സൂക്ഷിക്കാന്‍ ഏല്പിച്ച വയോധികയുടെ 80 പവന് സ്വര്‍ണം തിരികെ കൊടുത്തില്ല; സഹോദരിക്കും മകള്‍ക്കുമെതിരേ കേസ്
1538998
Wednesday, April 2, 2025 11:48 PM IST
പത്തനംതിട്ട: സൂക്ഷിക്കാന്‍ ഏല്പിച്ച വയോധികയുടെ 80 പവന് സ്വര്‍ണം തിരികെ കൊടുക്കാത്ത സംഭവത്തില്‍ സഹോദരിക്കും മകള്‍ക്കുമെതിരേ കേസെടുത്ത് പോലീസ്.
വള്ളിക്കോട് ഈസ്റ്റ് വാഴമുട്ടം എടത്തറ പുത്തന്‍വീട്ടില്‍ റോസമ്മ ദേവസ്യ(73)യുടെ മൊഴി പ്രകാരം വള്ളിക്കോട് വാഴമുട്ടം ഈസ്റ്റ് എടത്തറ പുത്തന്‍വീട്ടില്‍ സാറാമ്മ മത്തായി, മകള്‍ സിബി മത്തായി എന്നിവരെ ഒന്നും രണ്ടും പ്രതികളാക്കിയാണ് വിശ്വാസവഞ്ചനയ്ക്ക് കേസ് രജിസ്റ്റര്‍ ചെയ്തത്. റോസമ്മ ദുബായില്‍ ജോലി ചെയ്യുന്ന ഏകമകളുടെ അടുത്തേക്ക് പോയപ്പോള്‍ വീട്ടിലിരുന്ന 80 പവന്റെ സ്വര്‍ണാഭരണങ്ങള്‍, തിരികെ വരുമ്പോള്‍ വാങ്ങിക്കൊള്ളാമെന്നുപറഞ്ഞു സഹോദരി സാറാമ്മ മത്തായിയെ ഏല്പിക്കുകയായിരുന്നു.
കഴിഞ്ഞവര്‍ഷം നവംബര്‍ 21നായിരുന്നു സംഭവം. നാട്ടിൽ തിരികെയെത്തിയ ശേഷം ഇവര്‍ കഴിഞ്ഞ ജനുവരി 20ന് സ്വർണം തിരികെ ചോദിച്ചപ്പോള്‍ മകള്‍ സിബി കൊണ്ടുപോയി എന്നു സാറാമ്മ അറിയിച്ചു. പലതവണ ആവശ്യപ്പെട്ടിട്ടും സ്വര്‍ണം ലഭിക്കാതെ വന്നപ്പോള്‍ റോസമ്മ പത്തനംതിട്ട പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
പോലീസ് ഇരുകൂട്ടരെയും വിളിച്ച് സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍, സിബി എട്ടു പവന് സ്വര്‍ണം തിരികെ നൽകി. ബാക്കിയുള്ള 72 പവന് റോസമ്മയുടെ അറിവോ സമ്മതമോ ഇല്ലാതെ പത്തനംതിട്ടയിലെ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിലും കുമ്പഴയിലെ ഒരു ബാങ്കിലും പണയം വച്ചതായി ഇവര്‍ വ്യക്തമാക്കി.
സിബിയുടെയും മകന്റെയും പേരിലാണ് പണയം വച്ചിരിക്കുന്നത്. റോസമ്മയുടെ ഭര്‍ത്താവ് 27 വര്‍ഷം മുമ്പ് മരണപ്പെട്ടു. മകള്‍ കുടുംബമായി വിദേശത്താണുള്ളത്. പത്തനംതിട്ട പോലീസ് ഇന്‍സ്പെക്ടര്‍ ആർ.വി. അരുണ്‍ കുമാറിന്റെ മേല്‍നോട്ടത്തില്‍ എസ്ഐ ബി. കൃഷ്ണകുമാറാണ് കേസെടുത്ത് അന്വേഷണം നടക്കുന്നത്.
മാർച്ച് അവസാനം റോസമ്മ പരാതി നൽകിയെങ്കിലും കേസെടുക്കാൻ പോലീസ് വൈകിപ്പിച്ചതായി പരാതി ഉണ്ടായി. സാന്പത്തിക വർഷാവസാനം ആയതിനാൽ കേസെടുക്കാൻ വരട്ടേയെന്ന നിലപാടാണ് പോലീസ് സ്വീകരിച്ചതെന്നും റോസമ്മ ആക്ഷേപമുന്നയിച്ചിരുന്നു.