ഭക്തിസാന്ദ്രമായി മഞ്ഞൾ നീരാട്ട്
1539003
Wednesday, April 2, 2025 11:48 PM IST
മാന്നാർ: വിശ്വാസനിറവിൽ മഞ്ഞൾ നീരാടി ഭക്തർ സായുജ്യരായി. മാന്നാര്‍ കുരട്ടിശേരി കണ്ണങ്കാവില്‍ മുത്താരമ്മന്‍ ദേവീക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തിനു സമാപനം കുറിച്ചു നടന്ന മഞ്ഞൾ നീരാട്ട് ഭക്തി സാന്ദ്രമായി. 41 ദിവസത്തെ കഠിനവ്രതത്തിനുശേഷം 12 പിണിയാളുകൾ വലുതും ചെറുതുമായ ഒൻപത് വാർപ്പുകളിൽ തിളച്ചുമറിയുന്ന മഞ്ഞൾ തീർഥത്തിൽ കമുകിൻ പൂക്കുലകൾ മുക്കി ദേഹമാകെ തളിച്ചാണ് മഞ്ഞൾ നീരാട്ടിൽ പങ്കെടുത്തത്.
സർവൈശ്വര്യം, ഉദ്ദിഷ്ട കാര്യസിദ്ധി, സന്താന സൗഭാഗ്യം, മാറാരോഗങ്ങൾ വരാതിരിക്കാനും മുന്താരമ്മൻ ദേവിയുടെ പ്രീതിക്കും വേണ്ടിയാണ് ഇവിടെ മഞ്ഞൾ നീരാട്ട് നടത്തുന്നത്. ഈ മഞ്ഞൾ തീർഥം അന്തരീക്ഷത്തിൽ വ്യാപിച്ച് അതിന്റെ സുഗന്ധം ഭക്തരിലുമെത്തി ഐശ്വര്യം വരുമെന്നാണ് വിശ്വാസം.
ക്ഷേത്രം തന്ത്രി പറമ്പൂരില്ലത്ത് നീലകണ്ഠന് നാരായണന് ഭട്ടതിരിപ്പാടും മേല്‍ശാന്തി അനന്തന് നമ്പൂതിരിയും ക്ഷേത്ര ആചാര്യന് പളനി ആചാരിയും മുഖ്യകാര്‍മികത്വം വഹിച്ചു.
പ്രസിഡന്റ് ടി.സി. ഹരികുമാർ, സെക്രട്ടറി പ്രദീപ് കുമാർ എം. ആചാരി, ട്രഷറർ റ്റി.പി. ഗണേശൻ തുടങ്ങിയവർ നേതൃത്വം നൽകി.