ചേരാവള്ളിയിൽ കാട്ടുപന്നിശല്യം; ജനം ഭീതിയിൽ
1539000
Wednesday, April 2, 2025 11:48 PM IST
കായംകുളം: കാട്ടുപന്നിശല്യം വർധിച്ചതോടെ കായംകുളം നഗരസഭയിലെ ചേരാവള്ളി പ്രദേശത്തെ ജനങ്ങൾ ഭീതിയിലായി. കഴിഞ്ഞദിവസം ഒരു കാട്ടുപന്നിയെ വെടിവച്ചുകൊന്നു. കഴിഞ്ഞമാസം കാട്ടുപന്നി ആക്രമണത്തിൽ നഗരസഭ കൗൺസിലർ ഉൾപ്പെടെ രണ്ടു പേർക്കു പരിക്കേറ്റിരുന്നു. അന്നും അക്രമകാരിയായ കാട്ടുപന്നിയെ വെടിവച്ചുകൊന്നിരുന്നു. രണ്ടു ദിവസം മുമ്പ് ചേരാവള്ളിയിൽ വീണ്ടും കാട്ടുപന്നിയെ നാട്ടുകാരിൽ ചിലർ കണ്ടിരുന്നു.
ചൊവ്വാഴ്ച രാവിലെയും വീടുകളുടെ പരിസരത്ത് കാട്ടുപന്നിയെ കണ്ടു. തുടർന്ന് പ്രദേശവാസികൾ തിരച്ചിൽ നടത്തി. ആളൊഴിഞ്ഞ പറമ്പിൽ കൂട്ടിയിട്ടിരുന്ന പാറക്കല്ലുകൾക്ക് ഇടയിൽ കാട്ടുപന്നികിടന്ന് ഉറങ്ങുന്നത് കണ്ടു. നഗരസഭ അധികൃതർ വനംവകുപ്പിൽ വിവരം അറിയിച്ചു. വെണ്ണിക്കുളത്തുനിന്നു ലൈസൻസുള്ള ഷൂട്ടർ സുരേഷ് എത്തി കാട്ടുപന്നിയെ വെടിവച്ചുകൊല്ലുകയായിരുന്നു.
കഴിഞ്ഞമാസം 21 നാണ് ചേരാവള്ളി ഭാഗത്ത് ആദ്യമായി കാട്ടുപന്നിയെ കണ്ടത്. ചേരാവള്ളി ഉൾപ്പെടെ നഗരത്തിന്റെ തെക്ക് കിഴക്കൻ പ്രദേശങ്ങളില്‍ കാട്ടുപന്നി പട്ടാപകൽ വ്യാപകമായി ആക്രമണം നടത്തുകയായിരുന്നു. പരിഭ്രാന്തി പരത്തിയ കാട്ടുപന്നിയെ ഒടുവില്‍ വെടിവച്ച് കൊന്നു. കാട്ടുപന്നിയുടെ ആക്രമണത്തില്‍ വീടിനു മുന്നിൽ പത്രം വായിച്ചിരിക്കുകയായിരുന്ന ചേരാവള്ളി വലിയവീട്ടില്‍ ശശികുമാറിനും (63) നഗരസഭ കൗൺസിലർ ബിജു നസറുള്ളയ്ക്കും പരിക്കേറ്റിരുന്നു.
നഗരസഭയുടെ ഇടപെടലിൽ വനം വകുപ്പിന്റെ നിര്‍ദേശ പ്രകരം വെണ്ണിക്കുളത്തുനിന്നു ലൈസന്‍സഡ് ഷൂട്ടർ സുരേഷ് എത്തി കാട്ടുപന്നിയെ വെടിവച്ച് കൊല്ലുകയായിരുന്നു. ആഴ്ചകള്‍ക്ക് മുമ്പ് കണ്ടല്ലൂരിലും കാട്ടുപന്നിയുടെ ശല്യം ഉണ്ടായ സാഹചര്യത്തില്‍ അന്നും പന്നിയെ വനപാലകര്‍ എത്തി വെടിവച്ച് കൊന്നിരുന്നു. കാട്ടുപന്നികൾ കൃഷി സ്ഥലങ്ങളിൽ ഇറങ്ങി രാത്രിയിൽ വാഴ, ചീനി, ചേമ്പ്, ചേന എന്നിവയാണ് പ്രധാനമായും നശിപ്പിക്കുന്നത്. ഇതോടൊപ്പം പച്ചക്കറികളും വ്യാപക നശിപ്പിക്കുന്നുണ്ട്. മുമ്പ് വള്ളികുന്നത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വളർത്തുപശുവിനും പരിക്കേറ്റിരുന്നു. കൊണ്ടോടിമുകൾ മുണ്ടിയാലുംവിളയിൽ പുഷ്കരന്റെ തൊഴുത്തിൽ കെട്ടിയിരുന്ന പശുവിനെയാണ് പന്നി ആക്രമിച്ചത്.
ആക്രമണത്തിൽ പശുവിന്റെ തലയ്ക്കു പരിക്കേറ്റിരുന്നു. വള്ളികുന്നം മൃഗാശുപത്രിയിലെ ഡോക്ടർ എത്തി പശുവിനു ചികിത്സ നൽകിയിരുന്നു. വള്ളികുന്നം മേഖലയിൽ കാട്ടുപന്നികൾ നാളുകളായി വിളകൾ നശിപ്പിച്ചുവരികയാണ്.