ജൂണിയര്‍ ടോക്കിംഗ് പാര്‍ലറിനു തുടക്കം
1538995
Wednesday, April 2, 2025 11:48 PM IST
ആലപ്പുഴ: വീടുകളില്‍ ഒറ്റപ്പെട്ട് കഴിയുന്ന വയോജനങ്ങളുടെ ഏകാന്തതയും വിരസതയും അകറ്റാന്‍ ടോക്കിംഗ് പാര്‍ലറിന്റെ ഭാഗമായി വേനല്‍ അവധിക്കാലത്ത് കുട്ടികള്‍ അവരുടെ വീടുകളില്‍ എത്തി ദിനപത്രം വായിച്ച് കൊടുക്കുന്ന പദ്ധതിക്കു തുടക്കമായി.
അന്താരാഷ്ട്ര പുസ്തകദിനമാണ് വേറിട്ട പരിപാടിക്ക് തെരെഞ്ഞെടുത്തത്. വീടുകളില്‍ കുട്ടികളും മുതിര്‍ന്നവരും ആയിട്ടുള്ള ബന്ധങ്ങളുടെ ഇഴയടുപ്പം വര്‍ധിപ്പിക്കുകയും അതോടൊപ്പം തന്നെ കുട്ടികള്നിന്ന് പത്രവായനയിലൂടെ പ്രായമുള്ളവര്‍ക്ക് അറിവ് കിട്ടുന്നതോടൊപ്പം തന്നെ പ്രായമായവര്‍ കുട്ടികള്‍ക്ക് അവരുടെ അനുഭവങ്ങളും അവരുടെ അറിവുകളും പങ്കുവയ്ക്കുമ്പോള്‍ ഇത് രണ്ടു തരത്തിലുള്ള ആശയവിനിമയം സാധ്യമാകുന്നു എന്നുള്ളതാണ് പ്രത്യേകത.
പത്രപാരായണത്തില്‍ കുട്ടികള്‍ക്കു കൂടുതല്‍ താത്പര്യം ഉണ്ടാക്കനും ഈ രീതി സഹായകമാകുമെന്ന് പദ്ധതിയുടെ സൂത്രധാരനായ കൊല്ലം ഗവ. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പാള്‍ ഡോ. ബി. പദ്മകുമാര്‍ പറഞ്ഞു. കുട്ടികള്‍ അവരുടെ രക്ഷകര്‍ത്താവിനോടൊപ്പം പ്രായമുള്ളവരുടെ വീടുകളില്‍ എത്തി ഒരു മണിക്കൂര്‍ ചെലവഴിച്ച് പത്രം വായിച്ച് കൊടുക്കുകയും പ്രായമായവരുടെ അനുഭവങ്ങള്‍ കേള്‍ക്കുകയും ചെയ്യും. പിന്നീട് അവര്‍ നിര്‍ദേശിക്കുന്ന പുസ്തകം ലൈബ്രറികളില്‍നിന്ന് കണ്ടെത്തി പുസ്തകങ്ങള്‍ വായിച്ച് കേള്‍പ്പിക്കും. നാട്ടിലെ ലഹരിക്കെതിരായ കുട്ടികളുടെ പോരാട്ടം ആയിരിക്കും പ്രായമായവര്‍ക്കും കാഴ്ചപരിമിതര്‍ക്കും വായിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കും പദ്ധതി വളരെ സഹായകരമായിരിക്കും.
രണ്ടാം ഘട്ടത്തില്‍ വയോജനങ്ങളുടെ പരിചരണം കുട്ടികള്‍ക്കുകൂടി താത്പര്യമുണ്ടാക്കാനായി അതിന്റെ ശാസ്ത്രീയ വശങ്ങളെക്കുറിച്ച് കുട്ടികള്‍ക്ക് പരിശീലനം കൊടുക്കും. മുതിര്‍ന്നവര്‍ വീഴാതെ നടക്കാന്‍ എങ്ങനെയാണ് സഹായിക്കാന്‍ പറ്റുന്നത്, മരുന്നുകളും ഭക്ഷണവും കൃത്യമായി നല്കുന്ന രീതി, കിടപ്പുരോഗികളുടെ പ്രാഥമിക പരിചരണം തുടങ്ങിയവ പരിശീലനത്തില്‍ ഉള്‍പ്പെടുത്തും. പ്രധാനപ്പെട്ട ക്ലാസിക് നോവലുകള്‍, കഥ എന്നിവ ആഴ്ചയില്‍ ഒരുവട്ടം വായിച്ചുകേള്‍ക്കും.
രണ്ടാംഘട്ടം പദ്ധതി കഴിയുമ്പോള്‍ ഏറ്റവും മികവു പുലര്‍ത്തുന്ന മൂന്നു കുട്ടികളെ തെരഞ്ഞെടുത്ത് കാഷ് പ്രൈസ് സമ്മാനമായി നല്‍കും. ആലപ്പുഴലജനത്ത് വാര്‍ഡില്‍ നജീബ് മെന്‍സിലില്‍ റിട്ട. കെഎസ്ഇബി എന്‍ജിനിയര്‍ കെ. മുഹമ്മദ് ബഷീര്‍ (82), എച്ച്. ഹലീമ ബീവി (78) ഇവര്‍ തനിച്ചു താമസിക്കുന്നവീട്ടിലാണ് കുട്ടികള്‍ ആദ്യം എത്തി പത്രം വായിച്ച് കൊടുത്തത്. പിന്നീട് മുനിസിപ്പല്‍ ശാന്തിമന്ദിരത്തില്‍ എത്തിയ കുട്ടികള്‍ അവിടത്തെ അന്തേവാസികള്‍ക്ക് വായിച്ച് കൊടുക്കുകയും അവരുടെ കഥകള്‍ കേള്‍ക്കുകയും ചെയ്തു.
ബാലപാര്ലമെന്റില് സ്പീക്കറായിരുന്ന ശിവാനി ബി. നായര്‍, സ്കൂള്‍ കലോത്സവത്തില്‍ നാല് എ ഗ്രേഡ് ലഭിച്ച ദേവനന്ദന് എസ്. മേനോന്, കുട്ടികളുടെ മുന്‍ പ്രധാനമന്ത്രി അര്‍പ്പിത ആര് പിള്ള, പ്രസിഡന്‍് അനാമിക ആര്. പിള്ള, ഹിബ ഷിജാര്‍, എമിറോസ് ബ്രിട്ടോ, ആന്മേരി ബ്രിട്ടോ, അബ്ദുല്‍ ഹാദി ഷജര്‍, ജോയല്‍ ജോണ്‍ ബ്രിട്ടോ എന്നിവരാണ് പത്രം വായിച്ചു നല്‍കിയത്.
ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് നസീര്‍ പുന്നയ്ക്കല്‍, ഹെല്‍ത്ത് ഫോര്‍ ഓള്ഫൗണ്ടേഷന് ജനറല്‍ സെക്രട്ടറി കെ. നാസര്‍, എക്സീക്യൂട്ടീവ് അംഗം ശിവകുമാര്‍ ജഗ്ഗു, നാണുക്കുട്ടി എന്നിവര്‍ കുട്ടികള്‍ക്ക് മാര്‍ഗനിര്‍ദേശവുമായി കൂടെയുണ്ടായിരുന്നു.