മാവേലിക്കര താലൂക്ക് ഓഫീസ് നിർമാണം അന്തിമഘട്ടത്തിൽ
1538992
Wednesday, April 2, 2025 11:47 PM IST
ആലപ്പുഴ: മാവേലിക്കര താലൂക്ക് ഓഫീസ് പുതിയ കെട്ടിടത്തിന്റെ നിർമാണം അന്തിമഘട്ടത്തിൽ. 2023ലാണ് നഗരമധ്യത്തിലെ ബുദ്ധ ജംഗ്ഷനിൽ പുതിയ താലൂക്ക് ഓഫീസ് കെട്ടിടനിർമാണം ആരംഭിച്ചത്. മൂന്നു നിലകളിലായി 11,717ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടം റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നിർമിക്കുന്നത്. 5.20 കോടി രൂപയാണ് ചെലവ്. നിലവിൽ 90 ശതമാനം പ്രവൃത്തികളും പൂർത്തിയായിട്ടുണ്ട്. വൈദ്യുതീകരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.
മെയിൽ മുഴുവൻ പ്രവൃത്തികളും പൂർത്തിയാക്കി ഓഫീസ് പ്രവർത്തനസജ്ജമാകും. താഴത്തെ നിലയിൽ തഹസിൽദാർ, എക്സിക്യൂട്ടിവ് മജിസ്ട്രേറ്റ് എന്നിവർക്കു വേണ്ടിയുള്ള മുറികൾ, പ്രധാന ഹാൾ, ഫ്രണ്ട് ഓഫീസ്, ശുചിമുറി എന്നിവയും ഒന്നാം നിലയിൽ എൽഎ തഹസിൽദാറുടെ മുറി, റെക്കോർഡ് മുറി, ഇലക്ഷൻ വിഭാഗം, ശുചിമുറി, ഡൈനിംഗ് റൂം എന്നിവയുമാണുള്ളത്. ദുരന്തനിവാരണ സ്റ്റോർ, ആർആർ വിഭാഗം, എൽആർഎം വിഭാഗം, ട്രെയിനിംഗ് ഹാൾ, റെക്കോർഡ് മുറി തുടങ്ങിയവ രണ്ടാം നിലയിലാണ്. അഗ്നിശമന ജലസംഭരണി, വൈദ്യുതി മുറി എന്നിവയും മുൻവശത്ത് നിർമിച്ചിട്ടുണ്ട്. ലിഫ്റ്റ് സൗകര്യവും പുതിയ കെട്ടിടത്തിൽ ഒരുക്കിയിട്ടുണ്ട്.