പൊതു ഇടത്തിലെ മാലിന്യം: ജനം ദുരിതത്തിൽ
1538996
Wednesday, April 2, 2025 11:48 PM IST
തുറവൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സർക്കാർ തീരുമാനത്തോട് പുറംതിരിഞ്ഞു നിൽക്കുന്നതോടെ പൊതുഇടങ്ങളിലെ മാലിന്യം നാട്ടുകാർക്ക് ശല്യമായി. പൊതുഇടങ്ങളിലെ മാലിന്യം സംസ്കരിക്കുമെന്ന സർക്കാരി പ്രഖ്യാപനം പാഴ്വാക്കായി മാറിയിരിക്കുന്നു. ദേശീയ-സംസ്ഥാന പാതയോരത്തും മറ്റു റോഡുകളുടെ വശങ്ങളിലും ടൺകണക്കിന് മാലിന്യങ്ങളാണ് കെട്ടിക്കിടക്കുന്നത്. പൊതുസ്ഥലങ്ങളിലെ മുഴുവൻ മാലിന്യങ്ങളും നീക്കം ചെയ്തു പൊതുഇടം വൃത്തിയാക്കുമെന്നാണ് സർക്കാർ പ്രഖ്യാപിച്ചിരുന്നത്.
എന്നാൽ, ഇതൊന്നും നടക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്. ഒട്ടുമിക്ക റോഡുകളുടെ വശങ്ങളിലും കിടക്കുന്ന മാലിന്യങ്ങൾ നീക്കം ചെയ്യുവാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇതുവരെയും തയാറായിട്ടില്ല.
സർക്കാർ പദ്ധതികളോട് പഞ്ചായത്തുകൾ സഹകരിക്കാത്തതുമൂലം മാലിന്യങ്ങൾ നീക്കം ചെയ്യാതെ പൊതുസ്ഥലങ്ങളിൽ ഇപ്പോഴും കെട്ടിക്കിടക്കുകയാണ്. ഇതുമൂലം ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നത് ജനങ്ങളാണ്. ഇറച്ചിക്കടകളിലെയും കോഴിക്കടകളിലെയും മറ്റു വ്യാപാര സ്ഥാപനങ്ങളിലെയും കാറ്ററിംഗ് സർവീസുകരുടെയും മാലിന്യങ്ങൾ പൊതു സ്ഥലങ്ങളിൽ തള്ളുന്നത് പൊതുജനങ്ങളാണ് സഹിക്കേണ്ടിവരുന്നത്. പ്രധാനപ്പെട്ട സ്ഥലങ്ങളിൽ കാമറകൾ സ്ഥാപിച്ചും ജാഗ്രതാസമിതികൾ രൂപീകരിച്ചും പൊതു ഇടങ്ങളിൽ മാലിന്യം തള്ളുന്നത് നിയന്ത്രിക്കുമെന്ന് പല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇവയൊന്നും നടക്കുന്നില്ല.
തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ ഹരിതകർമസേന വഴി വീടുകളിൽനിന്ന് മാലിന്യങ്ങൾ സംഭരിക്കുന്നതിന്റെ പേരിൽ പണപ്പിരിവ് നടത്തുന്നതല്ലാതെ മാലിന്യം നീക്കം ചെയ്യാൻ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. ഹരിത കർമ സേന പേരിന് മാലിന്യം സംഭരിച്ച് പലസ്ഥലങ്ങളിലും കൂട്ടിവയ്ക്കുന്നതല്ലാതെ പൊതുവായ മാലിന്യം നീക്കം ചെയ്യാൻ തയാറാകുന്നില്ല. ഇതുമൂലം ടൺകണക്കിന് മാലിന്യങ്ങളാണ് റോഡുകളിലും പൊതുതോടുകളിലും കെട്ടിക്കിടക്കുന്നത്. അടിയന്തരമായി പൊതുഇടങ്ങളിലെ മാലിന്യങ്ങൾ നീക്കം ചെയ്യുവാനുള്ള കർശനമായ നടപടി സ്വീകരിക്കണമെന്നം വീണ്ടും മാലിന്യങ്ങൾ തള്ളാതിരിക്കുവാനുള്ള നടപടി സ്വീകരിക്കണമെന്നുമാണ് ആവശ്യം ശക്തമാകുന്നത്.