ചാരുംമൂട് ജംഗ്ഷനിൽ പൊതുശുചിമുറികളില്ല, ലക്ഷങ്ങൾ പൊടിച്ച ഇ-ടോയ്ലറ്റ് പ്രവർത്തനരഹിതം
1541544
Friday, April 11, 2025 12:01 AM IST
ചാരുംമൂട്: കായംകുളം -പുനലൂർ കെപി റോഡും കൊല്ലം-തേനി ദേശീയപാതയും സംഗമിക്കുന്ന തിരക്കേറിയ ചാരുംമൂട് ജംഗ്ഷനിൽ പൊതുശുചിമുറികൾ ഇല്ലാത്തതിനാൽ യാത്രക്കാർ ദുരിതത്തിൽ. വിവിധ സ്ഥലങ്ങളിൽനിന്നു നൂറുകണക്കിന് യാത്രക്കാരാണ് ദിനംപ്രതി ജംഗ്ഷനിൽ വന്നുപോകുന്നത്. ഇതിൽ കൂടുതലും സ്ത്രീകളാണ്. പ്രാഥമിക ആവശ്യം നിറവേറ്റാൻ സംവിധാനം ഏർപ്പെടുത്താത്തതിനാൽ സ്ത്രീകൾ ഉൾപ്പെടെ വലയുകയാണ്. നിലവിൽ പലരും നിർവാഹമില്ലാതെ വരുമ്പോൾ ചാരുംമൂട് ജംഗ്ഷനിലുള്ള ഹോട്ടലുകളിലെ ശുചിമുറികളെ ആശ്രയിക്കുകയാണ്.
ഇ- ടോയ്ലറ്റുണ്ട് പക്ഷേ, ജനങ്ങൾക്ക് പ്രയോജനമില്ലെന്ന് മാത്രം. ലക്ഷങ്ങൾ മുടക്കി നിർമിച്ച ഇത് പ്രവർത്തനരഹിതമായിട്ട് വർഷങ്ങളായി. ഇപ്പോൾ വെറും കാഴ്ചവസ്തുവായി മാറി. ചാരുംമൂട് ജംഗ്ഷന് വടക്ക് ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു സമീപം സ്ഥാപിച്ച ഇ-ടോയ്ലറ്റാണ് വർഷങ്ങളായി ഉപയോഗശൂന്യമായി കിടക്കുന്നത്.
ചുനക്കര പഞ്ചായത്തിന്റെ 2012-13 ലെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ചു ലക്ഷം രൂപ ചെലവഴിച്ചാണ് ഇവിടെ ഇ-ടോയ്ലറ്റ് സ്ഥാപിച്ചത്. കെൽട്രോണിനായിരുന്നു നിർമാണ ചുമതല. എന്നാൽ, നിർമാണം പൂർത്തിയാക്കി വർഷങ്ങൾ കഴിഞ്ഞിട്ടും ഇത് പൊതുജനങ്ങൾക്ക് ഉപകാരപ്രദമാക്കാനുള്ള നടപടികൾ സ്വീകരിക്കാൻ അധികൃതർ തയാറായില്ല.