ. ബോണി കട്ടയ്ക്കകത്തൂട്ട് എന്നിവർ കാർമികത്വം വഹിച്ചു. തിങ്കളാഴ്ച മുതൽ 16 വരെ വൈകുന്നേരം 5.30 മുതൽ രാത്രി 8.30 വരെ നടക്കുന്ന നോമ്പുകാല ധ്യാനം ഫാ. വർഗീസ് പാറയിൽ നയിക്കും.
പെസഹാ വ്യഴാഴ്ച രാവിലെ 6.30ന് ദിവ്യബലി, കാൽകഴുകൽ ശുശ്രുഷ, ആരാധന, വൈകുന്നേരം പൊതുആരാധന, അപ്പം മുറിക്കൽ ശുശ്രൂഷ. ദുഃഖവെള്ളി രാവിലെ 6.30ന് പീഡാനുഭവ തിരുക്കർമങ്ങൾ തുടങ്ങും. ദിവ്യബലി, കുരിശുരൂപ വന്ദനം, വൈകുന്നേരം നാലിന് കുരിശിന്റെ വഴി, ഫാ. ജോഷി വാസുപുറത്തുകാരൻ പീഡാനുഭവ സന്ദേശം നൽകും. തുടർന്ന് വിലാപ യാത്ര, തിരുസ്വരൂപ വണക്കം, കബറടക്ക ശുശ്രൂഷ. 19ന് രാവിലെ 6.30ന് പുത്തൻ വെള്ളം വെഞ്ചരിപ്പ്, ദിവ്യബലി, രാത്രി 10.30ന് ഉയർപ്പ് കുർബാന, പ്രസംഗം, പ്രദക്ഷിണം.
പരുമല പള്ളിയിൽ
മാന്നാർ: പരുമല സെമിനാരി പള്ളിയിൽ ഓശാന തിരുനാള്‍ ആഘോഷിച്ചു. ശുശ്രൂഷകള്‍ക്ക് മലങ്കര ഓര്‍ത്തഡോക്സ് സഭാ തുമ്പമണ്‍ ഭദ്രാസനാധിപന്‍ ഡോ. ഏബ്രഹാം മാര്‍ സെറാഫിം പ്രധാന കാര്‍മികത്വം വഹിച്ചു. പരുമല സെമിനാരി മാനേജര്‍ ഫാ. എല്‍ദോസ് ഏലിയാസ്, അസി. മാനേജര്‍ ഫാ.ജെ. മാത്തുക്കുട്ടി എന്നിവര്‍ സഹകാര്‍മികരായിരുന്നു.
പുന്നമൂട് കത്തീഡ്രലിൽ
പുന്നമൂട്: സെന്റ് മേരീസ് കത്തീഡ്രലിൽ നടന്ന ഓശാന ഞായർ ശുശ്രൂഷയ്ക്കും കുരുത്തോല പ്രദക്ഷിണത്തിനും മാവേലിക്കര ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ് നേതൃത്വം നൽകി. ഇന്നലെ രാവിലെ ഏഴിന് കുരുത്തോല പ്രദക്ഷിണം, ഓശാന ശുശ്രൂഷ, വിശുദ്ധ കുർബാന, ദൽമീനോ ശുശ്രൂഷ എന്നിവ നടന്നു. ഇന്നുമുതൽ 16 വരെ രാവിലെ 6.30ന് കുർബാന, വൈകിട്ട് ആറിന് ധ്യാനം, പെസഹ ദിനത്തിൽ കാൽകഴുകൽ ശുശ്രൂഷ, 18ന് രാവിലെ എട്ടിന് ദുഃഖവെള്ളി ശുശ്രൂഷ, 19ന് രാവിലെ ഏഴിന് വിശുദ്ധ കുർബാന, വൈകിട്ട് ഏഴിന് രാത്രി പ്രാർഥന, ഉയിർപ്പ് ശുശ്രൂഷ എന്നിവ നടക്കും.
പുന്നപ്ര മരിയ വിയാനി പള്ളിയിൽ
അമ്പലപ്പുഴ: പുന്നപ്ര സെന്റ് ജോൺ മരിയ വിയാനി പള്ളിയിൽ ഈസ്റ്റർ വിശുദ്ധവാര ചടങ്ങുകൾക്കു തുടക്കം കുറിച്ചു. ഇന്നലെ രാവിലെ ആറിന് വിയാനി തീരത്തുള്ള സെന്റ് ജൂഡ് കുരിശടിയിൽ വികാരി ഫാ. ക്ലീറ്റസ് കാരക്കാട്ട് കുരുത്തോല ബെഞ്ചരിപ്പു നടത്തി. തുടർന്നു നടന്ന ഓശാന പ്രദക്ഷിണത്തിൽ നൂറുകണക്കിനു വിശ്വാസികൾ പങ്കുചേർന്നു. ഇന്ന് രാവിലെ 7.30 മുതൽ നാളെ വൈകിട്ട് 5.30 വരെ ദിവ്യകാരുണ്യ ആരാധനയും കുമ്പസാരവും നടക്കും.
പെസഹാ വ്യാഴമായ 17ന് വൈകിട്ട് അഞ്ചിന് തിരുവത്താഴ പൂജയും കാൽകഴുകൽ ചടങ്ങും നടക്കും. ദുഖവെള്ളി ദിനമായ 18ന് വിയാനി പള്ളി അങ്കണത്തിൽ നിന്നാരംഭിക്കുന്ന കുരിശിന്റെ വഴിക്ക് ഫാ. രാജേഷ് പൊള്ളയിൽ വചനസന്ദേശം നൽകും. തുടർന്നു നഗരി കാണിക്കൽ. വലിയ ശനിയാഴ്ചയായ 19ന് രാത്രി 9.30 മുതൽ ഈസ്റ്റർ ദിവ്യബലിയും ഉയിർപ്പും നടക്കും. ഇസ്റ്റർ ദിനമായ ഞായറാഴ്ച ഏഴിന് ദിവ്യബലി.