വനിതാ ജീവനക്കാരിയെ ആക്ഷേപിച്ചതായി പരാതി
1538991
Wednesday, April 2, 2025 11:47 PM IST
മാന്നാർ: ആരോഗ്യവകുപ്പ് ജീവനക്കാരിക്കുനേരേ ഹെൽത്ത് ഇൻസ്പെക്ടർ വധഭീഷണിയും ജാതി അധിക്ഷേപവും നടത്തിയതായി പരാതി. മാന്നാർ സാമൂഹിക ആരോഗ്യകേന്ദ്രത്തിലെ ജൂണിയർ പബ്ലിക് ഹെൽത്ത് നഴ്സിന് നേരെയാണ് ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീജിത്ത് വധഭീഷണിയും ജാതിയധിക്ഷേപവും നടത്തിയതത്രേ. ഇയാൾക്കെതിരേ യുവതി മാന്നാർ പോലീസിലും ആരോഗ്യവകുപ്പ് അധികാരികൾക്കും പരാതി നൽകി.
ഇന്നലെ സാമൂഹ്യ ആരോഗ്യകേന്ദ്രത്തിൽ ജോലി ചെയ്തുവരികയായിരുന്ന തന്നെ ജോലിക്കിടയിൽ ശ്രീജിത്ത് ഫോണിൽ വിളിച്ച് ജോലി സംബന്ധമായ കാര്യങ്ങൾ സംസാരിക്കുകയും അനാവശ്യങ്ങൾ പറഞ്ഞു തുടങ്ങിയപ്പോൾ ഫോൺ കട്ട് ചെയ്യുകയും ചെയ്തു. തുടർന്ന് ജീവനക്കാരുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ കൂടി തന്നെ ജാതീയമായും വിശ്വാസപരമായും ആക്ഷേപിക്കുകയും അസഭ്യം പറയുകയും ചെയ്തു.
കൂടാതെ കൊന്നുകളയുമെന്ന് വധഭീഷണി മുഴക്കിയതായും യുവതി നൽകിയ പരാതിയിൽ പറയുന്നു. ശ്രീജിത്തിനെതിരേ മുൻപും പലതരത്തിലുള്ള പരാതികൾ അധികാരികൾക്ക് ലഭിക്കുകയും വകുപ്പ് തല നടപടികൾക്ക് വിധേയനാവുകയും ചെയ്തിട്ടുണ്ട്. മാന്നാർ പിഎച്ച് സിയിലെ ജീവനക്കാരി അധിക്ഷേപിച്ച ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീജിത്തിനെതിരേ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് നാളെ രാവിലെ 10ന് ആശുപത്രിക്കു മുമ്പിൽ പ്രതിഷേധ സമരം നടത്തുമെന്ന് മഹിളാ കോൺഗ്രസ് മാന്നാർ ബ്ലോക്ക് പ്രസിഡന്റ് രാധാമണി ശശീന്ദ്രൻ അറിയിച്ചു.